സായുധസംഘം തട്ടിക്കൊണ്ടുപോയ ശതകോടീശ്വരനെ മോചിപ്പിച്ചു
ദാറുസ്സലാം: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ ഒരാഴ്ചമുന്‍പ് തട്ടിക്കൊണ്ടുപോകപ്പെട്ട യുവശതകോടീശ്വരനെ മോചിപ്പിച്ചു. ടാന്‍സാനിയയിലെ പ്രധാന നഗരങ്ങളിലൊന്നായ ദാറുസ്സലാമിലെ ആഡംബര ഹോട്ടലില്‍നിന്നാണ് മുഹമ്മദ് ദേവ്ജി എന്ന 43കാരനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. 10 ദിവസത്തെ തടവിനുശേഷം ഇദ്ദേഹത്തെ സംഘം മോചിപ്പിക്കുകയായിരുന്നു.
ടാന്‍സാനിയയിലെ ഏറ്റവും വലിയ വാണിജ്യ കമ്പനിയായ എം.ഇ.ടി.എല്‍ ഗ്രൂപ്പ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണു മോചനവിവരം പുറത്തുവിട്ടത്. ദാറുസ്സലാമിനടുത്തെ ഒരു പ്രദേശത്ത് തട്ടിക്കൊണ്ടുപോയ സംഘം ദേവ്ജിയെ ഉപേക്ഷിക്കുകയായിരുന്നു.
ഈ മാസം 11ന് ദാറുസ്സലാമിലെ കൊളോസ്യം ആഡംബര ഹോട്ടലില്‍നിന്ന് തോക്കുധാരികളായ ഒരു സംഘമാണ് മുഹമ്മദ് ദേവ്ജിയെ തട്ടിക്കൊണ്ടുപോയത്. ഹോട്ടലില്‍ വെളുപ്പിന് വ്യായാമത്തിലേര്‍പ്പെട്ടിരിക്കെയായിരുന്നു സംഭവം. ദേവ്ജിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ കുടുംബം ഒരു ബില്യന്‍ ടാന്‍സാനിയ ഷില്ലിങ്(ഏകദേശം മൂന്നര കോടി രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു.
ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ് മുഹമ്മദ് ദേവ്ജി. ഫോര്‍ബ്‌സ് മാഗസിന്റെ കണക്കുപ്രകാരം ഒന്നര ബില്യന്‍ ഡോളര്‍(ഏകദേശം 1,10,21,25,00,000 രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. 2015 വരെ പാര്‍ലമെന്റ് അംഗം കൂടിയായിരുന്നു അദ്ദേഹം. എട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങള്‍ നീണ്ടുകിടക്കുന്ന വന്‍ വ്യവസായ ശൃംഖലയാണ് എം.ഇ.ടി.എല്‍ ഗ്രൂപ്പ്. തന്റെ സ്വത്തിന്റെ പകുതിയിലേറെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് 2016ല്‍ മുഹമ്മദ് ദേവ്ജി വാഗ്ദാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."