കശ്മിരും ഗ്രീന്‍ലന്‍ഡും പ്രസിഡന്റ് ട്രംപും
ജമ്മു-കശ്മിരും ഗ്രീന്‍ലന്‍ഡും തമ്മില്‍ എന്തു ബന്ധമെന്ന് ചോദിച്ചേക്കാം. മഞ്ഞുപാളികള്‍കൊണ്ടു പൊതിഞ്ഞും മഞ്ഞു മലകള്‍ നിറഞ്ഞും കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലന്‍ഡ് ഒരു സ്വയംഭരണ രാജ്യംകൂടിയാണ്. അതുപോലെ മഞ്ഞുപുതച്ചുകിടക്കുന്ന പര്‍വതങ്ങളിലൊന്നായ ഹിമാലയത്തോടു ചേര്‍ന്ന് മഞ്ഞും മനോഹാരിതയുമുള്ള ഇന്ത്യയുടെ സവിശേഷ സംസ്ഥാനമാണ് ജമ്മു-കശ്മിരെന്നും ചേര്‍ത്തു പറയാം. ജമ്മു-കശ്മിരെന്ന നാട്ടുരാജ്യത്തെ ഇന്ത്യയോട് ചേര്‍ത്ത പ്രത്യേകപദവി എടുത്തുകളഞ്ഞ മോദി ഗവണ്മെന്റിന്റെ നടപടി ലോകവിവാദമായി നിലനില്‍ക്കെ ഗ്രീന്‍ലന്‍ഡിന്റെ ചരിത്രംകൂടി ഇന്ത്യക്കാര്‍ പഠിക്കേണ്ട സാഹചര്യവും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നു. അതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് നാം പ്രത്യേകം കടപ്പെട്ടവരാണ്.
അടുത്ത ദിവസങ്ങളിലായി പ്രസിഡന്റ് ട്രംപ് ഗ്രീന്‍ലന്‍ഡുമായും കശ്മിരുമായും ബന്ധപ്പെട്ട് രണ്ട് ഊക്കന്‍ പ്രതികരണങ്ങള്‍ നടത്തി. ഓഗസ്റ്റ് 26ന് ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ നടന്ന ജി-7 ഉന്നതതലവുമായി ബന്ധപ്പെടുത്തിയായിരുന്നു അത്. കശ്മിരിനെയും ഗ്രീന്‍ലന്‍ഡിനെയും അമേരിക്കന്‍ പ്രസിഡന്റിന്റെ വിദേശനയത്തിന്റെ വസ്തുനിഷ്ഠതയേയും ചേര്‍ത്ത് പരിശോധിക്കാനും അതിടയാക്കുന്നു. കശ്മിര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കുമെന്ന് ആവര്‍ത്തിച്ചിരുന്ന ട്രംപ് ജി-7 ഉന്നത തലത്തിനിടെ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പാകിസ്താന്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ സംസാരിക്കുമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും തന്റെ മഹത്തായ സുഹൃത്തുക്കളാണെന്നും ഇക്കാര്യത്തില്‍ ഇരുവരും തന്നെ ഫോണില്‍ ബന്ധപ്പെട്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ബിയാറിറ്റ്‌സില്‍ ജി-7 ഉന്നതതലം നടക്കുന്നതിനിടയില്‍ ട്രംപും മോദിയുമായി 40 മിനിറ്റിലേറെ ചര്‍ച്ച നടന്നു. അതിനുശേഷം മധ്യസ്ഥതയില്‍നിന്ന് യു.എസ് പ്രസിഡന്റ് തലയൂരുന്നതാണ് കണ്ടത്.
രണ്ടു ഭരണത്തലവന്മാരും പ്രതിനിധി സംഘങ്ങള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോള്‍ ചോദ്യത്തിനുത്തരമായി മോദി പറഞ്ഞതിങ്ങനെ: 'കശ്മിര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണ്. മൂന്നാമതൊരു രാജ്യത്തെ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല'. അടുത്തിരുന്ന ട്രംപിന്റെ മുഖത്തുനോക്കാതെ മോദി പറഞ്ഞു. കശ്മിര്‍ വിഷയം ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് വിശ്വാസമെന്ന് നാലുദിവസംമുമ്പ് കശ്മിരിലെ സ്ഥിതി ഭീതിജനകമെന്ന് പറഞ്ഞ ട്രംപും അറിയിച്ചു. അവിടത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതെന്നും.
ഫ്രാന്‍സില്‍നിന്ന് മടങ്ങുംവഴി ഡെന്‍മാര്‍ക്ക് സന്ദര്‍ശിക്കാനുള്ള പരിപാടി കശ്മിര്‍ മധ്യസ്ഥത പ്രഖ്യാപിച്ചതിന്റെ രണ്ടുനാള്‍ മുമ്പാണ് പ്രസിഡന്റ് ട്രംപ് നാടകീയമായി റദ്ദാക്കിയത്. വൃത്തികെട്ടവള്‍ എന്ന് ഡെന്‍മാര്‍ക്ക് വനിതാ പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്‌സെനെ വിശേഷിപ്പിച്ചായിരുന്നു ഇരു രാജ്യങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനം ട്രംപ് വേണ്ടെന്നുവെച്ചത്. ഡെന്‍മാര്‍ക്കിനു കീഴില്‍ സ്വയംഭരണമുളള ഗ്രീന്‍ലന്‍ഡ് എന്ന രാജ്യം വിലയ്ക്കുവാങ്ങാനുള്ള ട്രംപിന്റെ നീക്കം വെളിപ്പെട്ടതോടെ അതിനെതിരെ പ്രധാനമന്ത്രിയടക്കം ഉയര്‍ത്തിയ വിയോജിപ്പും എതിര്‍പ്പുമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
ഡെന്‍മാര്‍ക്കു യാത്രയ്ക്കു മുന്നോടിയായി ഗ്രീന്‍ലന്‍ഡ് വാങ്ങാനുള്ള സാധ്യത ആരായാന്‍ ട്രംപ് തന്റെ ഔദ്യോഗിക സഹായികളെ നിയോഗിച്ചിരുന്നു. ഈ രഹസ്യം അമേരിക്കന്‍ പത്രമായ 'വാള്‍സ്ട്രീറ്റ് ജേണല്‍' ഓഗസ്റ്റ് 16നാണ് വെളിപ്പെടുത്തിയത്. 1814ല്‍ ഡെന്‍മാര്‍ക്കിനോടു ചേര്‍ക്കപ്പെട്ട, ഇപ്പോള്‍ 8,36,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണവും അരലക്ഷത്തില്‍പരം നിവാസികളുമുള്ള ഗ്രീന്‍ലന്‍ഡിന്റെ പ്രതിരോധവും വിദേശകാര്യവും സാമ്പത്തിക സഹായവും ഡെന്‍മാര്‍ക്കിന്റെ ബാധ്യതയാണ്. മറ്റ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രധാനമന്ത്രിയും പാര്‍ലമെന്റുമുള്ള ഗ്രീന്‍ലന്‍ഡ് തന്നെയാണ്. രണ്ടു ഘട്ടങ്ങളായി സ്വയംഭരണാധികാര പരിഷ്‌കാരങ്ങള്‍ ഗ്രീന്‍ലന്‍ഡില്‍ ഡെന്‍മാര്‍ക്ക് നടപ്പാക്കി. പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യവും സാമ്പത്തിക സഹായമില്ലാതെ എങ്ങനെ ഒറ്റയ്ക്കു നില്‍ക്കുമെന്ന ഉത്ക്കണ്ഠയും ഗ്രീന്‍ലന്‍ഡിനുണ്ട്.
ഗ്രീന്‍ലന്‍ഡിന്റെ ഭരണപരമായ അവസ്ഥ പ്രധാനമന്ത്രിയും സ്വന്തം നിയമസഭയും ഭരണഘടനയും ഉണ്ടായിരുന്ന ജമ്മു-കശ്മിരിന്റെ പഴയ പ്രത്യേകപദവിയെ ഓര്‍മിപ്പിക്കുന്നു. അന്ന് പ്രതിരോധവും വിദേശകാര്യവും ഊര്‍ജവും കേന്ദ്രഗവണ്‍മെന്റിന്റെ ചുമതലയിലെന്നു വ്യവസ്ഥ ചെയ്താണ് ജമ്മു-കശ്മിര്‍ ഇന്ത്യയില്‍ ലയിച്ചിരുന്നതെന്ന് ഓര്‍ക്കുക. ഈ രാഷ്ട്രീയ ചരിത്രവും ഗ്രീന്‍ലന്‍ഡ് -കശ്മിര്‍ - ട്രംപ് ബന്ധത്തെ കൂട്ടിവായിപ്പിക്കാന്‍ ഇടവരുത്തുന്നു.
1951ല്‍ അമേരിക്കയും ഡെന്‍മാര്‍ക്കുമായുള്ള ഒരു ഉടമ്പടിയനുസരിച്ചാണ് അമേരിക്ക അതിന്റെ വ്യോമ- സൈനിക- പ്രതിരോധ രഹസ്യകേന്ദ്രം ഗ്രീന്‍ലന്‍ഡിലെ തുലെയില്‍ തുറന്നത്. ഉത്തര ധ്രുവരേഖയോട് ചേര്‍ന്നുകിടക്കുന്ന ഈ ദ്വീപിന്റെ ഭൂമിശാസ്ത്രപരവും സൈനിക തന്ത്രപ്രാധാന്യവുമാണ് ട്രംപിനെ കൊതിപ്പിക്കുന്നത്. ഗ്രീന്‍ലന്‍ഡിന്റെ ഏറ്റവും വടക്കെ അറ്റത്ത് മിസൈല്‍ മുന്നറിയിപ്പുകളും ബഹിരാകാശ നിരീക്ഷണവും അന്താരാഷ്ട്ര വൈമാനിക യാത്രയ്ക്കുള്ള റണ്‍വേകളും ഇവിടെ അമേരിക്കയ്ക്കുണ്ട്. സോവിയറ്റ് യൂനിയനില്‍നിന്നുള്ള മിസൈല്‍ നീക്കങ്ങളെ നിരീക്ഷിക്കാനാണ് തുലെ അമേരിക്ക കണ്ടെത്തിയതും ശീതയുദ്ധകാലത്ത് അതിരഹസ്യ ആണവായുധ സൂക്ഷിപ്പു കേന്ദ്രമായി ക്യാംപ് സെന്‍ച്വറി സ്ഥാപിച്ചതും.
ഗ്രീന്‍ലന്‍ഡ് വിലയ്‌ക്കെടുക്കുന്നതിന്റെ ഭാഗമായി കോപ്പന്‍ഹാഗണില്‍ യു.എസ് പ്രസിഡന്റ് എത്തുന്നു എന്ന് മാധ്യമവാര്‍ത്ത വന്നതോടെ പരിസ്ഥിതി പ്രവര്‍ത്തകരും ഗ്രീന്‍ലന്‍ഡിലെയും ഡെന്‍മാര്‍ക്കിലെയും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അമേരിക്കന്‍ നീക്കത്തിനെതിരേ ഒറ്റക്കെട്ടായി രംഗത്തുവന്നു. അമേരിക്കന്‍ സൈനികര്‍ ഒഴിഞ്ഞുപോയ താവളങ്ങളും ക്യാംപ് സെന്‍ച്വറിയില്‍നിന്നുള്ള ആണവ മാലിന്യങ്ങളും തുടര്‍ച്ചയായ മഞ്ഞുരുക്കവും പരിസ്ഥിതി വ്യതിയാനവും ഇപ്പോള്‍തന്നെ ആപത്ക്കരമാണെന്ന് ഗ്രീന്‍ലന്‍ഡുകാര്‍ പ്രതിഷേധിച്ചുവരികയായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് ട്രംപിന്റെ മുന്‍ഗാമി ഹാരി ട്രൂമാന്‍ ഗ്രീന്‍ലന്‍ഡ് ദ്വീപിന് പത്തുകോടി ഡോളര്‍ വിലപറഞ്ഞിരുന്നു. ട്രംപിന്റെ നീക്കത്തോടെ അവരുടെ സവിശേഷ സംസ്‌കാരവും സ്വത്വവും ക്ഷേമസംവിധാനങ്ങളും അമേരിക്ക തകര്‍ക്കുമെന്ന് ഗ്രീന്‍ലന്‍ഡുകാര്‍ ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യത്തെ വില്‍പന ചരക്കായി കാണുന്ന അമേരിക്കന്‍ നിലപാടിനെ ചോദ്യംചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയുടെ പിന്‍ബലമുള്ള ഭരണാധികാരിയെന്നു നടിക്കുന്ന ട്രംപ് സ്വയം വിഡ്ഢിയാവുകയോ ദീര്‍ഘകാല സൈനിക ലക്ഷ്യത്തോടെ പാകിസ്താനെയും ഇന്ത്യയെയും വിഡ്ഢിയാക്കുകയാണോ എന്നത് കാലത്തിനേ പറയാന്‍ കഴിയൂ. ഗ്രീന്‍ലന്‍ഡിലെ ജനങ്ങള്‍ സ്വന്തം സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതുപോലെയാണ് ജമ്മു-കശ്മിരിലെ ജനതയും അവരുടെ രാഷ്ട്രീയ - ജനാധിപത്യ വിചാരവികാരങ്ങളും ഉന്നയിക്കുന്നത്. തന്‍കാര്യം നേടാന്‍ കേന്ദ്രത്തിലെ ഭരണാധികാരികള്‍ ജമ്മു-കശ്മിരിനോട് നീണ്ടകാലം നന്ദികേട് കാണിച്ചിട്ടുണ്ടെന്നത് ശരിയാണ്. വിഘടനവാദവും തീവ്രഭീകരതയും സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ വേണ്ടത്ര സംഭാവന നല്‍കിയിട്ടുണ്ട്. എന്നിട്ടും ഇന്ത്യയുടെ മതനിരപേക്ഷതയുടെയും ബഹുദേശീയതയുടെയും തുടര്‍ച്ചയില്‍ കശ്മിര്‍ ജനത ചരടുചേര്‍ന്നു നിന്നു. ഇപ്പോള്‍ അതാകെ തകര്‍ക്കുകയും അവരെയാകെ ഭീകരരെ എന്നപോലെ വളഞ്ഞുവെച്ച് ജനാധിപത്യ മൗലികാവകാശങ്ങള്‍ സൈനിക ബലപ്രയോഗത്തിലൂടെ നിഷേധിക്കുകയാണ് കേന്ദ്ര ഗവണ്മെന്റ്.
നിരോധനാജ്ഞയ്ക്കും കരുതല്‍ തടങ്കലിനും നടുവിലാണ് മൂന്നാഴ്ചയായി ജമ്മു-കശ്മിര്‍. മുന്‍ മുഖ്യമന്ത്രിമാര്‍ നിയമസഭാംഗങ്ങള്‍ എന്നിവരെക്കുറിച്ചുപോലും വിവരമില്ല. ദേശീയ പ്രതിപക്ഷ നേതാക്കളെ കാലുകുത്താന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയക്കുന്നു. കശ്മിരില്‍ എല്ലാം നിയന്ത്രണത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ മുഖവിലയ്‌ക്കെടുത്തിരിക്കയാണ് ട്രംപ്. പൂര്‍വ പാകിസ്താനില്‍ എല്ലാം നിയന്ത്രണത്തിലാണെന്ന് മുമ്പ് പ്രസിഡന്റ് നിക്‌സനെയും കിസിഞ്ചറെയും ബോധ്യപ്പെടുത്തിയ പ്രസിഡന്റ് യഹ്യാഖാന്റെ ഉറപ്പ് ഇത് ഓര്‍മിപ്പിക്കുന്നു. യു.എസ് ഗ്രീന്‍ലന്‍ഡ് താവളമാക്കിയത് മുമ്പ് സോവിയറ്റ് യൂണിയനെതിരേ ആയിരുന്നെങ്കില്‍ ഇന്ന് റഷ്യക്കെതിരേ മാത്രമല്ല ഉത്തര അമേരിക്കയ്‌ക്കെതിരേ വന്നു ഭവിക്കാവുന്ന മിസൈല്‍ ആക്രമണങ്ങളെ ഭയന്നാണ് ഗ്രീന്‍ലന്‍ഡ് വിലയ്‌ക്കെടുത്ത് പൂര്‍ണ സൈനിക താവള വികസനമാക്കാന്‍ ട്രംപ് ശ്രമിക്കുന്നത്.
ജമ്മു-കശ്മിരിലെ പുതിയ സാഹചര്യത്തിലും ഇതുപോലൊരു സൈനിക കണ്ണ് യു.എസ് പ്രസിഡന്റിനുണ്ട്. സൈനികമായും സാമ്പത്തികമായും അമേരിക്ക ഭയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ചൈനയുമായി ബന്ധപ്പെട്ടാണത്. ഇന്ത്യക്കെതിരേ ആയുധവും അര്‍ഥവും നല്‍കി ബംഗ്ലാദേശ് വേറിട്ടിട്ടും പാകിസ്താനെ സഹായിച്ചുപോന്നത് അമേരിക്കയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ശാക്തിക ബലാബലത്തില്‍വന്ന മാറ്റത്തിനനുസരിച്ച് ഇന്ത്യയിലെ യു.പി.എ സര്‍ക്കാരും മോദി സര്‍ക്കാരും അമേരിക്കയുടെ സവിശേഷ തന്ത്രപരമായ സൈനിക പങ്കാളിയായി. മോദി ഒരു പടികൂടി മുന്നോട്ടുപോയി നാറ്റോയിലെ വിശിഷ്ടാംഗം മാത്രമല്ല ഇസ്‌റാഈലും അമേരിക്കയും ചേര്‍ന്നുള്ള സൈനിക ബാന്ധവത്തിലും വിശ്വസ്ത പങ്കാളിയായി.
ഫലസ്തീന്‍ നിലപാടിനെതുടര്‍ന്ന് ബ്രിട്ടനും അമേരിക്കയും അറബ് രാജ്യങ്ങളില്‍നിന്നാകെ വെറുക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തിരുന്നു. അപ്പോഴാണ് 1948ല്‍ കശ്മിര്‍പ്രശ്‌നം അവര്‍ക്ക് അവസരമായത്. ജമ്മു-കശ്മിരിനെ രണ്ടായി വിഭജിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ബ്രിട്ടനും അമേരിക്കയും പ്രധാനമന്ത്രി നെഹ്‌റുവിനുമേല്‍ സമ്മര്‍ദം ചെലുത്തി. നെഹ്‌റു വഴങ്ങിയില്ല. ബംഗ്ലദേശ് വിമോചനപ്രശ്‌നം വളര്‍ന്ന് ലക്ഷങ്ങള്‍ ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വന്നപ്പോള്‍ സൈനികമായി ഇന്ത്യ ഇടപെടുന്നതിനെ അമേരിക്ക ശക്തമായി വിലങ്ങിടാന്‍ നോക്കി. ഇന്ദിരാഗാന്ധി വഴങ്ങിയില്ല.
പേരെന്തുവിളിച്ചാലും ജമ്മു-കശ്മിരിന്റെ പ്രശ്‌നം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഹിന്ദു-മുസ്‌ലിം പ്രശ്‌നമാണെന്ന ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ നിലപാട് അമേരിക്കയുടെ ആ പഴയ വിഷലിപ്ത നിലപാടിന്റെ മറ്റൊരാവര്‍ത്തനമാണ്. ഹിന്ദുവും മുസല്‍മാനും മതവുമല്ല ജമ്മു-കശ്മിരില്‍ ഇന്നത്തെ സ്ഥിതിയുണ്ടാക്കിയത്. ജനവിധിയോടെ കിട്ടിയ അധികാരഹുങ്ക് ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അവസരമാണെന്ന് ധരിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ധിക്കരിക്കുന്ന ഒരു ഭരണാധികാരിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ പ്രത്യാഘാതം മാത്രമാണ്.
കശ്മിര്‍ പ്രശ്‌നം സൈനിക വിഷയമായി ആദ്യം ഉയര്‍ന്നപ്പോള്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും വിഭജന സൈനിക നിലപാടുകളെ വേണ്ടിവന്നാല്‍ സൈനികമായിപ്പോലും ഇടപെട്ട് പരാജയപ്പെടുത്തുമെന്നു മുന്നറിയിപ്പു നല്‍കിയ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. ഇന്ന് അതേ സാമ്രാജ്യത്വ രാഷ്ട്രീയ - സാമ്പത്തിക-സൈനിക നീക്കങ്ങള്‍ രഹസ്യമായും പരസ്യമായും തുടരുന്നവരെ ആലിംഗനം ചെയ്തും ഗൂഢതാല്‍പര്യങ്ങളില്‍ ഏര്‍പ്പെട്ടും കയ്യടി നേടുന്ന മറ്റൊരു പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നതാണ് വ്യത്യാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."