ഓര്‍മയായത് കൊറ്റിയില്‍ ഗ്രാമത്തിലെ 'മദര്‍ തെരേസ'
തൃക്കരിപ്പൂര്‍: കൊടും ദാരിദ്ര്യവും പട്ടിണിയും മൂലം സ്വന്തം കുട്ടികളെ വളര്‍ത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അത്താണിയായിരുന്നു കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കൊറ്റിയില്‍ വിടപറഞ്ഞ തൃക്കരിപ്പൂര്‍ സ്വദേശിനി ഒ.ടി സഫിയത്ത് ഹജ്ജുമ്മ. പ്രസവിച്ച് മാസങ്ങള്‍ മാത്രം പിന്നിട്ട നിരവധി കുഞ്ഞുങ്ങളെ വളര്‍ത്തി പഠിപ്പിച്ച് പെണ്‍കുട്ടികളാണെങ്കില്‍ കല്യാണം കഴിപ്പിച്ചുവിടുന്ന ചരിത്രമാണ് സഫിയത്ത് ഹജ്ജുമ്മക്കുള്ളത്.
തന്റെ ജന്മഗ്രാമമായ തൃക്കരിപ്പൂരില്‍ നിന്നും ആറുകിലോമീറ്റര്‍ അകലെയുള്ള കൊറ്റിയില്‍ ഭര്‍ത്താവിനൊപ്പം താമസം തുടങ്ങിയതോടെയാണ് കുട്ടികളെ വളര്‍ത്തി പഠിപ്പിക്കുന്നതില്‍ അവര്‍ ആശ്വാസം കണ്ടെത്തിയത്. മലേഷ്യയില്‍ വ്യാപാരിയായ ഭര്‍ത്താവിന്റെ പിന്തുണയും കിട്ടിയതോടെ സഫിയത്ത് ഹജ്ജുമ്മ സധൈര്യം മുന്നോട്ടു പോയി. ഇതോടെ ഗ്രാമവാസികളില്‍ ചിലര്‍ ഇവരുടെ വീടിനെ അനാഥ മന്ദിരമെന്നും സഫിയത്ത് ഹജ്ജുമ്മയെ ചിലര്‍ കൊറ്റിയിലെ മദര്‍തെരെസയെന്നും വിളിച്ചുതുടങ്ങി.
രണ്ടു കുട്ടികളെ റെയില്‍വെ ട്രാക്കിന് സമീപത്തുവച്ച് മാതാവ് ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ അതുവഴി വന്ന സഫിയത്ത് ഹജ്ജുമ്മ അവരെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചു.
കാര്യങ്ങള്‍ തിരക്കിയ ഹജ്ജുമ്മ ദാരിദ്ര്യമാണ് കുട്ടികളെ വളര്‍ത്താന്‍ ബുദ്ധിമുട്ടെങ്കില്‍ കുട്ടികളെ ഞാന്‍ വളര്‍ത്തികൊള്ളാമെന്ന് പറഞ്ഞ് കുട്ടികളെ ഏറ്റെടുത്ത് സ്വന്തം മക്കളോടൊപ്പം വളര്‍ത്തി.
ഇന്ന് ഇവര്‍ രണ്ടുപേരും കുടുംബമായി നല്ല നിലയില്‍ താമസിക്കുന്നുണ്ട്. ഹജ്ജുമ്മ പോറ്റി വളര്‍ത്തിയ കുട്ടികളെല്ലാം നാടിന്റെ വിവിധ ഭാഗങ്ങളില്‍ കുടുംബമായി താമസിക്കുകയാണ്. ഇവര്‍ വളര്‍ത്തിയ മക്കളെല്ലാം ഇടക്കിടെ ഇവരെ വന്നു കാണാറുണ്ട്. പയ്യന്നൂരിലെ കൊറ്റിയിലെ വീട്ടിലാണ് മരണപ്പെട്ടതെങ്കിലും ഹജ്ജുമ്മയുടെ ആഗ്രഹ പ്രകാരം തൃക്കരിപ്പൂര്‍ ബീരിച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."