കരുത്തുകാട്ടാന്‍ ഗോകുലം എഫ്.സി; ആദ്യ മത്സരം 27ന്
കോഴിക്കോട്: ആദ്യ എതിരാളികള്‍ തന്നെ കരുത്തരാണെങ്കിലും പ്രതീക്ഷയുടെ പുല്‍മൈതാനത്തേക്ക് ഗോകുലം എഫ്.സി ഇറങ്ങുന്നു. ഐലീഗ് 2018ല്‍ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരളാ എഫ്.സി ഹോംഗ്രൗണ്ടില്‍ ആദ്യ മത്സരത്തില്‍ നേരിടുന്നത് കരുത്തായ മോഹന്‍ ബഗാനെയാണ്. 27ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് പേരാട്ടം.
നവംബര്‍ 18ന് മിനര്‍വെയ്‌ക്കെതിരേയുള്ള മത്സരം മാത്രമാണ് 7.30നുള്ളത്. ബാക്കിയുള്ള മത്സരങ്ങള്‍ വൈകിട്ടു അഞ്ചിനുമാണ്. ചെന്നൈ സിറ്റിയുമായി നവംബര്‍ നാലിനും ഷില്ലോങ് ലാജോങ് എഫ്.സിയുമായി 11നും മിനര്‍വ പഞ്ചാബുമായി 18നും(7.30) ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി 30നും റിയല്‍ കശ്മിരുമായി ഡിസംബര്‍ 15നും ഐവാള്‍ എഫ്.സിയുമായി ഫെബ്രുവരി പത്തിനും ഇന്ത്യന്‍ ആരോസുമായി ഫെബ്രുവരി 16നും നെരോക്ക എഫ്.സിയുമായി മാര്‍ച്ച് മൂന്നിനും ഗോകുലം എഫ്.സി മാറ്റുരയ്ക്കും. റിയല്‍ കശ്മിരാണ് ഇത്തവണത്തെ ലീഗിലെ പുതുമുഖ ടീം.
ഈ സീസണില്‍ ഏറെ പ്രതീക്ഷയോടെയാണ് ഗോകുലം എഫ്.സി കളത്തിലിറങ്ങുന്നതെന്ന് ഗോകുലം എഫ്.സി ക്ലബ് പ്രസിഡന്റ് സി. പ്രവീണ്‍ അറിയിച്ചു. 26ന് ഇന്ത്യന്‍ ആരോസും ചെന്നൈ സിറ്റിയും ഐ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ലീഗില്‍ ആകെ 110 മത്സരങ്ങളാണുള്ളത്.
മാര്‍ച്ച് രണ്ടാം വാരം വരെ ലീഗ് നീണ്ടുനില്‍ക്കും. അന്‍പതു രൂപയാണ് ഗോകുലത്തിന്റെ മത്സരങ്ങള്‍ കാണുന്നതിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഈസ്റ്റ് സ്റ്റാന്‍ഡ്, നോര്‍ത്ത് ഗ്യാലറി, സൗത്ത് സ്റ്റാന്‍ഡ് എന്നിവയിലെ ടിക്കറ്റുകള്‍ക്കാണ് അന്‍പതു രൂപയുള്ളത്. വെസ്റ്റ് ഗാലറിക്കു മാത്രം 75 രൂപ നല്‍കണം. വി.ഐ.പി, വി.വി.ഐ.പി ടിക്കറ്റുകള്‍ക്ക് 150 രൂപയാണ്. എല്ലാ മത്സരങ്ങളുടെയും ചേര്‍ത്തുള്ള സീസണ്‍ ടിക്കറ്റും ലഭ്യമാണ്. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ മുഡി മൂസയ്ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ ജഴ്‌സി കൈമാറി. ആദ്യ മത്സരത്തിലെ വരുമാനം മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അറിയിച്ചു. ക്ലബ് സി.ഇ.ഒ ഡോ. അശോക് കുമാര്‍, കെ.ഡി.എഫ്.എ സെക്രട്ടറി ഹരിദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."