ജനസേവകര്‍ ഉറക്കമൊഴിഞ്ഞു; അനധികൃതക്കാര്‍ക്ക് 'പണിയായി'
നീലേശ്വരം: നഗരത്തില്‍ ജനസേവകര്‍ ഉറക്കമൊഴിച്ച് പണിയെടുത്തപ്പോള്‍ അനധികൃതക്കാര്‍ക്ക് 'പണി കിട്ടി'. നഗരത്തിലെ ഓവുചാലുകള്‍ വഴി മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കി വിടുന്നവരാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും ഉറക്കമൊഴിച്ചുള്ള പരിശോധനയില്‍ കുടുങ്ങിയത്. ഓവുചാലുകള്‍ വഴി മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നത് ആഴ്ചകള്‍ക്കു മുന്‍പ് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഓവുചാലുകള്‍ വഴി മലിനജലം ഒഴുക്കിവിടുന്ന ഹോട്ടല്‍, ലോഡ്ജ് ഉടമകള്‍ക്ക് നഗരസഭ നോട്ടിസും നല്‍കിയിരുന്നു. പ്രശ്‌നം പരിഹരിക്കുമെന്ന് ഉടമകള്‍ നഗരസഭയ്ക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും നടപ്പായില്ല. തുടര്‍ന്ന് ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ മാര്‍ക്കറ്റ് ജങ്ഷനിലെ ചില ഹോട്ടലുകളും ലോഡ്ജുകളും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മലിന ജലം പൈപ്പുവഴി വര്‍ഷങ്ങളായി ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഓവുചാലുകള്‍ക്കു മുകളിലെ സ്ലാബുകള്‍ നീക്കിയപ്പോള്‍ രോഗാണുക്കളെയും കണ്ടെത്തി. ഇതിന്റെ തുടര്‍ചയായി വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു വരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ലാബുകള്‍ മാറ്റി കൂടുതല്‍ പരിശോധന നടത്തി. ഒരു ഹോട്ടലിന്റെ പടികള്‍ സ്ലാബുകള്‍ക്കു മുകളിലേക്കു കയറ്റി നിര്‍മിച്ചതായും കണ്ടു. ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം ഇന്നലെ രാവിലെ ഈ പടികള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി. മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയ ഹോട്ടലുകള്‍ അടപ്പിക്കുകയും ചെയ്തു.
ഇത്തരം ഹോട്ടലുകള്‍ക്കെതിരേയും ലോഡ്ജുകള്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനയും നടപടിയും തുടരും.
പ്രവര്‍ത്തിയുടെ ഉദ്ദേശശുദ്ധി മനസിലാക്കി പൊതുജനങ്ങള്‍ തങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളോട് സഹകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ അഭ്യര്‍ഥിച്ചു.
ചെയര്‍മാന് പുറമെ ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ് റാഫി, കൗണ്‍സലര്‍മാരായ എ.വി സുരേന്ദ്രന്‍, പി.കെ രതീഷ്, കെ.വി സുധാകരന്‍, സി. മാധവി, പി. മനോഹരന്‍, നഗരസഭാ സെക്രട്ടറി കെ. അഭിലാഷ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജന്‍ , കെ.വി രൂപേഷ് , നഗരസഭാ എന്‍ജിനിയര്‍ രമേഷ് നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
15 വര്‍ഷത്തോളമായി വൃത്തിയാക്കാതെ കിടന്ന നഗരത്തിലെ ഓവുചാലുകളും ഇതോടൊപ്പം ശുചീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."