മോദി സ്തുതി: തരൂരിനോട് കെ.പി.സി.സി അടിയന്തര വിശദീകരണം തേടി, പാര്‍ട്ടിയുടെ അന്തസ്സിനും അച്ചടക്കത്തിനും നിരക്കാത്ത നടപടിയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം:മോദിക്ക് സ്തുതിപാടിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടി. അടിയന്തരമായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തരൂരിന്റേത് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന നിലപാടെല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അന്തസ്സിനും അച്ചടക്കത്തിനും നിരക്കാത്ത നടപടിയാണിതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ശശി തരൂര്‍ എന്തിന് വേണ്ടിയാണ് മോദിയെ സ്തുതിക്കുന്നതെന്ന് മനസിലാകുന്നില്ല. അവസര സേവകന്മാര്‍ പാര്‍ട്ടിക്ക് ബാധ്യതയായിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയുടെ ഉദാഹരണം കോണ്‍ഗ്രസിന് മുന്നിലുണ്ട്. തരൂരിന്റെ മാനസാന്തരത്തിന്റെ കാരണം തരൂര്‍ തന്നെ വിശദീകരിക്കണം. അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മോദി സ്തുതിയുമായി നേതാക്കള്‍ രംഗത്തുവരുമ്പോള്‍ നേതൃത്വത്തിന് കാഴ്ചക്കാരാകേണ്ടി വരുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. സ്തുതിപാഠകരെ തിരുത്തേണ്ടവരും താക്കീതു ചെയ്യേണ്ടവരുമാണ് രംഗത്തു വരുന്നതെന്നതും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. നേരത്തെ എ.പി അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയതും മോദിയെ സ്തുതിച്ചതിനായിരുന്നു. കോണ്‍ഗ്രസ് നേതാക്കളും സ്തുതി തുടര്‍ന്നപ്പോള്‍ അബ്ദുല്ലക്കുട്ടിരംഗത്തെത്തിയിരുന്നു. താന്‍ നേരത്തെ പറഞ്ഞകാര്യങ്ങള്‍ തന്നെയാണ് നേതാക്കള്‍ ആവര്‍ത്തിക്കുന്നതെന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം. എന്നാല്‍ ഈ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന് ചങ്കൂറ്റമുണ്ടോ എന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ അബ്ദുല്ലക്കുട്ടി വെല്ലുവിളിച്ചത്.
ജയറാം രമേശിന് പിന്നാലെ അഭിഷേക് സിങ്‌വിയും മോദിസ്തുതിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. എപ്പോഴും മോദിക്കെതിരേ വിമര്‍ശനം നടത്തുന്ന ശശി തരൂരും ജയറാം രമേശിനൊപ്പം നില്‍ക്കുകയും ചെയ്തു.
മോദിയെ വിമര്‍ശിക്കുന്നത് എപ്പോഴും ഗുണകരമാവില്ലെന്നും അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ അംഗീകരിക്കണമെന്നും വ്യക്തമാക്കിയാണ് ജയറാം രമേശ് രംഗത്തെത്തിയത്. 2014 മുതല്‍ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായെന്നും ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങളുടെ വോട്ടുകളുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മോദിയുടെ പദ്ധതികളെ അനുകൂലിച്ച് അഭിഷേക് സിങ്‌വിയും രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."