ശബരിമല വിഷയം ഉയര്‍ത്തുന്നത് ജനശ്രദ്ധ തരിക്കാന്‍: ഡോ. ടി.എന്‍ സീമ
പാലക്കാട്: ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ശബരിമല സമരത്തിലുടെ ബി.ജെ.പി ശ്രമമെന്ന് ഡോ. ടി.എന്‍ സീമ. പി.കെ.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജാതിത്വം തിരിച്ച് കൊണ്ടുവന്ന് ബ്രാഹ്മണമേധാവിത്വം പുനഃസ്ഥാപിക്കാനുള്ള സമരമാണിതെന്നും ടി.എന്‍ സീമ പറഞ്ഞു.
ഇന്ധനവില വര്‍ധന, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി പാവപ്പെട്ടവര്‍ നേരിടുന്ന പ്രശ്‌നങ്ങളല്ല ബി.ജെ.പി ഉയര്‍ത്തുന്നത്. ജാതിയും മതത്തിന്റെയും പേരില്‍ തമ്മിലടിപ്പിച്ച് കലാപവും ചോരച്ചാലുമുണ്ടാക്കി വോട്ടുനേടാനാണ് ബി.ജെ.പി ശ്രമം. ഓഖിയും പ്രളയവും സൃഷ്ടിച്ച ദുരന്തത്തിലൂടെയാണ് കേരളം മുന്നോട്ടുപോകുന്നത്. ഇതില്‍ നിന്നെല്ലാം ബി.ജെ.പി ശ്രദ്ധതിരിക്കുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അയിത്തമെന്നും സ്ത്രീ പുരുഷ തുല്യത ഉറപ്പാക്കണമെന്നും വ്യക്തമാക്കിയാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും കയറ്റണമെന്ന് സുപ്രിംകോടതി വിധിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഇവിടത്തെ മലയരായ ആദിവാസി വിഭാഗം പറയുന്നത് ശബരിമല ക്ഷേത്രം സംരക്ഷിച്ച് പോന്നിരുന്നത് അവരെന്നാണ്. പിന്നീടെങ്ങനെ ബ്രാഹ്മണരുടെ കൈയിലേക്ക് എത്തിയതെന്ന് പരിശോധിക്കേണ്ടതാണ്. 1991ന് മുന്‍പ് ഇവിടെ എല്ലാ സ്ത്രീകള്‍ക്കും കയറാമായിരുന്നു. ഇത് തെളിയിക്കുന്നത് ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റമുണ്ടായിരുന്നുവെന്നാണ്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ശബ്ദം ഒന്നാണ്. ആചാരവും വിശ്വാസവുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കോടതിയും നിയമങ്ങളുമല്ലെന്നുമാണ് ഇവര്‍ പറയുന്നു.
ഒറീസയിലും ബീഹാറിലും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ ക്രൂരമായ അക്രമങ്ങളാണ് നടന്നത്. ബീഹാറില്‍ മുസഫര്‍പൂരില്‍ മഹാദലിത് വിഭാഗത്തിലെ സ്ത്രിയെയാണ് ജന്മിയുടെ ഗുണ്ടകള്‍ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രാഥമികകൃത്യം നിര്‍ഹവിക്കാന്‍ പോകുമ്പോഴാണ് യു.പിയിലെ ഗ്രാമങ്ങളില്‍ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയതെന്നും ടി.എന്‍ സീമ പറഞ്ഞു.
ഡി.എസ്.എം.എം സംസ്ഥാന കമ്മിറ്റിയംഗം കെ. ശാന്തകുമാരി അധ്യക്ഷയായി. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍, മഹിള അസോ. കേന്ദ്ര കമ്മിറ്റിയംഗം കെ.എസ് സലീഖ, പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. അജയകുമാര്‍, ഡി.എസ്.എം.എം സംസ്ഥാന ട്രഷറര്‍ വണ്ടിത്തടം മധു, പി.കെ.എസ് ജില്ലാ പ്രസിഡന്റ് ടി.പി കുഞ്ഞുണ്ണി, സെക്രട്ടറി വി. പൊന്നുകുട്ടന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.എസ് സംസ്ഥാന കമ്മിറ്റിയംഗം ഉഷ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം കാര്‍ത്ത്യായനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."