ആദ്യ ഇന്ത്യന്‍ ഹജ്ജ് വിമാനം നാളെ പുറപ്പെടും
മക്ക/ ന്യൂ ഡല്‍ഹി: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഇന്ത്യയില്‍നിന്നുള്ള ആദ്യസംഘം നാളെ പുറപ്പെടും. ഡല്‍ഹിയില്‍നിന്നാണ് ആദ്യ ഇന്ത്യന്‍ സംഘം പുണ്യഭൂമിയിലെത്തുക. എയര്‍ ഇന്ത്യയുടെ 5101 നമ്പര്‍ വിമാനത്തില്‍ നാളെ പുലര്‍ച്ചെ 340 തീര്‍ഥാടകര്‍ മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങും. ഇന്ത്യന്‍ അംബാസഡര്‍, കോണ്‍സല്‍ ജനറല്‍, മുഅസ്സസ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യസംഘത്തെ സ്വീകരിക്കും. മര്കസിസയില് മസ്ജിദുന്നബവിക്ക് സമീപം അല്‍ മുക്താര്‍ ഇന്റര്‍നാഷനല്‍ ബില്‍ഡിങ്ങിലാണ് ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്. ഇതേദിവസം പല വിമാനങ്ങളിലായി 2110 തീര്‍ഥാടകര്‍ മദീനയിലെത്തും. കേരളത്തില്‍നിന്നുള്ള ആദ്യ സംഘം 22 നാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക.
എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, സഊദി അറേബ്യയുടെ സഊദി എയര്‍ലൈന്‍സ്, നാസ് എയര്‍ എന്നീ വിമാനങ്ങളാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കായി സര്‍വിസ് നടത്തുന്നത്. ഡല്‍ഹി ഉള്‍പ്പെടെ എഴ് എംബാര്‍ക്കേഷന്‍ പോയന്റുകളില്നിന്നുള്ള വിമാനങ്ങളാണ് ആദ്യദിനം മദീനയിലെത്തുക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് 136,020 ഹാജിമാരാണ് വിശുദ്ധ ഭൂമിയിലേക്കെത്തുക. 100,020 പേര് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന സര്‍ക്കാര്‍ ക്വാട്ടയിലും ബാക്കിയുള്ള 36,000 ഹാജിമാര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേനയുമാണ് ഹജ്ജിനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."