HOME
DETAILS

കശാപ്പ് നിയന്ത്രണം: മുഖ്യമന്ത്രിയുടെ പ്രമേയത്തിന്റെ പൂര്‍ണരൂപം

  
backup
June 08 2017 | 05:06 AM

%e0%b4%95%e0%b4%b6%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d

തിരുവനന്തപുരം: മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ എന്ന പേരില്‍ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടനാവിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നതും നിലവിലുള്ള നിയമത്തിന് വിരുദ്ധവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗോവധ നിരോധനമെന്ന രഹസ്യ രാഷ്ട്രീയ അജണ്ടയാണ് ഇതിനു പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കന്നുകാലി കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മൂലം ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന്റെ പൂര്‍ണരൂപം

 

കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനെന്ന പേരിലാണ് 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ട് മെയ് 23ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

എന്നാല്‍, ഫലത്തില്‍ കന്നുകാലികളുടെ കശാപ്പ് പൂര്‍ണമായും നിരോധിക്കുന്ന നിലയാണ് ഈ വിജ്ഞാപനംമൂലം ഉണ്ടായിട്ടുള്ളത്. രാജ്യത്താകെയും കേരളത്തിലും തൊഴില്‍, വ്യാപാര, ഭക്ഷ്യസുരക്ഷാ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഈ വിജ്ഞാപനംമൂലം ഉണ്ടാകും. പോഷകാഹാര കുറവുമൂലമുള്ള ആരോഗ്യപ്രതിസന്ധിക്ക് ഇതു വഴിവെക്കും. സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങളിലേക്ക് കേന്ദ്രം കടന്നുകയറുന്ന നിലയും ഈ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഉണ്ടാകും.

ഈ സാഹചര്യത്തിലാണ് നിയമസഭ ചേര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും പൊതു അഭിപ്രായം രൂപീകരിച്ച് മുമ്പോട്ടുപോകണമെന്നും നിശ്ചയിച്ചത്.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ മറവില്‍ പൗരന്റെ തൊഴില്‍വ്യാപാരആഹാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഹനിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഒരുവശത്ത് ഇത് ചെയ്യുമ്പോള്‍ തന്നെ മറുവശത്ത് ഈ മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ പട്ടിണിയിലാകും.

കന്നുകാലികളെ കൃഷി ആവശ്യത്തിനല്ലാതെ വില്‍ക്കരുത്, അറവുശാലകള്‍ക്ക് വില്‍ക്കരുത്, പ്രായമാകാത്തവയെ ചന്തയില്‍ കൊണ്ടുവരരുത് എന്നീ വ്യവസ്ഥകള്‍ വിജ്ഞാപനത്തിലുണ്ട്. കന്നുകാലികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണം എന്നതടക്കമുള്ള അസംബന്ധജടിലവും അപ്രായോഗികവുമായ നിരവധി വ്യവസ്ഥകള്‍ ചട്ടത്തിലുണ്ട്. അവ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകും.

കേന്ദ്ര വിജ്ഞാപനം കേരളത്തിലെ മാംസോല്‍പ്പാദന മേഖലയെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കും. 95 ശതമാനം ജനങ്ങളും മാംസം കഴിക്കുന്ന കേരളത്തില്‍ പുതിയ ചട്ടങ്ങള്‍ തികച്ചും അപ്രായോഗികമാണ്, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു നേരെയുളള കയ്യേറ്റമാണിത്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഉരുക്കളുടെ എണ്ണത്തില്‍ ഇതിനകം തന്നെ ഗണ്യമായ കുറവുവന്നിട്ടുണ്ട്. ഇതിന്റെ അടുത്ത ഘട്ടം പാലുല്‍പ്പാദനം കുറയലും പാല്‍ വില കൂടലുമാണ്. പോഷകാഹാര കുറവുമൂലം രോഗങ്ങള്‍ പടരുകയെന്നതാവും അടുത്ത ഘട്ടം. കന്നുകാലി പരിപാലനം ലാഭകരമല്ല എന്നു വരുന്നതോടെ ആ മേഖലയെ തന്നെ ഉപേക്ഷിച്ച് തൊഴിലില്ലായ്മയിലേക്ക് നിപതിക്കുന്ന അവസ്ഥയും ഇതിനിടെയുണ്ടാകും.

പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. പാല്‍ ഉല്‍പ്പാദനം കൂട്ടാന്‍ ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കു വേണ്ടി കറവപ്പശുക്കള്‍, കന്നുകുട്ടികള്‍ എന്നിവയെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കാലിച്ചന്തകള്‍ മുഖേനയാണ് കൊണ്ടുവരുന്നത്. പുതിയ നിയന്ത്രണങ്ങള്‍ അതിന് തടസ്സമാണ്. പാല്‍ ഉല്‍പ്പാദനം കൂട്ടുന്ന കാര്യമിരിക്കട്ടെ. ഈ രംഗത്ത് ഇപ്പോള്‍ നാം നേടിയ 15 ശതമാനം വര്‍ധന നിലനിര്‍ത്താന്‍ പോലും പറ്റാത്ത സാഹചര്യമാണ് വന്നുചേര്‍ന്നിട്ടുള്ളത്.

കറവ വറ്റിയവയും പ്രായമേറിയവയുമായ കന്നുകാലികളെ വിറ്റഴിക്കാന്‍ കഴിയാതെ വരുന്നതോടെ നാട്ടിന്‍പുറത്തെ ക്ഷീരകര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാകും. അവര്‍ക്ക് തീറ്റിപ്പോറ്റാനാകാത്ത കന്നുകാലികള്‍ക്ക് വാര്‍ധക്യത്തില്‍ തീരാദുരിതങ്ങള്‍ സഹിച്ച് കഴിയേണ്ട ദൈന്യമാണുണ്ടാവുക. കാര്‍ഷിക വൃത്തിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത കന്നുകാലികളെയും കറവ വറ്റിയവയെും ചന്തയില്‍ വിറ്റുകിട്ടുന്ന പണം കൂടി ഉപയോഗിച്ചാണ് ക്ഷീര കര്‍ഷകര്‍ പുതിയ കന്നുകാലികളെ വാങ്ങുന്നത്. ഇനി അതിന് കഴിയില്ല. കറവ വറ്റിയ ഓരോ കന്നുകാലിയെയും പോറ്റാന്‍ വര്‍ഷം 40,000 രൂപ ചെലവാക്കേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. പ്രായംചെന്ന പശുക്കളുടെയും എരുമകളുടെയും വില്‍പ്പനയിലൂടെ കിട്ടുന്ന പണമാണ് ഡയറി ഫാമുകളുടെ വരുമാനത്തിന്റെ 40 ശതമാനവും. ഫലത്തില്‍ ഭരണഘടനയിലെ 19 (1) (ജി) അനുഛേദം ഉറപ്പുനല്‍കുന്ന തൊഴില്‍ ചെയ്യാനുള്ള മൗലികാവകാശം ലംഘിക്കപ്പെടുന്നു.

ഈ വിജ്ഞാപനം വരുന്നതിന് മുമ്പുതന്നെ അന്യസംസ്ഥാനങ്ങളില്‍നിന്ന് നിയമാനുസൃതമായി കാലികളെ കൊണ്ടുവരുന്ന കര്‍ഷകര്‍ക്കു നേരെ ഒട്ടേറെ കയ്യേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ ചട്ടങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരം കയ്യേറ്റങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത. അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

മൃഗശാലയിലെ മൃഗങ്ങള്‍ക്ക് മാട്ടിറച്ചി നിര്‍ബന്ധമാണെന്ന് പറയേണ്ടതില്ല. പല മൃഗങ്ങള്‍ക്കും മാട്ടിറച്ചി മാത്രമാണ് ആഹാരം.
പുതിയ നിയന്ത്രണങ്ങള്‍ മൃഗശാല നടത്തിപ്പ് അവതാളത്തിലാക്കും. മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്ന പേരില്‍ ചട്ടങ്ങള്‍ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ മൃഗശാലയിലെ മൃഗങ്ങളോട് വലിയ ക്രൂരതയാണ് ഫലത്തില്‍ കാണിക്കുന്നത്.

കേന്ദ്ര വിജ്ഞാപനം ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ജനങ്ങളെ ഒന്നടങ്കം ബാധിക്കുന്ന കാര്യമാണിത്. കേരളത്തില്‍ മാംസാഹാരം കഴിക്കുന്ന 95 ശതമാനത്തില്‍ അധികവും സാധാരണക്കാരും ദരിദ്രരുമാണ്. അവരെ സംബന്ധിച്ച് വല്ലപ്പോഴും കിട്ടുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരമാണ് മാട്ടിറച്ചി. മട്ടന്‍, ചിക്കന്‍ എന്നിവയെ അപേക്ഷിച്ച് വില കുറവായതുകൊണ്ടാണ്
സാധാരണക്കാര്‍ മാട്ടിറച്ചി ഉപയോഗിക്കുന്നത്. മാട്ടിറച്ചി നിരോധനം വരുമ്പോള്‍ മറ്റു മാംസാഹാരങ്ങളുടെ വില വര്‍ധിക്കും. മാത്രമല്ല, മീന്‍, പച്ചക്കറി എന്നിവയുടെ വിലയും ഉയരാനിടയുണ്ട്. മൊത്തത്തില്‍ വിലക്കയറ്റം സൃഷ്ടിക്കുകയും ജീവിതച്ചെലവ് തന്നെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന തീരുമാനമാണിത്.

ഈ നിയന്ത്രണങ്ങള്‍ കാരണം മാംസക്കയറ്റുമതി രംഗത്തുനിന്ന് ചെറുകിടക്കാര്‍ പൂര്‍ണമായും ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകും. മാട്ടിറച്ചി കയറ്റുമതി കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 35ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. അത് മുന്നില്‍കണ്ട് ആ മേഖല കയ്യടക്കാനുള്ള കുത്തകകളുടെ കുതന്ത്രവും ഈ വിജ്ഞാപനത്തിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ കര്‍ഷകന് കന്നുകാലിയെയും കൊണ്ട് ചന്തയിലേക്കു പോകാന്‍ പോലും പറ്റില്ല. എന്നാല്‍,വന്‍ കോട്ടകള്‍ക്കുള്ളിലായി ആനിമല്‍ ഫാമും സ്‌ളോട്ടര്‍ ഹൗസും പ്രോസസിങ് യൂണിറ്റും ഏര്‍പ്പെടുത്തി മാംസം കയറ്റുമതി ചെയ്യുന്ന ഈ രംഗത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാകട്ടെ ഈ വിജ്ഞാപനം ഏതെങ്കിലും തരത്തില്‍ അലോസരമുണ്ടാക്കുന്നില്ല. മൃഗങ്ങളുടെ തോലാണ് തുകല്‍ വ്യവസായത്തിന്റെ മുഖ്യ അസംസ്‌കൃത വസ്തു. ഇന്ത്യയിലെ തുകല്‍ വ്യവസായത്തില്‍ 25 ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. അധികവും ദളിതര്‍. ഈ വ്യവസായ മേഖല തകരുമ്പോള്‍
ഇതില്‍ പണിയെടുക്കുന്നവര്‍ പെരുവഴിയിലാകും. ചുരുക്കത്തില്‍, കര്‍ഷകരെയും മാട് കച്ചവടക്കാരെയും തൊഴിലാളികളെയും ദളിതരെയും കടുത്ത വൈഷമ്യങ്ങളിലേക്കു തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിട്ടുള്ളത്.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടനാവിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നതും നിലവിലുള്ള നിയമത്തിന് വിരുദ്ധവുമാണ്. ഗോവധ നിരോധനമെന്ന രഹസ്യ രാഷ്ട്രീയ അജണ്ടയാണ് ഇതിനു പിന്നിലുള്ളത്.

ഇന്ത്യന്‍ ഭരണഘടന സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും നിയമനിര്‍മാണ അധികാരങ്ങള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുളള കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരമില്ല. അത്തരം കാര്യങ്ങളില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്രത്തിനും അധികാരമില്ല. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ സംസ്ഥാന ലിസ്റ്റില്‍ പതിനഞ്ചാമതായാണ് മൃഗസംരക്ഷണവും പരിപാലനവും വരുന്നത്. അതിനെക്കുറിച്ച് നിയമം നിര്‍മിക്കാനോ ഉത്തരവ് ഇറക്കാനോ കേന്ദ്രത്തിന് അധികാരമില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ല. അതുകൊണ്ടുതന്നെ ഈ വിജ്ഞാപനം സംസ്ഥാനങ്ങളുടെ അധികാരത്തിേ?ലുള്ള കടന്നുകയറ്റമാണ്; ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്.

ചട്ടം നിര്‍മിക്കുമ്പോള്‍ പ്രധാനപ്പെട്ട മൂന്ന് വ്യവസ്ഥകള്‍ പാലിക്കണം.

ഒന്ന്: ചട്ടങ്ങള്‍ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടുന്നതിനായിരിക്കണം. രണ്ട്: നിയമത്തില്‍ ഡലിഗേറ്റ് ചെയ്തിട്ടുള്ള കാര്യങ്ങളെപ്പറ്റി നിയമത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്ന് ചട്ടങ്ങളുണ്ടാക്കണം. മൂന്ന്: നിയമങ്ങള്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാവരുത്. ഈ മൂന്ന് തത്വങ്ങളുടെയും ലംഘനമാണ് പുതിയ ചട്ടങ്ങളിലുള്ളത്.

ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ബന്ധപ്പെട്ട നിയമത്തിലെ 11 (3) (ഇ) വകുപ്പ് പ്രകാരം അനുവദനീയമാണ് എന്നിരിക്കെ ഈ നിയമത്തിന്റെ ചട്ടങ്ങളില്‍ കശാപ്പിനായി മൃഗങ്ങളെ വില്‍ക്കുന്നത് തടയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാണ്.

മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്ന വിപുലമായ കാഴ്ചപ്പാടും നിര്‍വചനവുമാണ് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലുള്ളത്. അതുകൊണ്ടുതന്നെ ഏതാനും മൃഗങ്ങളെ മാത്രം തെരഞ്ഞെടുത്ത് അവയെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നത് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിേ?ലുളള കടന്നുകയറ്റമാണ് പൗരന്‍മാരുടെ ഭക്ഷണശീലങ്ങളിലുള്ള ഭരണകൂടത്തിന്റെ ഇടപെടല്‍.

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഈ വിജ്ഞാപനമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കൃഷി, വ്യവസായം, തൊഴില്‍ തുടങ്ങി എല്ലാ മേഖലകളിലും ദയനീയമായി പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍, കന്നുകാലി കശാപ്പ് നിരോധനം പോലുള്ള വിഷയങ്ങള്‍ എടുത്തിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. നാടിന്റെ കാര്‍ഷിക, വ്യാവസായിക, തൊഴില്‍ മേഖലകളെ തകര്‍ക്കുന്നതും പൗരന്‍മാരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതും സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങളില്‍ കടന്നുകയറുന്നതുമായ ഈ വിജ്ഞാപനം ജനങ്ങളുടെ പൊതുതാല്‍പര്യം പരിഗണിച്ച് റദ്ദാക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  25 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  25 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  25 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  25 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago