സഊദിയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; നാശനഷ്ടം
റിയാദ്: തണുപ്പിലേക്കുള്ള മുന്നൊരുക്കമായുണ്ടായ കാലാവസ്ഥാ വ്യതിയാനത്തില്‍ സഊദിയുടെ വിവിധയിടങ്ങളില്‍ തകര്‍പ്പന്‍ മഴ. കനത്ത മഴയില്‍ നിരവധി റോഡുകളും വാഹനങ്ങളും ഒഴുകിപ്പോയി കനത്ത നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശുദ്ധ മക്കയിലും പരിസരങ്ങളിലുമുണ്ടായ മഴയില്‍ ലോക മുസ്‌ലിംകള്‍ വര്‍ഷത്തിലൊരിക്കല്‍ സംഗമിക്കുന്ന അറഫ മൈതാനത്തിലും കനത്ത മലവെള്ളപ്പാച്ചിലുണ്ടായി.
പലയിടങ്ങളിലും റോഡുകള്‍ ഒലിച്ചു പോയതിനാല്‍ ഗതാഗതം തടസ്സപ്പെടുകയും പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. മഴ ശമിക്കുന്നതിനനുസരിച്ചു വേണ്ട സഹായങ്ങള്‍ ചെയ്യുന്നതില്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.
അല്‍ബാഹ പ്രവിശ്യയില്‍ മര്‍കസ് കറാ, ബനീഅദ്‌വാന്‍, ഖല്‍വ, ബനീസാര്‍, ജര്‍ബ് അല്‍ബാഹ, ഹുജൈര്‍, ബനീദ്വബ്‌യാന്‍, ബനീ കബീര്‍, ബനീ ഫര്‍വ എന്നിവിടങ്ങളിലും മധ്യ,കിഴക്കന്‍ പ്രദേശങ്ങളിലെ വിവിധയിടങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ശക്തമായ മഴയില്‍ പാറയിടിഞ്ഞും മറ്റും ഗതാഗതം താറുമാറായ ജിസാന്‍ പ്രവിശ്യയിലെ ഹറൂബില്‍ റോഡുകള്‍ നന്നാകുവാനുള്ള ശ്രമം തുടരുകയാണ്.
കനത്ത മഴ കാരണം ഫുര്‍സാന്‍ ദ്വീപുകളിലെ മീന്‍പിടിത്തക്കാര്‍ക്ക് കടലില്‍ പോകാന്‍ സാധിച്ചില്ല. അസീര്‍ പ്രവിശ്യയില്‍ മഴക്കിടെ 23 വാഹനാപകടങ്ങളുണ്ടായി.
അപകടങ്ങളില്‍ ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ പ്രവിശ്യയിലടക്കം ചിലയിടങ്ങളില്‍ ഐസ് മഴയാണ് പെയ്തത്. ലുബാന്‍ ചുഴലിക്കാറ്റിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."