ശബരിമല പ്രശ്‌നം കത്തിക്കുന്നത് അഴിമതി കേസുകള്‍ മറച്ചുവയ്ക്കാന്‍: ടി. സിദ്ദീഖ്
കോഴിക്കോട്: ശബരിമല പ്രശ്‌നം കത്തിച്ചുനിര്‍ത്തി റാഫേല്‍ അഴിമതിയും ഡിസ്റ്റിലറി, ബ്രൂവറി അഴിമതിയും മായ്ച്ചുകളയാനുള്ള ശ്രമങ്ങളാണ് സി.പി.എമ്മും സംഘ്പരിവാറും നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ശബരിമലയില്‍ വിശ്വാസികളുടെ താല്‍പര്യംസംരക്ഷിക്കുന്നതിനു പകരം ഉത്തരവാദിത്തം നിര്‍വഹിക്കണ്ട ഇരു സര്‍ക്കാരും വിശ്വാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും തെരുവിലേക്ക് വലിച്ചിഴക്കുകയാണ്.
ശ്രീധരന്‍പിള്ളയും സഹപ്രവര്‍ത്തകരും ആക്രമത്തിനു കോപ്പുകൂട്ടന്നതിനു പകരം മോദിയെ കൊണ്ട് ഹൈന്ദവ വിശ്വാസ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് ഇറക്കാനും നിയമനിര്‍മാണത്തിനും തയ്യാറാവുകയാണു വേണ്ടത്. കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ ജനാധിപത്യരീതിയില്‍ സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്കു കോണ്‍ഗ്രസ് നേതൃത്വം നല്‍കും. പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ റിവ്യൂ പെറ്റിഷന്‍ കൊടുക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരികയാണ്. രഹ്‌ന മലകയറിതിനു പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. അത് പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം വേണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.
മടപ്പള്ളി കോളജില്‍ പെണ്‍കുട്ടികളെ തെരുവില്‍ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സി.പി.എം ജില്ലാ പാര്‍ട്ടി ഓഫിസ് ആക്രമിച്ച പ്രതികളെ പിടികൂടാനാവാത്ത പിണറായി ആഭ്യന്തരം ഒഴിയുന്നതാണു നല്ലത്. ആക്രമത്തിന്റെ പേരു പറഞ്ഞ് ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് എന്തു മറുപടിയാണു നേതാക്കള്‍ക്ക് പറയാനുള്ളതെന്നും സിദ്ദീഖ് ചോദിച്ചു.
23ന് കെ.പി.സി.സി പ്രസിഡന്റ് വടകരയില്‍ നടത്തുന്ന ഏകദിന ഉപവാസം സമാധാന ജീവിതം ആഗ്രഹിക്കുന്നവരുടെ പ്രതിരോധമാകുമെന്നും സിദ്ദീഖ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, നിര്‍വാഹക സമിതി അംഗം അഡ്വ. പി.എം നിയാസ്, ഹബീബ് തമ്പി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."