ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും വീഴ്ച , മൃതദേഹം മാറി സംസ്‌കരിച്ചു; പരാതിയെ തുടര്‍ന്നു പുറത്തെടുത്തു
നിലമ്പൂര്‍: ആശുപത്രി അധികൃതരുടെയും ബന്ധുക്കളുടെയും അനാസ്ഥകാരണം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം മാറിനല്‍കി. സ്വന്തമാണെന്നു കരുതി ബന്ധുക്കള്‍ മറവുചെയ്ത മൃതദേഹം യഥാര്‍ഥ അവകശികളെത്തിയതോടെ സെമിത്തേരിയില്‍നിന്നു പുറത്തെടുത്തു വീണ്ടും സംസ്‌കരിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുട്ടിക്കടവ് തറയില്‍ പുത്തന്‍വീട് ഏലിയാമ്മ (80)യും വരക്കുളം കൊച്ചുപറമ്പില്‍ മറിയാമ്മ (85) യും മരണപ്പെട്ടിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ചുങ്കത്തറയിലെ മാര്‍ത്തോമാ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ മറിയാമ്മയുടെ മൃതദേഹമാണ് ആശുപത്രി അധികൃതരുടെയും ബന്ധുക്കളുടെയും അനാസ്ഥയെ തുടര്‍ന്നു മാറി സംസ്‌കരിച്ചത്. ഇവിടെനിന്നാണ് മൃതദേഹങ്ങള്‍ മാറിയത്.
മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്കു വിവരങ്ങളടങ്ങിയ ടാഗ് ആശുപത്രി അധികൃതര്‍ സൂക്ഷിക്കാത്തതാണ് മാറാന്‍ കാരണം. ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളുടെ അനാസ്ഥയും മൃതദേഹം മാറാന്‍ കാരണമായി. ഏലിയാമ്മയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ മൃതദേഹം മാറിയതായി ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല. സംശയം തീര്‍ക്കുന്നതിനായി നാട്ടുകാരിലൊരാള്‍ ഇന്നലെ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അബദ്ധം മനസിലാക്കിയ ആശുപത്രി അധികൃതര്‍ പൊലിസിന്റെ സഹായം തേടുകയായിരുന്നു.
സംഭവമറിഞ്ഞു മറിയാമ്മയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. വിവാദമായതോടെ മറവുചെയ്ത മറിയാമ്മയുടെ മൃതദേഹം സെമിത്തേരിയില്‍നിന്നു പുറത്തെടുത്തു ബന്ധുക്കള്‍ക്കു നല്‍കി. ഏലിയാമ്മയുടെ മൃതദേഹം വിട്ടുകിട്ടിയതോടെ ബന്ധുക്കള്‍ ഉച്ചയ്ക്കു രണ്ടിനു മുട്ടിക്കടവ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ മറവുചെയ്തു. വിദേശത്തു ജോലിചെയ്യുന്ന മകന്‍ എത്തുമെന്നതിനാല്‍ മറിയാമ്മയുടെ സംസ്‌കാരം വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം മാറി സംസ്‌കരിച്ചത്. ബന്ധുക്കളുടെ പ്രതിഷേധം സംഘര്‍ഷത്തിന്റെ വക്കിലെത്തിയതോടെ പൊലിസ് ഇടപെട്ടു രംഗം ശാന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."