ആദ്യപകുതിയില്‍ കളിമറന്ന മഞ്ഞപ്പട
മഴയില്‍ കുതിര്‍ന്ന രണ്ടാം ഹോം മാച്ചിന്റെ ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തണുപ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഗാലറി നിറഞ്ഞു ആര്‍പ്പുവിളിക്കുന്ന മഞ്ഞപ്പടയെ നിരാശപ്പെടുത്തുന്നതായിരുന്നു ആദ്യ പകുതി. കളിയുടെ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് ഡല്‍ഹിക്കായിരുന്നു പന്തിന്മേല്‍ ആധിപത്യം. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ നിരവധി തവണ പരീക്ഷിക്കാന്‍ ഡല്‍ഹി ഡൈനാമോസിന് കഴിഞ്ഞു. കളിയുടെ രണ്ടാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു മുന്നേറ്റം മെനഞ്ഞെങ്കിലും ഫലമുണ്ടായില്ല. 18-ാം മിനുട്ടില്‍ ഹാളിചരണ്‍ നര്‍സാരിയുടെ ഒരു ഷൂട്ട് നേരിയ വ്യത്യാസത്തിന് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 22-ാം മിനുട്ടില്‍ സ്‌റ്റൊയനോവിച്ചിന്റെ ലോങ് റേഞ്ചര്‍ ഡല്‍ഹിയുടെ സ്പാനിഷ് ഗോളി ഫ്രാന്‍സിസ്‌കോ സാഞ്ചസ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. പന്തിന്മേലുള്ള ആധിപത്യവും വിങ്ങുകളില്‍ക്കൂടി മികച്ച മുന്നേറ്റങ്ങളും നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി നവീന്‍കുമാറിനെ മറികടക്കാന്‍ ഡല്‍ഹി താരങ്ങള്‍ക്കായില്ല. ജിങ്കനും പെസിച്ചും കെട്ടിഉയര്‍ത്തിയ പ്രതിരോധക്കോട്ട പൊട്ടിച്ച് നിറയൊഴിക്കുന്നതില്‍ ഡല്‍ഹി സ്‌ട്രൈക്കര്‍മാര്‍ പരാജയപ്പെടുകയായിരുന്നു. ആദ്യപകുതിയില്‍ ഡല്‍ഹിക്ക് അനുകൂലമായി 12 കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചത് രണ്ടെണ്ണം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നര്‍സാരിയെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് സ്ലൊവേനിയന്‍ താരം മാറ്റേയ് പോപ്ലാറ്റ്‌നിക്കിനെ കളത്തിലെത്തിച്ചു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് കരുത്തുകൂടി. തുടക്കത്തില്‍ തന്നെ രണ്ട് കോര്‍ണര്‍ ലഭിച്ചു. രണ്ടാം കോര്‍ണറില്‍നിന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യഗോളും പിറന്നു. സ്‌റ്റൊയാനോവിച്ച് എടുത്ത കോര്‍ണര്‍ കിട്ടിയത് പോപ്ലാറ്റ്‌നിക്കിന്റെ കാലുകളില്‍. താരം ഗോളിലേക്ക് തൊടുത്ത ഷോട്ട് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വിനീതിന്റെ കാലുകളിലാണെത്തിയത്. പന്ത് കിട്ടിയ വിനീതിന്റെ ഇടംകാലന്‍ ഷോട്ട് വലയില്‍ കയറി (1-0). തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും കഴിഞ്ഞില്ല. സഹദ് അബ്ദുല്‍ സമദ് നല്‍കിയ നല്ലൊരു ക്രോസ് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ദുംഗല്‍ തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ടെങ്കിലും ഡല്‍ഹി ഗോളി ഉജ്ജ്വല സേവിലൂടെ രക്ഷപ്പെടുത്തി.
69ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിന് പകരം മറ്റൊരു മലയാളിതാരം പ്രശാന്തിനെ ഡേവിഡ് ജെയിംസ് കളത്തിലിറക്കി. 73ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം ഒന്ന് വിറച്ചുവെങ്കിലും ഗോള്‍കീപ്പര്‍ നവീന്‍കുമാറിന്റെയും നായകന്‍ ജിങ്കന്റെയും അവസരോചിത ഇടപെടല്‍ അപകടം ഒഴിവാക്കി. 78ാം മിനുട്ടില്‍ ദുംഗലിനെ പിന്‍വലിച്ച് കിസിറോണ്‍ കിസിറ്റോ ബ്ലാസ്‌റ്റേഴ്‌സിനായി മൈതാനത്തെത്തി. ഒടുവില്‍ 84ാം മിനുട്ടില്‍ ഡല്‍ഹി സമനില ഗോള്‍ കണ്ടെത്തി. പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഗോള്‍. പ്രീതം കോട്ടാല്‍ നല്‍കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ആന്‍ഡ്രിയ കലുഡെറോവിച്ച് വലയിലെത്തിക്കുകയായിരുന്നു (1-1). 29ന് ജംഷഡ്പൂര്‍ എഫ്.സിക്കെതിരേ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."