മാധ്യമ പ്രവര്‍ത്തകനുമായി കൈയാങ്കളി; ആര്‍ദ ടുറാന്‍ വിരമിച്ചു
അങ്കാറ: തുര്‍ക്കി ഫുട്‌ബോള്‍ ടീം നായകനും ബാഴ്‌സലോണ ടീമംഗവുമായ ആര്‍ദ ടുറാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാസിഡോണിയയുമായുള്ള മത്സരത്തിന് ശേഷമാണ് 30കാരനായ മധ്യനിര താരം ദേശീയ ടീമിനായി കളിക്കുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
മാസിഡോണിയയുമായുള്ള മത്സര ശേഷം വിമാനത്തില്‍ യാത്ര ചെയ്യവേ മാധ്യമ പ്രവര്‍ത്തകന്‍ ബിലാല്‍ മെസെയുമായുണ്ടായ കൈയേറ്റങ്ങള്‍ക്കും കശപിശയ്ക്കും പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മാധ്യമ പ്രവര്‍ത്തകന്റെ കഴുത്തിന് പിടിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ നിന്ന് തുര്‍ക്കി പുറത്തായതിനെ കുറിച്ച് മില്ലിയെറ്റ് പത്രത്തില്‍ ബിലാല്‍ എഴുതിയ ലേഖനമാണ് പ്രശ്‌നത്തിനാധാരം. ഈ ലേഖനത്തില്‍ ടുറാനെതിരേ കടുത്ത വിമര്‍ശനമാണ് ലേഖകന്‍ ഉന്നയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ കള്ളന്‍മാരാണെന്നും തനിക്കും കടുംബത്തിനും എതിരേ മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തിയതായും ടുറാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദേശീയ ടീമില്‍ നിന്ന് പിന്മാറുകയാണ്. ഇനി തുര്‍ക്കിക്കായി കളിക്കില്ല. ദേശീയ പതാകയേയും തുര്‍ക്കി ടീമിനേയും സ്‌നേഹിക്കുന്നു. ജീവിതത്തില്‍ ധാരാളം വിട്ടുവീഴ്ചകള്‍ ചെയ്താണ് ഇവിടെ വരെയെത്തിയത് ടുറാന്‍ കുറിച്ചു.
അതേസമയം തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷനും ദേശീയ ടീമും തമ്മിലുള്ള പ്രശ്‌നങ്ങളാണ് താരത്തിന്റെ വിരമിക്കലിലേക്ക് നയിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ യൂറോ കപ്പിന് ശേഷം താരങ്ങള്‍ക്ക് നല്‍കേണ്ട ബോണസ് നല്‍കാത്തതാണ് വിഷയങ്ങള്‍ക്ക് കാരണം. തുര്‍ക്കിക്കായി 96 മത്സരങ്ങളാണ് ടുറാന്‍ കളിച്ചത്. ഞായറാഴ്ച കൊസോവോയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള തുര്‍ക്കി ടീമില്‍ ടുറാനുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."