'കെയര്‍ കേരള': സഹകരണ സംഘങ്ങള്‍ ബോണസ് ചലഞ്ച് അട്ടിമറിക്കുന്നു
തൊടുപുഴ: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനസ്സൃഷ്ടിക്കായി സഹകരണ സംഘങ്ങള്‍ ലാഭവിഹിതം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കുന്നു. 'കെയര്‍ കേരള' എന്നുപേരിട്ട സഹകരണ സംഘങ്ങളുടെ ലാഭവിഹിതം സ്വീകരിക്കുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെടുന്നത്.
സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും 2017 - 18 വര്‍ഷത്തെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത അംഗങ്ങള്‍ക്ക് നല്‍കുന്ന ലാഭവിഹിതം പൊതുയോഗത്തിന്റെ അംഗീകാരത്തോടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
300 കോടിയാണ് 'കെയര്‍ കേരള' എന്ന പദ്ധതിയിലൂടെ പിരിച്ചെടുക്കാനായി സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് 2018 സെപ്റ്റംബര്‍ 17ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സഹകരണ നിയമപ്രകാരം പൊതുയോഗം സെപ്റ്റംബര്‍ 30ന് മുന്‍പാണ് നടത്തേണ്ടിയിരുന്നത്. ഈ സമയപരിധിയില്‍ ഭൂരിഭാഗം ബാങ്കുകളും പൊതുയോഗം നടത്തിയെങ്കിലും സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു. പ്രളയ പശ്ചാത്തലത്തില്‍ പൊതുയോഗത്തിന്റെ സമയം ഡിസംബര്‍ 31 വരെ അനുവദിച്ചതിന്റെ മറവിലാണ് ചില സംഘങ്ങള്‍ തീരുമാനം നീട്ടുന്നത്. മൊത്തം ലാഭത്തിന്റെ സ്റ്റാറ്റിയൂട്ടറി റിസര്‍വ് കിഴിച്ച് വരുന്ന 25 ശതമാനമാണ് പരമാവധി ലാഭവിഹിതമായി നല്‍കാന്‍ സഹകരണ നിയമം അനുശാസിക്കുന്നത്. എന്നാല്‍, പൊതുയോഗത്തില്‍ അംഗീകാരം നേടാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിപക്ഷം സംഘങ്ങളും കെയര്‍ കേരളയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. എല്‍.ഡി.എഫ് ഭരിക്കുന്ന സംഘങ്ങളടക്കം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഓഹരി മൂലധനമുള്ള കാലിക്കറ്റ് സിറ്റി സര്‍വിസ് കോപ്പറേറ്റീവ് ബാങ്ക് ലാഭവിഹിതത്തില്‍ 20 ശതമാനം അംഗങ്ങള്‍ക്കും 5 ശതമാനം സര്‍ക്കാരിലേക്കും നല്‍കി. പൊതുനന്മാഫണ്ടില്‍ നിന്നടക്കം ഒരുകോടി രൂപയോളം തങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന് ജനറല്‍ മാനേജര്‍ സാജു ജെയിംസ് സുപ്രഭാതത്തോട് പറഞ്ഞു.
യുഡി.എഫ് ഭരിക്കുന്ന സംഘങ്ങള്‍ ലാഭവിഹിതം വിട്ടുനല്‍കുന്നതിലെ വിമുഖത തുറന്ന് പ്രകടിപ്പിക്കുമ്പോള്‍ 70 ശതമാനത്തോളം സംഘങ്ങളുടെ ഭരണം കൈയാളുന്ന എല്‍.ഡി.എഫിലും ഇതുസംബന്ധിച്ച് ഭിന്നത രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."