ഏഴിമല നാവിക അക്കാദമി പരിസര പ്രദേശം ഭൂമാഫിയ കൈയടക്കുന്നതായി ആരോപണം; വികസനസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു
തൃക്കരിപ്പൂര്‍: ടൂറിസത്തിന്റെ മറവില്‍ ഏഴിമല നാവിക അക്കാദമി പരിസരം ഭൂമാഫിയ കൈയടക്കുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധവും കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതീവ സുരക്ഷാമേഖലയായ ഏഴിമല നാവികഅക്കാദമിക്കു തൊട്ടുകിടക്കുന്ന തൃക്കരിപ്പൂര്‍ കടപ്പുറം പ്രദേശത്തും അനധികൃത സ്ഥലമിടപാടുകള്‍ തുടരുന്നതായി ആരോപണമുണ്ട്. പുഴയോരത്തെ പുറമ്പോക്കു ഭൂമി മുതല്‍ കടലോരം വരെ നീണ്ടുകിടക്കുന്ന 11 ഏക്കര്‍ സ്ഥലമാണ് കഴിഞ്ഞ മാസം വില്പന നടന്നിരിക്കുന്നത്. മോഹവില വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും കൂലിപ്പണിക്കാരും കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെട്ട ഗ്രാമീണ ജനതയുടെ സ്ഥലങ്ങളും കൃഷിഭൂമികളും കൈക്കലാക്കുകയാണെന്ന് വകസനസമിതി നേതാക്കള്‍ ആരോപിച്ചു.
തീരപ്രദേശം എല്ലാവിധ അനാശ്വാസ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. അനധികൃതമായി പ്രവര് ത്തിക്കുന്ന ഹോം സ്റ്റേകളില്‍ ഒട്ടേറെ വിദേശികളും സ്വദേശികളും വന്നുപോവുന്നുണ്ടെന്നും വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി. പ്രസന്ന, ടി.കെ.പി മുഹമ്മദ് കുഞ്ഞി, എ. മനോഹരന്, കെ.വി സുരേന്ദ്രന്, എ. ഭാസ്കരന്, എ.കെ.വി രാജീവന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."