വിടവാങ്ങിയത് മഞ്ചേശ്വരത്തിന്റെ വികസന നായകന്‍
ഐ. മുഹമ്മദ് റഫീഖ്
കുമ്പള: അത്യുത്തര കേരളത്തിന്റെ ഭാഷാ സംഗമഭൂമിയിലെ കരുത്തുറ്റ വികസന നായകനെയാണ് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ വിയോഗത്തിലൂടെ തുളുനാടിനു നഷ്ടമായിരിക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ കന്നഡ ഭാഷയിലാണ് രണ്ടു തവണയും പി.ബി അബ്ദുല്‍ റസാഖ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഏഴര വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഒട്ടനവധി വികസന പദ്ധതികള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നടപ്പാക്കി.
മഞ്ചേശ്വരം താലൂക്ക് നേടിയെടുത്താണ് തുളുനാടിന്റെ വികസന ചരിത്രത്തില്‍ അബ്ദുല്‍ റസാഖ് നാഴിക കല്ലായത്. മത്സ്യ ബന്ധന മേഖലയില്‍ മഞ്ചേശ്വരത്ത് പുതിയ ചുവടുവെപ്പായേക്കാവുന്ന ഫിഷിങ് ഹാര്‍ബറും തുളുനാടിന്റെ വികസനത്തിനു കുതിപ്പേകുന്ന പദ്ധതിയാണ്.
പാതകള്‍ മികവുറ്റതാക്കുന്നതിനു കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ മഞ്ചേശ്വരത്തേക്കു കൊണ്ടുവന്നത്. മണ്ഡലത്തിലെ നിരവധി ഗ്രാമീണ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതോടൊപ്പം പൊതുമരാമത്ത് പാതകള്‍ മുഴുവനും ആധുനികരീതിയില്‍ വികസിപ്പിക്കുന്നതിന് ബ്രഹത്തായ പദ്ധതികളാവിഷ്‌കരിച്ചു. ഏറെ കാലം തകര്‍ന്നു കിടന്ന ഉപ്പള കന്യാന പാതയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയതും നന്ദാരപ്പദവ് മലയോര ഹൈവേ യഥാര്‍ഥ്യമാക്കിയതും പാതകളുടെ വികസന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. മണ്ഡലത്തില്‍ ഇനി നവീകരിക്കാത്ത റോഡുകള്‍ പേരിനു മാത്രമേയുള്ളു. വെള്ളിവെളിച്ചം വിതറി നഗരങ്ങളിലും ഗ്രാമങ്ങളിലും നിരവധി ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാനം പിടിച്ചു. ഒരു പക്ഷേ എം.എല്‍.എയുടെ വിവിധ ഫണ്ടുകളുപയോഗിച്ച് കേരളത്തില്‍ തന്നെ ഇത്രയധികം ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചത് മഞ്ചേശ്വരത്ത് മാത്രമായിരിക്കും. വിദ്യാഭ്യാസ മേഖലകളിലും വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. മൊഗ്രാല്‍ ഗവ. ഹൈസ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുകയും മണ്ഡലത്തിന്റെ ഭൂരിഭാഗം സ്‌കൂളുകള്‍ക്ക് ബസും കെട്ടിടവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കുന്നതിലും തല്‍പ്പരനായിരുന്നു എം.എല്‍.എ.
കംപ്യൂട്ടര്‍ അനുവദിക്കാത്ത ഒരൊറ്റ സ്‌കൂള്‍ പോലും മണ്ഡലത്തിലില്ല. ആധുനിക രീതിയിലുള്ള ബസ് ഷെല്‍ട്ടറുകളും വിവിധ സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് സംവിധാനവും മഞ്ചേശ്വരത്തെ ഏറെ മുന്നിലെത്തിച്ചു. കുമ്പളയിലെ ക്ഷീര വികസന കേന്ദ്രവും വിവിധ പാലങ്ങളും കുടിവെള്ള പദ്ധതികളും വികസന ചരിത്രത്തിലെ പുതിയ ഏടുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."