മാണി ധ്യാനത്തില്‍; നീക്കം പാളുന്നു; ബി.ജെ.പിക്കൊപ്പം പോയാല്‍ പാര്‍ട്ടി പിളരും
തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ബി.ജെ.പിയുമായി അടുക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയുടെ നീക്കം പാളുന്നു. ഈ നീക്കത്തോടുള്ള എതിര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ ശക്തി പ്രാപിക്കുകയാണ്. ബി.ജെ.പി ചേരിയിലേക്കു പോകാന്‍ മാണി തീരുമാനിക്കുകയാണെങ്കില്‍ പാര്‍ട്ടി പിളരുമെന്നാണ് സൂചന.
യു.ഡി.എഫ് വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനെ അനുകൂലിക്കുന്ന നേതാക്കള്‍ പോലും ബി.ജെ.പി ചേരിയിലേക്കു പോകുന്നതിനെ എതിര്‍ക്കുകയാണ്. കടുത്ത നിലപാടുമായി മുന്നോട്ടു നീങ്ങുന്ന മാണിയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ സംസാരിക്കാന്‍ വിസമ്മതിച്ചു താന്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്‍കുകയായിരുന്നു മാണി. ഇതു തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിലെ മറ്റു മുതിര്‍ന്ന നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. കടുത്ത നീക്കങ്ങളില്‍ നിന്നു മാണിയെ പിന്തിരിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ഥിച്ചിരുന്നു. അനുകൂലമായ പ്രതികരണമാണ് അവരില്‍ നിന്നുണ്ടായതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, എന്‍. ജയരാജന്‍, റോഷി അഗസ്റ്റിന്‍, സി.എഫ് തോമസ് തുടങ്ങിയ നേതാക്കള്‍ ബി.ജെ.പി ബന്ധത്തെ ശക്തമായി എതിര്‍ക്കുകയാണ്. ഇത്തരമൊരു ബന്ധം പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു വഴിവയ്ക്കുമെന്നാണ് അവരുടെ വാദം.
ഇടതുപക്ഷത്തേക്കു പോകുന്നതിനോടും പി.ജെ ജോസഫിനും മോന്‍സ് ജോസഫിനും യോജിപ്പില്ല. ഇടതുപക്ഷത്തു നില്‍ക്കുന്നതിനോടു യോജിക്കുന്നവര്‍ തന്നെ, അത്തരമൊരു ബന്ധത്തിനു നിലവിലെ സാഹചര്യത്തില്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. മികച്ച ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഇടതു മുന്നണിക്ക് ഇപ്പോള്‍ മറ്റൊരു കക്ഷിയെ കൂടെ നിര്‍ത്തേണ്ട ആവശ്യമില്ല. മാത്രമല്ല ബാര്‍കോഴ ആരോപണത്തിന്റെ പേരില്‍ മാണിയെ ഇടതുപക്ഷം സ്വീകരിക്കാനിടയില്ലെന്നും അവര്‍ കരുതുന്നു. അതുകൊണ്ടു കടുത്ത തീരുമാനത്തിലേക്കു നീങ്ങുന്നതിനു മുന്‍പ് പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ച നടത്തണമെന്ന് അവര്‍ മാണിയെ അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫ് വിടാന്‍ മാണി പറയുന്ന പ്രധാന കാരണം ബാര്‍ കോഴക്കേസില്‍ ചെന്നിത്തല തനിക്കെതിരേ ഗൂഢാലോചന നടത്തി എന്നാണ്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മാണിയുടെ ആരോപണത്തോട് യോജിക്കുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ മുന്നണി വിട്ടു ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് അവരുടെ വാദം. പാര്‍ട്ടി ജയിച്ച മണ്ഡലങ്ങളിലെല്ലാം തന്നെ ഇനിയും ജയിക്കണമെങ്കില്‍ യു.ഡി.എഫിലോ എല്‍.ഡി.എഫിലോ നില്‍ക്കണമെന്നാണ് അവരുടെ അഭിപ്രായം. ഈ മണ്ഡലങ്ങളിലൊന്നും ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ല. മാത്രമല്ല ബി.ജെ.പിക്കൊപ്പംനിന്നാല്‍ പാര്‍ട്ടിക്കു ലഭിക്കുന്ന ക്രൈസ്തവ വോട്ടുകളില്‍ ഗണ്യമായ തോതില്‍ ചോര്‍ച്ചയുണ്ടാകുമെന്ന ആശങ്കയും അവര്‍ക്കുണ്ട്. ഇതെല്ലാം അവര്‍ മാണിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബി.ജെ.പി പക്ഷത്തു ചേരാന്‍ തീരുമാനിക്കുകയാണെങ്കില്‍ തങ്ങള്‍ക്കു മാറി ചിന്തിക്കേണ്ടി വരുമെന്നും അവര്‍ മാണിയെ അറിയിച്ചിട്ടുണ്ട്.
ഈ മാസം ആറിനും ഏഴിനുമായി ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ക്യാംപിലായിരിക്കും മുന്നണി മാറ്റം സംബന്ധിച്ച തീരുമാനമുണ്ടാകുക. ക്യാംപില്‍ ഈ നീക്കത്തിനെതിരേ ശക്തമായ എതിര്‍പ്പ് ഉയരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാണി ഇപ്പോള്‍ ധ്യാനത്തിലാണ്. സുപ്രധാന തീരുമാനമെടുക്കുന്നതിനു മുന്‍പ് മാണി ഇങ്ങനെ ധ്യാനത്തിനു പോകുന്ന പതിവുണ്ട്.
പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനുള്ള തീരുമാനത്തിനു മുന്‍പും മാണി ധ്യാനത്തിനു പോയിരുന്നു. ചരല്‍ക്കുന്ന് ക്യാംപിനു മുന്‍പ് കോണ്‍ഗ്രസ് നേതാക്കളുമായി ഒരു തരത്തിലും ആശയവിനിമയത്തിനു മാണി തയാറാകില്ലെന്ന സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."