അഗതിമന്ദിരത്തിലെ വിദ്യാര്‍ഥിനികളുടെ മരണത്തില്‍ ദുരൂഹത: ആത്മഹത്യയെന്ന് പൊലിസ്
കൊല്ലം: അഞ്ചാലുമ്മൂട് ഇഞ്ചിവിളയില്‍ സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്ലസ്ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്.
കരുനാഗപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനി, കിളികൊല്ലൂര്‍ സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനി എന്നിവരെയാണ് ഇന്നു പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിലെ ഒന്നാം നിലയിലേയ്ക്കുള്ള പടിക്കെട്ടിലെ കമ്പിയില്‍ ഷോള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. രാവിലെ അന്തേവാസികളായ കുട്ടികളാണ് മൃതദേഹം കണ്ടത്. ജില്ലാ കലക്ടര്‍ ടി മിത്രയുടെ സാന്നിധ്യത്തിലായിരുന്നു പൊലിസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്.
വിവരമറിഞ്ഞയുടന്‍തന്നെ സിറ്റി പൊലിസ് കമ്മിഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിനി കഴിഞ്ഞ ജനുവരിയിലും, പത്താംക്ലാസ് വിദ്യാര്‍ഥിനി ഒരു മാസം മുന്‍പുമാണ് അഗതിമന്ദിരത്തില്‍ എത്തിയത്.
പെണ്‍കുട്ടികളുടെ ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന ഡയറികുറിപ്പുകള്‍ പൊലിസിന് ലഭിച്ചു. വീട്ടില്‍ പോകാന്‍ കഴിയാത്തതിന്റെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ഡയറിക്കുറിപ്പുകളില്‍ സൂചനയുണ്ട്. പ്ലസ്ടു വിദ്യാര്‍ഥിനി പ്ലസ്‌വണ്ണില്‍ അഞ്ച് വിഷയങ്ങളില്‍ തോറ്റിരുന്നു. അതിനു ശേഷം ഈ കുട്ടിയും മാനസിക വിഷമത്തിലായിരുന്നെന്നും മറ്റ് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
രണ്ട് കുട്ടികളും അടുത്ത ബന്ധുക്കളില്‍ നിന്നും പീഡനത്തിന് ഇരയായതിനാലാണ് അഗതിമന്ദിരത്തിലെത്തിപ്പെട്ടത്. സ്ഥാപനത്തിലെ സൂപ്രണ്ട് കഴിഞ്ഞ നാലു ദിവസമായി അവധിയിലായിരുന്നു. അതേസമയം, കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമല്ലാത്തതാണ് മരണത്തിന് കാരണമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍, സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ആവശ്യമുയരുന്നുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍കോടി, കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."