സഞ്ജയ് ദത്ത് ബി.ജെ.പി സഖ്യകക്ഷിയില്‍ ചേരും
മുംബൈ: നീണ്ട പത്തുവര്‍ഷത്തിന് ശേഷം നടന് സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് (ആര്.എസ്.പി) എന്ന പാര്‍ട്ടിയിലാണ് സഞ്ജയ് ദത്ത് ചേരുക. ആര്.എസ്.പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിലെ ധന്ഗര് സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്. ദത്തിന്റെ ആദ്യ രാഷ്ട്രീയ പ്രവേശനം എസ്.പിയിലൂടെ ഉത്തര്‍പ്രദേശിലായിരുന്നുവെങ്കില്‍ ഇക്കുറി മഹാരാഷ്ട്രയിലാവും.
അടുത്തമാസം 25ന് നടക്കുന്ന ചടങ്ങില്‍ സഞ്ജയ് ദത്ത് ആര്.എസ്.പി അംഗത്വമെടുക്കും. ദത്തിന്റെ സ്വാധീനം വഴി പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമുണ്ടാക്കാനും അതിലൂടെ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണ് ആര്.എസ്.പിയുടെ ലക്ഷ്യം.
2009 ല്‍ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ സഞ്ജയ് ദത്ത് ലഖ്നൗവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തയാറെടുത്തിരുന്നു. എന്നാല്‍ മുംബൈ സ്ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് കോടതി നടപടികളെ തുടര്‍ന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ടിവന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഞ്ജയ് ദത്ത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് ദത്ത് നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."