സ്കൂള്‍ ക്യാംപസില്‍ റാഗിങ്: മൂന്നു വിദ്യാര്ഥികള്ക്കെതിരേ കേസ്
ആദൂര്‍: സ്കൂള്‍ കോംപൗണ്ടില്‍ പ്ലസ്വണ് വിദ്യാര്‍ഥിയെ റാഗിങിന് വിധേയനാക്കിയെന്ന പരാതിയില്‍ മൂന്നു പ്ലസ് ടു വിദ്യാര്ഥികള്ക്കെതിരേ കോടതി നിര്‍ദേശ പ്രകാരം കേസെടുത്തു.
ആദൂര്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയായ 16കാരന്റെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് പ്ലസ്ടു വിദ്യാര്ഥികള്ക്കെതിരേ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ആദൂര്‍ പൊലിസ് കേസെടുത്തത്.ജൂലൈ 14നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. പ്ലസ്വണ് വിദ്യാര്‍ഥിയെ സ്കൂള്‍ കോംപൗണ്ടില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തി പരസ്യമായി അപമാനിക്കുകയും വിദ്യാര്‍ഥിനികളുടെ മുന്നില്‍വച്ച് റാഗിങ്ങിന് വിധേയനാക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കും പൊലിസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് റാഗിങിനിരയായ കുട്ടിയുടെ രക്ഷിതാക്കള്‍ കോടതിയില്‍ ഹരജി നല്‍കിയത്. തുടര്‍ന്ന് പ്ലസ്വണ് വിദ്യാര്‍ഥിയെ റാഗിങിന് വിധേയരാക്കിയവര്ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."