അത്തിപ്പൊറ്റ കെ.എം.എം.എല്‍.പി സ്കൂളിന്റെ പ്രധാന കെട്ടിടം തകര്‍ന്നു: അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായി
ആലത്തൂര്‍: അത്തിപ്പൊറ്റ കൃഷ്ണമേനോന് മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി (കെ.എം.എം.എല്‍.പി.എസ്) സ്കൂളിന്റെ പ്രധാന കെട്ടിടം ഇന്നലെ പുലര്‍ച്ചെ തകര്‍ന്നു വീണു. പൊതു അവധിദിനമായതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല. 1917 ജൂണ്‍ ഏഴിന് പ്രവര്‍ത്തനം തുടങ്ങിയ സ്കുളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് കെട്ടിടം തകര്‍ന്നത്.
പ്രീ പ്രൈമറി ക്ലാസ് ഉള്‍പ്പെടെ അഞ്ചു ക്ലാസുകളിലായി 122 വിദ്യാര്‍ഥികളും അഞ്ചു അധ്യാപകരും ഒരു അനധ്യാപക സ്റ്റാഫുമാണ് ഇവിടെ ഉളളത്. നേരത്തെ 12 ഡിവിഷനുകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് നാലു ക്ലാസുകളും സ്റ്റേജും സ്റ്റാഫ് റൂമും പ്രവര്‍ത്തിച്ചിരുന്ന പ്രധാന കെട്ടിടമാണ് ഇപ്പോള്‍ തകര്‍ന്നു വീണത്.
ശതാബ്ദിയോടനുബന്ധിച്ച് കെട്ടിടം പുതുക്കി പണിയുന്നതിന് തീരുമാനിച്ചിരുന്നതായി സ്കൂള്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കാന്‍ എസ്റ്റിമേറ്റും ആയിരുന്നു. രണ്ടാഴ്ച മുന്‍പ് കെട്ടിടത്തിന്റെ ചുമരില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികളെ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റിയിരുന്നു. സംഭവമറിഞ്ഞ് തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ് കുമാര്‍, പഞ്ചായത്തംഗം പ്രിന്‍സി രാജേഷ്, എ.ഇ.ഒ. കെ. രവി ദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ടി. വാസു, തെന്നിലാപുരം വാസുദേവന്‍, തരൂര്‍ വില്ലേജ് അസിസ്റ്റന്റ് രതീഷ് സംഭവസ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."