അപകടക്കെണിയായി ദേശീയ പാതയിലെ 'ചതിക്കുഴികള്‍'
മീനങ്ങാടി: ദേശീയ പാതയില്‍ റോഡ് പൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടത് വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു. ശക്തമായ മഴയിലും വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊട്ടിയും ദേശീയ പാതയില്‍ രൂപപ്പെട്ട കുഴികളാണ് യാത്രക്കാര്‍ക്ക് ചതിക്കുഴികളാകുന്നത്.
കൈനാട്ടി, എടപ്പെട്ടി, കൊളവയല്‍, കാക്കവയല്‍ നഴ്‌സറിപ്പടി, കുട്ടരായിന്‍ പാലം, മീനങ്ങാടി, കൃഷ്ണഗിരി എന്നിവിടങ്ങളിലായി ദേശീയപാതയില്‍ നിരവധി സ്ഥലങ്ങളിലാണ് ചതിക്കുഴികളുള്ളത്.
സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് രൂപപ്പെട്ട കുഴികള്‍ താല്‍ക്കാലികമായി അടച്ചെങ്കിലും ചിലയിടങ്ങളില്‍ അടച്ച കുഴികള്‍ വീണ്ടും പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്.
രാത്രിയില്‍ പെട്ടെന്ന് കാണാന്‍ കഴിയാത്ത വിധത്തിലുള്ള കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നതില്‍ അധികവും ഇരുചക്രവാഹനങ്ങളാണ്. എടപ്പട്ടിയിലും, കുട്ടരായിന്‍ പാലത്തും കൃഷ്ണഗിരിയിലുമാണ് കൂടുതല്‍ അപകടങ്ങള്‍ നടന്നത്.
കൃഷ്ണഗിരിയില്‍ പാതിരിപ്പാലം കയറ്റം കഴിഞ്ഞുള്ള കുഴി അപകട സാധ്യതയേറ്റുകയാണ്. ഇവിടെ കയറ്റം കഴിഞ്ഞ് വാഹനം ഗിയര്‍ മാറ്റി വേഗത കൂട്ടി നേരെ ചാടുന്നത് കുഴിയിലേക്കാണ്. പകല്‍ സമയത്തും അപകടക്കെണിയാകുന്ന കുഴികള്‍ അടക്കാന്‍ നടപടിയില്ലാതായതോടെ ദിനം പ്രതി വലുതായികൊണ്ടിരിക്കുകയാണ്.
പൊതുവെ വെള്ളം കെട്ടി നില്‍ക്കുന്ന ഈ ഭാഗത്ത് കുഴിയിലും വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കുഴിയറിയാതെ വാഹനമോടിക്കുന്ന യാത്രക്കാര്‍ അപകടത്തില്‍പ്പെടാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ക്വാറി വേസ്റ്റട്ടും കോണ്‍ഗ്രീറ്റ് ചെയ്തും കുഴിയടക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ശാശ്വത പരിഹാരമാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."