പാര്‍ട്ടി പ്രതിയാക്കിയ ആളെ ബാങ്കില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്
പയ്യോളി: മനോജ് വധക്കേസില്‍ സി.പി.എം പ്രതിപ്പട്ടികയില്‍പെടുത്തിയ ബിജുവിനെ പയ്യോളി സഹകരണ ബാങ്കില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കേരളാ കോപറേറ്റിവ് ട്രൈബ്യൂണല്‍ ജഡ്ജി എം.ജി പത്മിനിയാണ് ഉത്തരവിട്ടത്. എല്ലാ സര്‍വിസ് ആനുകൂല്യങ്ങളും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന വാദവുമായി ബിജു രംഗത്തെത്തിയത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
ബി.എം.എസ് നേതാവായ പയ്യോളി സി.ടി മനോജ് വധക്കേസില്‍ മൂന്നാം പ്രതിയായിരുന്ന ബിജുവിനെ ബാങ്ക് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്നു പ്രതിയാക്കപ്പെട്ടിരുന്ന ബിജു അടക്കമുള്ളവര്‍ തങ്ങള്‍ യഥാര്‍ഥ പ്രതികളല്ലെന്നും നുണപരിശോധനയ്ക്കും നാര്‍കോ അനാലിസിസിനും വിധേയമാക്കണമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണു സി.പി.എം ഭരിക്കുന്ന ബാങ്ക് ബിജുവിനെ ജോലിയില്‍നിന്ന് പുറത്താക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
2013 ഒക്ടോബറില്‍ ബാങ്ക് അച്ചടക്കസമിതി ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇതിനെതിരേ കൊടുത്ത അപ്പീല്‍ ഡയരക്ടര്‍ബോര്‍ഡ് തള്ളിയപ്പോഴാണു ബിജു കോഴിക്കോട് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്. 2017 ഏപ്രില്‍ 11ന് ആര്‍ബിട്രേഷന്‍ കോടതിയും ബിജുവിന് അനുകൂലമായി വിധിച്ചു. ഈ വിധിക്കെതിരേ ട്രൈബ്യൂണലിലേക്ക് ബാങ്ക് അപ്പീല്‍ പോവുകയായിരുന്നു.
അതേസമയം ഹൈക്കോടതി നിര്‍ദേശപ്രകാരം മനോജ് വധക്കേസ് ഏറ്റെടുത്ത സി.ബി.ഐ 2017 ഡിസംബറില്‍ സി.പി.എം നേതാക്കളെയുള്‍പ്പെടെ കേസില്‍ അറസ്റ്റ് ചെയ്തു. സര്‍വിസ് ബാങ്കിന്റെ ഡയരക്ടറും സി.പി.എം നേതാവുമായ എന്‍.സി മുസ്തഫയെയും അറസ്റ്റ് ചെയ്തിരുന്നു. ജീവനക്കാരനെതിരേ നടപടിയെടുത്ത ബാങ്ക് ഡയരക്ടര്‍ തന്നെ അതേ കേസില്‍ പ്രതിയാവുന്ന സ്ഥിതിയാണുണ്ടായത്.
ആഭ്യന്തര അന്വേഷണം നടത്താത്തതിനു ബാങ്ക് പറഞ്ഞ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. ഒരു ക്രിമിനല്‍ കേസില്‍പെട്ട് എന്നതുകൊണ്ട് അയാളുടെ ജീവനോപാധികള്‍ വെറുതെ നഷ്ടപ്പെടുത്തുന്നതിനു ബാങ്ക് പറഞ്ഞ കാരണങ്ങള്‍ മതിയാവുന്നതല്ലെന്ന് കോടതി കണ്ടെത്തി. മാത്രവുമല്ല ബാധ്യതപ്പെട്ട കോടതിയില്‍നിന്ന് കുറ്റകൃത്യം തെളിയിക്കപ്പെടാത്തിടത്തോളം കാലം ഒരാള്‍ നിരപരാധിയാണെന്നതാണു നിയമമെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ചു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബിജുവിനെ തേടി നീതിയെത്തിയിരിക്കുന്നത്. അതേസമയം മനോജ് വധക്കേസില്‍ കുരുങ്ങിയ പയ്യോളി സി.പി.എം പ്രാദേശിക നേതൃത്വത്തിനു വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ഈ കോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."