യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തി നഗരമധ്യത്തില്‍ ഡിവൈഡറുകള്‍
മണ്ണാര്‍ക്കാട്: യാത്രക്കാര്‍ക്ക് ഭീഷണിയാകുകയാണ് നഗരമധ്യത്തില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി കോടതിപ്പടിയില്‍ സ്ഥാപിച്ച ഡിവൈഡറുകളാണ് ജനങ്ങള്‍ക്ക് യാത്ര ദുഷ്‌കരമാക്കുന്നത്. നിലവില്‍ കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുസഹമായിടത്താണ് ഡിവൈഡറുകളുടെ രൂപത്തില്‍ അപകടം പതിയിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് മണ്ണാര്‍ക്കാട് സി.ഐ ആയിരുന്ന ഹിദായത്തുള്ള മാമ്പ്രയുടെ നേതൃത്വത്തിലാണ് ഗതാഗത പരിഷ്‌കരണമെന്നോണം നഗരത്തില്‍ കോടതിപ്പടി പി.ഡബ്ല്യു.ഡി ഒഫിസ് മുതല്‍ പ്രതിഭാ സിനിമാ തിയേറ്റര്‍ വരെ ഡിവൈഡറുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇതില്‍ പലതും കോടുപാടുകള്‍ സംഭവിച്ച് ദ്രവിച്ച രൂപത്തിലാണ്. കാലുകള്‍ പൊട്ടിയും വാഹനങ്ങള്‍ തട്ടിയും പലതും റോഡിലേക്ക് തള്ളിനില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍. ഇതിനിടയിലൂടെ ഇരുചക്ര വാഹനങ്ങള്‍ നിയമം ലംഘിച്ച് കടന്നു പോവുന്നതും അപകടം വിളിച്ചുവരുത്തുന്നുണ്ട്. എന്നാല്‍ ചില സാമൂഹ്യ വിരുദ്ധര്‍ ഇരുട്ടിന്റെ മറപറ്റി ഡിവൈഡറുകള്‍ നശിപ്പിക്കുന്നതായും പരാതിയുണ്ട്.
ഏറെ അപകട സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും കോടുപാട് സംഭവിച്ച ഡിവൈഡറുകള്‍ നന്നാക്കി പുനസ്ഥാപിക്കാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ അധികാരികള്‍ തയ്യാറാവുന്നില്ല. പലതിലും കയറുകള്‍ കൂട്ടികെട്ടി കടമ തീര്‍ത്തിരിക്കുകയാണ് ട്രാഫിക് പൊലിസ്. ഇത് രാത്രി കാലങ്ങളില്‍ വേഗത്തില്‍ വരുന്ന വാഹനങ്ങളുടെ ശ്രദ്ധയില്‍പെടാത്തതും അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്. വേണ്ട നടപടികള്‍ അധികൃതര്‍ കൈകൊണ്ടില്ലെങ്കില്‍ കൂടുതല്‍ അപകടത്തിനായിരിക്കും നഗരം സാക്ഷിയാകേണ്ടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."