അവതാര്‍ ഗ്രീസ്മാന്‍
ബാഴ്‌സലോണ: അവസാനം ഉണ്ട ചോറിന് നന്ദി കാണിച്ച് അന്റോണിയോ ഗ്രീസ്മാന്‍. ബാഴ്‌സ തട്ടകത്തിലെത്തിയ ശേഷം പ്രകടന മികവില്‍ വീര്യം ചോര്‍ന്നെന്ന വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇന്നലത്തെ മത്സരം കൊണ്ട് താരത്തിന് സാധിച്ചു.
ഇന്നലെ ലാലിഗ മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരേ 5-2ന്റെ ജയം നേടിയ ബാഴ്‌സയ്ക്കായി രണ്ടു ഗോളും ഒരു അസിസ്റ്റും താരത്തിന്റെ കാലുകളില്‍നിന്ന് പിറന്നു.
ആദ്യ മത്സരത്തില്‍ അത്‌ലറ്റികോ ബില്‍ബാവോയോട് നേരിട്ട പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് ബാഴ്‌സ സ്വന്തം തട്ടകത്തിലിറങ്ങിയത്. മെസ്സിയും സുവാരസും ഇല്ലാതെ ഇറങ്ങിയ ബാഴ്‌സയെ മുന്നില്‍നിന്ന് നയിച്ചാണ് ഫ്രഞ്ച് താരം പോറലേല്‍പ്പിക്കാതെ ടീമിനെ കരയ്‌ക്കെത്തിച്ചത്. ഒരു ഗോളിന് പിറകില്‍ പോയ ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. ടീമിന് വേണ്ടി അര്‍തുറോ വിദാല്‍, കാര്‍ലസ് പെരസ്, ജോര്‍ഡി ആല്‍ബ എന്നിവരും ലക്ഷ്യം കണ്ടു.
കളിയില്‍ എല്ലാ തരത്തിലും മികച്ച ആധിപത്യം പുലര്‍ത്തിയ ബാഴ്‌സയെ 15ാം മിനുട്ടില്‍ താരതമ്യേന ദുര്‍ബലരായ ബെറ്റിസ് ഞെട്ടിച്ചു. നെബില്‍ ഫെകിറായിരുന്നു ബാഴ്‌സ വല തുളച്ചത്.
എന്നാല്‍ 41ാം മിനുട്ടില്‍ ഗ്രീസ്മാന്‍ രക്ഷകനായി അവതരിച്ചു. മികച്ചൊരു ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അത്യുഗ്രന്‍ ഫിനിഷിലൂടെ ഗ്രീസ്മാന്‍ തന്നെ ക്ലബിന് ലീഡും നല്‍കി. മുന്നില്‍ എത്തിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബാഴ്‌സലോണ തുടരെ ഗോളുകള്‍ കണ്ടെത്തി എതിര്‍ടീമിന്റെ പോരാട്ട വീര്യം ചോര്‍ത്തി.
56ാം മിനുട്ടില്‍ കാര്‍ലസ് പെരസും, 60ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും 77ാം മിനുട്ടില്‍ അര്‍തുറോ വിദാലും എതിര്‍വല കുലുക്കിയതോടെ ബാഴ്‌സ ജയം ഉറപ്പിച്ചു. വിദാലിന്റെ ഗോളിന് അസിസ്റ്റ് ചെയ്ത് ഗ്രീസ്മാന്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടി. പിന്നീട് ബെറ്റിസിന് ഗോളടിക്കാന്‍ ഒരു പഴുതും നല്‍കാതിരുന്നതോടെ ബാഴ്‌സ 5-2ന്റെ ജയത്തോടെ കളം വിട്ടു. ജയത്തോടെ ബാഴ്‌സ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."