മഞ്ഞപ്പിത്തം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
മാനന്തവാടി: ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ താഴെപ്പറയുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു.
മഞ്ഞപ്പിത്തരോഗിയില്‍ നിന്ന് മലത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ മറ്റുള്ളവര്‍ കഴിക്കുന്ന ഭഷണത്തിലോ കുടിവെള്ളത്തിലോ കലരുന്നത് മൂലമാണ് രോഗം പകരുന്നത്.
ഇത് തടയാന്‍ കുടിവെളള സ്രോതസുകളും സൂപ്പര്‍ക്ലോറിനേഷന്‍ നടത്തണം. പാചകത്തിനും പാത്രം കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാര സാധനങ്ങള്‍ ഈച്ച കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക.
ആഹാരത്തിന് മുന്‍പും മലവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ കുടിക്കാന്‍ നല്‍കുന്ന ചൂടുവെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തരുത്, ഐസ്, സിപ്പപ്പ് തുടങ്ങിയവ നിര്‍മിക്കുന്നതിന് ശുദ്ധജലം മാത്രം ഉപയോഗിക്കുക, പരിസരശുചിത്വം, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."