മലയാളി യുവാവിനെ സഊദിയില്‍ തട്ടിക്കൊണ്ടുപോയ സംഭവം; ഏഴുപേര്‍ പിടിയില്‍
ജിദ്ദ: കൊച്ചി സ്വദേശിയായ മലയാളി യുവാവിനെ സഊദിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികളെ പിടികൂടി. ഓഗസ്റ്റ് എട്ടിന് റിയാദിലെ സനഇയ്യയില്‍ നിന്നും ജോലി കഴിഞ്ഞു പുറത്തിറങ്ങിയ കൊച്ചി സ്വദേശി സനലിനെ രണ്ടു വാഹനങ്ങളിലായി എത്തിയ ഏഷ്യന്‍ വംശജരായ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പത്തു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഭാര്യക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി റിയാദിലുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ടുകയായിരുന്നു. ഇദ്ദേഹം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ വിഷയം എത്തിച്ചതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ദമാമില്‍ നിന്ന് കാശുമായി ആള്‍ വരുമെന്ന് സംഘത്തിന് താത്കാലം മറുപടി നല്‍കാന്‍ സനലിന്റെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ശിഹാബ് സനലിന്റെ ഭാര്യയെ കൊണ്ട് എംബസിയിലേക്ക് പരാതി അയപ്പിക്കുകയും എംബസി പൊലിസിനു കൈമാറുകയുമായിരുന്നു. തുടര്‍ന്ന് രാത്രി 11ഓടെ പൊലിസ് അക്രമിസംഘമുള്ള ഹോട്ടല്‍ വളഞ്ഞ് പ്രതികളെ പിടികൂടി സനലിനെ മോചിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."