ഹൃദയ വിശുദ്ധി നേടുക
ജീവിതത്തില്‍ സന്തോഷവും വിജയവും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ പരാജയത്തെയോ ദുഃഖത്തെയോ കുറിച്ച് നമുക്ക് ഓര്‍ക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍, ഈ ലോകത്തിലെ വിജയങ്ങളും സന്തോഷങ്ങളും പാരത്രിക വിജയവുമായി തുലനം ചെയ്തു നോക്കുമ്പോള്‍ നശ്വരവും ക്ഷണികവുമാണ്. ക്ഷണപ്രഭാചഞ്ചലമായ ഈ ലോകത്തിലെ വിജയത്തെയൊന്നുമല്ല യഥാര്‍ഥ സത്യവിശ്വാസി ആഗ്രഹിക്കേണ്ടത്. അവന്റെ മുന്നില്‍ കൈയെത്തും ദൂരത്ത് പാരത്രിക വിജയമുണ്ട്. ഈയൊരു വിജയത്തിനായാണ് സത്യവിശ്വാസികളോട് മത്സരിക്കാന്‍ ഖുര്‍ ആന്‍ ആഹ്വാനം ചെയ്യുന്നത്. 'ആ കാര്യത്തില്‍ മത്സരിക്കുന്നവര്‍ മത്സരിച്ചുകൊള്ളട്ടെ'.
അപ്പോള്‍ ആ പാരത്രിക വിജയത്തിന്റെ രസതന്ത്രം ഹൃദയവിശുദ്ധിയാണ്. ആയതിനാല്‍ നമ്മുടെ ഹൃദയത്തിനു പാരത്രിക വിജയത്തിന് അഭേദ്യ ബന്ധമുണ്ട്. ആ ഹൃദയത്തെ സംസ്‌കരിച്ചു സംശുദ്ധീകരിച്ചെടുക്കേണ്ടത് ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണ്. ആത്മസംസ്‌കരണത്തിന്റെ മാസമാണ് പരിശുദ്ധ റമദാന്‍. പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തിലേക്ക് ഒരു സത്യവിശ്വാസിയുടെ സര്‍വ പ്രയത്‌നവും ആത്മവിശുദ്ധിയും ഹൃദയവിശുദ്ധിയും കൈവരിക്കാന്‍ വേണ്ടിയാവണം.
ഹൃദയം നമ്മുടെ ആത്മാവിന്റെയും ശരീരത്തിന്റെയും കാതലായ ഭാഗമാണ്. അല്ലാഹു നോക്കുന്നതും നമ്മുടെ ഹൃദയത്തിലേക്കാണ്. നാലാള്‍ കാണാന്‍ നമ്മള്‍ വസ്ത്രവും മുഖവും മിനുക്കി നടക്കാറുണ്ട്. പക്ഷെ അല്ലാഹുവിന്റെ തിരുനോട്ടം പതിക്കുന്ന ഹൃദയത്തെ നാമെത്ര മിനുക്കാറുണ്ട്. ഈ കാര്യം നാം ഗൗരവത്തോടെ കണക്കിലെടുക്കണം. ഓരോ പാപങ്ങള്‍, തിന്മകള്‍ ചെയ്യുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ ഓരോ കറുത്ത പാടുകള്‍ രൂപപ്പെടുകയാണ്. അനുദിനം പാപങ്ങള്‍ മാത്രം ചെയ്യുന്ന നേരം നമ്മുടെ ഹൃദയമൊക്കെ കരുവാളിച്ച് കരിമ്പാറ പോലെയായിരിക്കും. തൗബയുടെ വാതിലുകള്‍ ഓരോ സത്യവിശ്വാസിയുടെയും മുന്നില്‍ തുറക്കപ്പെട്ടിട്ടുണ്ട്. ഒരു സത്യവിശ്വാസിയുടെ പരമ ലക്ഷ്യവും നാഥന്റെ സ്‌നേഹം കരഗതമാക്കല്‍ തന്നെയാണല്ലോ. ഈയൊരു നേരത്ത് ഹൃദയ വിശുദ്ധിയോടെ നാഥന്റെ കേദാരമായ സ്‌നേഹം കാംക്ഷിക്കുകയാണ് ഒരു സത്യവിശ്വാസി ചെയ്യേണ്ടത്. നമ്മുടെ ഹൃദയങ്ങളെ ബാധിച്ചിരിക്കുന്ന തുരുമ്പെന്ന പാപക്കറയെ മായ്ക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ വായിക്കുകയെന്നതാണ് ഉത്തമം. പ്രവാചകന്‍ (സ) തങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. മനുഷ്യശരീരത്തില്‍ ഒരു മാംസക്കട്ടയുണ്ട്. ആ അവയവം നേരെയായാല്‍ അവന്റെ ശരീരമാകമാനം നന്നായി. എന്നാല്‍ ആ അവയവം എങ്ങനെയെങ്കിലും മോശമായാല്‍ അവന്റെ ശരീരം മോശമായി തീര്‍ന്നിരിക്കുന്നു. അപ്പോള്‍ ഹൃദയം സംസ്‌കരിക്കാതെ ശരീരം സംശുദ്ധമാവുകയില്ല. അപ്പോള്‍ ഈ പുണ്യമാസത്തില്‍ ആത്മസംസ്‌കരണത്തിനും ഹൃദയവിശുദ്ധിക്കും സത്കര്‍മങ്ങള്‍ക്കും നാം ഓരോരുത്തരും മുന്‍കൈയെടുക്കണം.
ഖുര്‍ആനിനെ എങ്ങനെയാണ് അവതരിപ്പിക്കുന്നതെന്നു നോക്കാം. 'അല്ലാഹുവിന്റെ ദിവ്യസ്മരണയിലൂടെ ഹൃദയങ്ങള്‍ക്കു മനഃശാന്തിയുണ്ടാകുന്നു. 'വിശുദ്ധ ഖുര്‍ആന്‍ ദൈവവചനങ്ങളാണ്. ആ തിരുവചനങ്ങള്‍ മനസറിഞ്ഞ് പാരായണം ചെയ്യുമ്പോള്‍ ഒരു സത്യവിശ്വാസിക്കു സത്യമായിട്ടും മനഃശാന്തി ലഭിക്കുന്നതാണ്. അങ്ങനെ നമുക്കു ലഭിക്കുന്നില്ലെങ്കില്‍ നാം ആദ്യം നമ്മുടെ മനസിനെയും ശരീരത്തെയും പാകപ്പെടുത്തിയെടുക്കേണ്ടതാണ്. ഹൃദയവിശുദ്ധി കൈവരിക്കാന്‍ ഖുര്‍ആനും പ്രവാചകചര്യയും അനിവാര്യമായിരിക്കുന്നു. ഖുര്‍ആനും വിശുദ്ധ റമദാനും പ്രപഞ്ച പരിപാലകന്‍ കനിഞ്ഞേകിയ പുണ്യാവസരങ്ങളാണ്. അത് അവസരോചിതമായി മുതലെടുക്കുകയാണ് ഓരോ സത്യവിശ്വാസിയുടെയും ഉത്തരവാദിത്തം. സത്കര്‍മങ്ങള്‍ക്ക് നാഥന്‍ തുണക്കട്ടെ.. ആമീന്‍.
(ജം ഇയ്യത്തുല്‍ ഖുത്തുബാഅ് സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."