അപകടക്കെണിയൊരുക്കി സുല്‍ത്താന്‍ ബത്തേരി-താളൂര്‍ റോഡ്
ചീരാല്‍: സുല്‍ത്താന്‍ ബത്തേരി- താളൂര്‍, ഊട്ടി അന്തര്‍ സംസ്ഥാന പാതയില്‍ അപകടം പതിയിരിക്കുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥകാരണം ഇതിലൂടെ സഞ്ചരിക്കുന്നവരുടെ നടു ഒടിയുന്ന സ്ഥിതിയിലാണ് നിലവിലെ റോഡ്.
മലങ്കര മുതല്‍ ചുള്ളിയോട് വരെ റോഡ് നിറയെ ആഴമുള്ള കുഴികള്‍ സ്ഥിതി ചെയ്യുന്നതാണ് അപകടത്തിന് കാരണം. കൂടാതെ വെള്ളം റോഡിലൂടെ പരന്നൊഴുകി കുഴികളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ കുഴികളുടെ ആഴമറിയാതെ ഇരുചക്ര വാഹനയാത്രികര്‍ ഉള്‍പ്പടെ അപകടത്തില്‍ പെടുന്നത് പതിവായിരിക്കയാണ്.
ഇരു ഭാഗത്തും നിലവിലുള്ള അഴുക്കുചാല്‍ വൃത്തിയാക്കിയാല്‍ വെള്ളം ഒഴുകി തോട്ടിലെത്തുകയും ഈ പാതയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരവുമാകും. കൂടാതെ റോഡിന് വരുന്ന കേടുപാടുകള്‍ കുറക്കാനും സാധിക്കും. നന്നാക്കാന്‍ കുറഞ്ഞ തുക മതിയാവുകയും ചെയ്യും. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മലങ്കര വരെയും തമിഴ്‌നാട് അതിര്‍ത്തി കടന്നാലും നല്ല നല്ല റോഡാണ്.അതിനിടയിലുള്ള അഞ്ച് കിലോമീറ്ററോളം വരുന്ന റോഡിന്റെ ഈ ദുരവസ്ഥക്ക് പരിഹാരം കാണാത്ത പക്ഷം പൊതുമരാമത്ത് ഓഫിസ് മാര്‍ച്ച് അടക്കമുള്ള സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് നാട്ടുകാര്‍ യോഗം ചേര്‍ന്ന് മുന്നറിയിപ്പ് നല്‍കി.
പഞ്ചായത്ത് അംഗം കെ.സി.കെ തങ്ങള്‍ അധ്യക്ഷനായി. യു.കെ പ്രേമന്‍, റഫീഖ് കരടിപ്പാറ, ഷാജി പാടിപറമ്പ്, സൂസന്‍ അബ്രഹാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."