വിജിലന്‍സ് കുരുക്കില്‍ യു.ഡി.എഫ് മുന്‍ മന്ത്രിസഭ
തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുമാസം പിന്നിടുന്നതിനിടെ വിജിലന്‍സ് അന്വേഷണത്തില്‍ കുടുങ്ങിയത് മുന്‍മന്ത്രിസഭയിലെ ആറോളം അംഗങ്ങള്‍. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന കെ.ബാബു, പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ.എം മാണി എന്നിവര്‍ക്കെതിരേ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ ചില മുന്‍മന്ത്രിമാര്‍ നേരത്തെ തന്നെ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്. പാലക്കാട് മെഡിക്കല്‍ കോളജ് നിയമനത്തില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പട്ടികജാതി വകുപ്പ് മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിനും എതിരേ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. പാലക്കാട് ഗവ.മെഡിക്കല്‍ കോളജില്‍ നടത്തിയ നൂറിലധികം ജീവനക്കാരുടെ നിയമനം വഴിവിട്ടാണെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം.
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മുന്‍ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരിക്കുന്നത്.
ഈകേസില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തി അടുത്തമാസം പതിനെട്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നേരത്തെ സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം മുന്‍ റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരേയും കേസെടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട സംഘത്തിന് നികത്താന്‍ അനുവദിച്ചുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചിരുന്നു. കേസില്‍ സര്‍ക്കാരിന് നഷ്ടമില്ലെങ്കിലും അഴിമതി നടത്താന്‍ ശ്രമം നടന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ കെ.ബാബു എക്‌സൈസ് മന്ത്രിയായിരിക്കേ വ്യാപക ക്രമക്കേടും അഴിമതിയും നടന്നുവെന്ന ബാറുടമകളുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ ബാബുവിനെതിരേ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ബാബുവിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാര്‍കോഴക്കുപുറമേ കോഴികച്ചവടക്കാര്‍ക്ക് വാണിജ്യ നികുതി വകുപ്പ് ചുമത്തിയ 64കോടിയുടെ പിഴ ഒഴിവാക്കിയതിലും ആയുര്‍വേദ സൗന്ദര്യവര്‍ധക കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കിയതിലും മുന്‍ ധനമന്ത്രി കെ.എം മാണി കോഴവാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് ത്വരിതാന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ഇടപാടുകളിലുമായി മാണി 15.5കോടി രൂപ കോഴ വാങ്ങിയെന്നും 2012ലെ ബജറ്റില്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവ് നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
മുന്‍ ജലസേചന വകുപ്പ് മന്ത്രി പി.ജെ ജോസഫിനെതിരേ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഹോര്‍ട്ടികോര്‍പ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍കൃഷിമന്ത്രി കെ.പി മോഹനനെതിരേ 2014ല്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുന്‍ വ്യവസായമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, മുന്‍ സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍ എന്നിവരും വിവിധ കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."