സ്വന്തം ഭൂമി കുപ്പത്തൊട്ടി: ഇരിട്ടി പോസ്റ്റ്ഓഫിസ് വാടക കെട്ടിടത്തില്‍
ഇരിട്ടി: കോടികള്‍ വിലമതിക്കുന്ന 21 സെന്റ് ഭൂമി കൈവശമുണ്ടായിട്ടും ഇരിട്ടി മെയിന്‍ പോസ്റ്റോഫിസ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത് വാടകകെട്ടിടത്തില്‍. ഇരിട്ടി ക്രിസ്റ്റ്യന്‍ പള്ളിക്ക് മുന്‍വശമുള്ള ഒരു സ്വകാര്യ വ്യക്തിയുടെ ഭിത്തികള്‍ വിണ്ടുകീറിയ, മേല്‍ക്കൂര ഏത് നിമിഷവും അടര്‍ന്നുവീഴാവുന്ന നിലയിലുമുള്ള ഓഫിസ് മുറിയിലാണ് പോസ്‌റ്റോഫിസ് പ്രവര്‍ത്തിക്കുന്നത്.
ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പതിനാലോളം ജീവനക്കാര്‍ അധികൃതരുടെ അനാസ്ഥ മൂലം നട്ടംതിരിയുകയാണ്. ഈ കെട്ടിടത്തിനു സമീപം ഇരിട്ടി പി.ടി ചാക്കോ ആശുപത്രിക്കു മുന്‍വശത്തായി ഇരിട്ടി-തലശ്ശേരി അന്തര്‍സംസ്ഥാന പാതയോടു ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന 21 സെന്റ് ഭൂമി ഇരിട്ടി പോസ്റ്റോഫിസിന്റെ ഉടമസ്ഥതയിലുണ്ട്. കേന്ദ്രസര്‍ക്കാറിന്റെയും ബന്ധപ്പെട്ട വകുപ്പു മേധാവികളുടേയും ജനപ്രതിനിധികളുടേയും അലംഭാവം കാരണമാണ് 35 വര്‍ഷമായിട്ടും ഇരിട്ടി പോസ്റ്റോഫിസിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സാധിക്കാത്തത്.
ഇതുമൂലം വിവിധ ക്ഷേമ പെന്‍ഷനുകളും മറ്റാനുകൂല്യങ്ങളും ഉള്‍പ്പെടെ വാങ്ങാനെത്തുന്ന വയോധികരടക്കം നൂറുകണക്കിനാളുകള്‍ ഇരിക്കാനുള്ള സൗകര്യം പോലുമില്ലാതെ ബുദ്ധിമുട്ടിലാണ്. ഒരു സീനിയര്‍ പോസ്റ്റ്മാസ്റ്റര്‍, അഞ്ച് പോസ്റ്റല്‍ അസിസ്റ്റന്റുമാര്‍, ഒരു എം.ടി.എസ് എന്നിവരുള്‍പ്പെടെ പതിനഞ്ചോളം ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്.
പ്രതിമാസം ഏഴായിരത്തിലധികം രൂപയാണ് നിലവിലെ കെട്ടിടത്തിന് കേന്ദ്രസര്‍ക്കാര്‍ വാടക നല്‍കുന്നത്. ആറ് വര്‍ഷം മുമ്പാണ് പോസ്‌റ്റോഫിസ് നിലവില്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടത്തിലേക്ക് മാറിയത്. ഇരിട്ടിയില്‍ തപാല്‍ ആഫിസ് പ്രവര്‍ത്തനം ആരംഭിച്ച ഘട്ടംമുതല്‍ ഇരിട്ടി മെയിന്‍ പോസ്റ്റോഫിസിന് അടിസ്ഥാന സൗകര്യമുള്ള സ്വന്തം നിലയില്‍ കെട്ടിടം വേണമെന്ന ജീവനക്കാരുടേയും നാട്ടുകാരുടേയും മുറവിളിക്കും പ്രയത്‌നങ്ങള്‍ക്കുമൊടുവിലാണ് ഇരിട്ടി പോസ്റ്റോഫിസിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ ഇരിട്ടി കനറാ ബേങ്കിന് സമീപത്തുള്ള 21സെന്റ് സ്ഥലം വിലക്കെടുക്കുന്നത്. എന്നാല്‍ സ്വന്തമായി ഭൂമി വിലകൊടുത്ത് വാങ്ങി 32 വര്‍ഷം പൂര്‍ത്തിയായിട്ടും ഈ സ്ഥലത്ത് ഓഫിസ് നിര്‍മാണത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം നടത്തുന്നതിനോ സ്വന്തംഭൂമി അതിര്‍ത്തി വേലികെട്ടി സംരക്ഷിക്കുന്നതിനോ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല.
ഇതേത്തുടര്‍ന്ന് കാടുകയറി അനാഥമായ ഈ സ്ഥലം ഇപ്പോള്‍ ഇരിട്ടി ടൗണിലെ മാലിന്യം തള്ളുന്ന കേന്ദ്രമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."