ഫിറ്റ്‌നസില്ലാത്ത സ്‌കൂള്‍ ബസിന്റെ കാര്‍ബറേറ്റര്‍ ചോര്‍ന്ന് കുട്ടികള്‍ക്ക് പൊള്ളലേറ്റു
തിരൂര്‍: ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ കാര്‍ബറേറ്ററില്‍ നിന്ന് ചൂടുവെള്ളം ദേഹത്ത് വീണ് രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു. ആലത്തിയൂര്‍ മലബാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ബസിന്റെ യന്ത്രത്തകരാറാണ് കുട്ടികള്‍ക്ക് പൊള്ളലേല്‍ക്കാനിടയാക്കിയത്.
ഫിറ്റ്‌നസ് ഇല്ലാതെയാണ് സ്‌കൂള്‍ ബസ് സര്‍വിസ് നടത്തിയിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായതായി തിരൂര്‍ പൊലിസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോകുംവഴിയാണ് ബസിന്റെ കാര്‍ബറേറ്ററില്‍ നിന്ന് ചോര്‍ച്ചയുണ്ടായത്. രാവിലെ 9.30ന് ശേഷം ബസ് പൂഴിംകുന്ന് മേഖലയിലെത്തിയപ്പോഴാണ് സംഭവം.
പൊള്ളലേറ്റ് കുട്ടികള്‍ നിലവിളിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാര്‍ബറേറ്റര്‍ ചോര്‍ച്ച കണ്ടെത്തിയത്. പൊള്ളലേറ്റ കുട്ടികളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
സംഭവം അറിഞ്ഞ് നാട്ടുകാരും ഏതാനും രക്ഷിതാക്കളും സ്ഥലത്ത് തടിച്ചുകൂടി ബസ് തടഞ്ഞു. പ്രശ്‌നം വഷളായതോടെ വിദ്യാര്‍ഥികളെ മറ്റൊരു വാഹനത്തില്‍ സ്‌കൂളിലെത്തിച്ചു. തുടര്‍ന്ന് പൊലിസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമെത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് സ്‌കൂള്‍ ബസിന് ഫിറ്റ്‌നസില്ലെന്ന് വ്യക്തമായത്.
ബസ് പുറത്തുനിന്ന് കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങിയാണ് ഉപയോഗിക്കുന്നതെന്ന് സ്‌കൂള്‍ മാനേജര്‍ സൈനുദ്ദീന്‍ പറഞ്ഞു. എന്നാല്‍ ബസിന്റെ യന്ത്രതകരാറോ ഫിറ്റ്‌നസില്ലായ്മയോ തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."