ജിബ്രാള്‍ട്ടര്‍ വിട്ടയച്ച കപ്പലിലെ എണ്ണ വിറ്റെന്ന് ഇറാന്‍
ജനീവ: ജിബ്രാള്‍ട്ടര്‍ പിടികൂടിയ ശേഷം വിട്ടയച്ച കപ്പലിലെ എണ്ണ ഇതിനകം വിറ്റെന്നും കപ്പല്‍ ഇനി എങ്ങോട്ടു പോവണമെന്ന് അതിന്റെ ഉടമയും എണ്ണ വാങ്ങിയയാളും തീരുമാനിക്കുമെന്നും ഇറാന്‍. അഡ്രിയാന്‍ ദാരിയ എന്ന കൂറ്റന്‍ കപ്പലിലെ 20 ലക്ഷം ബാരല്‍ എണ്ണ ആര്‍ക്കാണ് വില്‍പന നടത്തിയതെന്ന് പക്ഷേ ഇറാന്‍ വക്താവ് അലി റബീഇ വ്യക്തമാക്കിയില്ല.
അതേസമയം ഗ്രീസ് അനുമതി നിഷേധിച്ച ശേഷം കപ്പല്‍ തുര്‍ക്കി ലക്ഷ്യമാക്കിയല്ല നീങ്ങുന്നതെന്നും പുതിയ ലക്ഷ്യസ്ഥാനം വ്യക്തമല്ലെന്നുമാണ് കപ്പലുകളുടെ സഞ്ചാരപാത പിന്തുടരുന്ന ട്രാക്കിങ് ഏജന്‍സി പറയുന്നത്. ഇപ്പോള്‍ ഗ്രീസിന് തെക്കും ക്രീറ്റ് ദ്വീപിന് പടിഞ്ഞാറുമായാണ് കപ്പല്‍ ഉള്ളത്.
അതിനിടെ ഇറാന്‍ കപ്പലുകള്‍ക്ക് ക്രൂയിസ് മിസൈലുള്ള യുദ്ധക്കപ്പലിന്റെ അകമ്പടിയുണ്ടെന്നും ഇറാന്‍ എണ്ണ കയറ്റുമതി വിഭാഗം അറിയിച്ചു. ഓഗസ്റ്റ് 18നാണ് ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ കോടതി വിട്ടയച്ചത്. എണ്ണ സിറിയക്കു കൈമാറുന്നതു തടയാനായി എന്തു നടപടിയും സ്വീകരിക്കുമെന്ന് യു.എസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ജിബ്രാള്‍ട്ടര്‍ കോടതി വിട്ടയച്ച കപ്പല്‍ പിടിച്ചെടുക്കാന്‍ യു.എസ് ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കപ്പല്‍ പിടിച്ചെടുത്താല്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കി. ആണവകരാറില്‍ നിന്ന് യു.എസ് പിന്‍മാറിയ ശേഷം ഇറാന്റെ എണ്ണ കയറ്റുമതി നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."