രാജസ്ഥാനില്‍ ബി.ജെ.പിക്ക് സമ്മര്‍ദം
കോണ്‍ഗ്രസും ബി.ജെ.പിയും മാറിമാറി ഭരണത്തില്‍ വരികയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. കഴിഞ്ഞ തവണ വസുന്ധര രാജെ സിന്ധ്യയാണ് ബി.ജെ.പി മുഖ്യമന്ത്രിയായത്. രാജസ്ഥാനില്‍ 88 ശതമാനം ഹിന്ദു വോട്ടുകളാണുള്ളത്. എന്നാല്‍ 10 ശതമാനം വരുന്ന മുസ് ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ജയിക്കുന്ന പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം നേടാറുണ്ട്. ഡിസംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്. 11ന് ഫലപ്രഖ്യാപനം.
2013ല്‍ 45.5 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് 33.31ഉം. മുന്‍പെന്നത്തേക്കാളും കടുത്ത ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പി നേരിടുന്നത്. പശുസംരക്ഷണത്തിന്റെ പേരിലുണ്ടായ കൊലകളും പത്മാവതി നദി വിവാദങ്ങളും ആള്‍ക്കൂട്ട കൊലയുമെല്ലാം തെരഞ്ഞെടുപ്പിനെ പ്രക്ഷുബ്ധമാക്കുന്നു. സംസ്ഥാനത്തെ പ്രധാന ജാതികളായ ബ്രാഹ്മണരും ഗുജ്ജാറും ജാട്ടും രജപുതും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പ്.
കര്‍ഷകരും കച്ചവടക്കാരും ബി.ജെ.പിക്ക് നേരേ തിരിഞ്ഞിട്ടുമുണ്ട്. ഇതൊക്കെയും എത്രമാത്രം വോട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസിനു കഴിയുമെന്നതാണ് പ്രശ്‌നം.
ശക്തമാകുന്ന മൂന്നാംമുന്നണി
കോണ്‍ഗ്രസിന്റെ ജയപ്രതീക്ഷകളെ അട്ടമറിക്കാന്‍ പോരുന്നതാണ് മൂന്നാംമുന്നണിയുടെ ശക്തി. ഐക്യശ്രമത്തിനിടെ കോണ്‍ഗ്രസുമായി കൂട്ടില്ലെന്ന് പ്രഖ്യാപിച്ച മായാവതിയാണ് ഇതില്‍ പ്രമുഖ. ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാന്‍ സന്നദ്ധമാണെന്ന് ആറു രാഷ്ട്രീയപാര്‍ട്ടികളുടെ മുന്നണിയായ ഐക്യജനാധിപത്യമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.എമ്മിനെ കൂടാതെ, എസ്.പി, സി.പിഐ, ജെ.ഡി.എസ്, സി.പിഐ എം.എല്‍, എം.സി.പി.ഐ.യു എന്നിവയാണ് ഈ മുന്നണിയിലുള്ളത്.
എന്‍.പി.ഇ.പിയും ഐ.എന്‍.എല്‍.ഡിയും സംസ്ഥാനത്ത് സ്വാധീനം തെളിയിക്കാന്‍ പോന്ന പാര്‍ട്ടികളാണ്. ജെ.ഡി.യുവും ശിവസേനയും എല്‍.ജെ.പിയും ഫോര്‍വേഡ് ബ്ലോക്കും മത്സരരംഗത്തുണ്ട്. സംസ്ഥാനത്തെ 33 സംവരണ മണ്ഡലങ്ങളിലാണ് ബി.എസ്.പിയുടെ കണ്ണ്. പരമ്പരാഗത കോണ്‍ഗ്രസിന് വോട്ടു ബാങ്കായ ദലിത്-പിന്നോക്ക വിഭാഗത്തിലാണ് നോട്ടം
കോണ്‍ഗ്രസില്‍ തമ്മിലടി
ഫെബ്രുവരിയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡല്‍ഗഡ്, അല്‍വാര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് കരസ്ഥമാക്കി. അതുപോലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അല്‍വാര്‍ സീറ്റും കോണ്‍ഗ്രസ് നേടിയത് ബി.ജെ.പിയെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്. നിയസഭാ ഫലം ഏതു ദിശയിലേക്ക് നിര്‍ണയിക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പുഫലങ്ങളെന്ന് റിപ്പാര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ഉള്‍പ്പാര്‍ട്ടി പോര് രാജസ്ഥാന്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. മുതിര്‍ന്ന നേതാവും ശക്തനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമാണ് ഇരു ചേരികളുടെ അധിപന്‍മാര്‍. രാഹുല്‍ഗാന്ധി സച്ചിനോടു കാട്ടുന്ന മമത ഗെലോട്ടിന് ദഹിച്ചിട്ടില്ല. ഗെലോട്ടിന്റെ ഭരണപരാജയമാണ് ബി.ജെ.പി 2013ല്‍ അധികാരത്തിലെത്താന്‍ കാരണമെന്നാണ് രാഹുലിന്റെ ആരോപണം. സച്ചിനെ അവരോധിക്കാനാണ് ഗെലോട്ടിനെ എ.ഐ.സി.സി സെക്രട്ടറിയായി നാടുകടത്തിയതെന്ന് ആരോപണമുണ്ട്. സച്ചിന്‍ പൈലറ്റിന് ജനസമ്മതിയുണ്ടെങ്കിലും ഗെലോട്ട് പിണങ്ങുന്ന പക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. കാരണം ജാതിവോട്ട് ഫലം നിര്‍ണയിക്കുന്ന രാജസ്ഥാനില്‍ പ്രമുഖ പിന്നോക്ക വിഭാഗമായ മാലിയുടെ പിന്തുണ ഗെലോട്ടിനുണ്ട്. പലവേളകളിലും രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ മുഖം താനാണെന്ന് ഗെലോട്ട് പ്രഖ്യാപിച്ചതും മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടാണെന്ന് വിലയിരുത്താം. ജയം നേടേണ്ടതിനാല്‍ ഗെലോട്ടിനെ സച്ചിന്‍ എതിര്‍ക്കുന്നില്ല പകരം ജയിച്ചാല്‍ മുഖ്യമന്ത്രിയെ കേന്ദ്രം തീരുമാനിക്കുമെന്ന് പ്രഖ്യാപിക്കുന്നു.
അസ്വസ്ഥം ബി.ജെ.പി
ഇക്കഴിഞ്ഞ ജൂണിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ നേട്ടത്തില്‍ വിശ്വസിച്ചാണ് ബി.ജെ.പി കച്ചമുറുക്കുന്നത്. 27ല്‍ 13 സീറ്റുകള്‍ നേടിയെങ്കിലും 11 സീറ്റുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലെത്തിയത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ നടന്ന അഭിപ്രായ സര്‍വേകളില്‍ ബിജെ.പി പരാജയപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഒരുപിടി ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കളെ ലക്ഷ്യമിട്ടാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. 51 ലക്ഷത്തോളം വരുന്ന ഇവരെ വോട്ടാക്കിമാറ്റാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം. ഇവരെക്കൊണ്ട് വീടുകളില്‍ കമല്‍ ദിയ (താമര വിളക്ക്) കത്തിച്ച് പിന്തുണ എത്രത്തോളമുണ്ടെന്ന് കണ്ടെത്താന്‍ തന്ത്രപരമായ നീക്കവും നടത്തുന്നു.
പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മിലുള്ള അസ്വാരസ്യം പിരിമുറുക്കമുണ്ടാക്കുന്നു. രാജെപക്ഷക്കാരനായ പാര്‍ട്ടി അധ്യക്ഷനെ മാറ്റി സ്വന്തം പ്രതിനിധിയെ അമിത് ഷാ നിയോഗിച്ചിട്ടും അധികാരം കയ്യാളാന്‍ വീണ്ടും 74 ദിവസം വേണ്ടിവന്നതുതന്നെ പാര്‍ട്ടിയിലെ അന്തഛിദ്രം വെളിവാക്കുന്നതാണ്്. രാജെയും പുതിയ പാര്‍ട്ടി പ്രസിഡന്റും തമ്മില്‍ കാണുന്നതുപോലും വിരളമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ജയസാധ്യതയെ സ്വാധീനിക്കും. തനിക്ക് പകരക്കാരനെ ഷാ നോക്കിവച്ചിട്ടുണ്ടോ എന്ന പേടിയാണ് രാജെയെ പിന്നോട്ടു നിര്‍ത്തുന്നതെന്നാണ് സംസാരം.
ഭരണവിരുദ്ധ വികാരം തീവ്രമാണെന്നും അത് തീര്‍ക്കാന്‍ രാജെയെ പിണക്കാതെ തെരഞ്ഞെടുപ്പിനു ശേഷം പകരക്കാരനെ കണ്ടെത്താന്‍ ഷാ ശ്രമിച്ചേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് വിലയിരുത്താനെന്നപേരില്‍ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കറും ഗജേന്ദ്രസിങ് ശെഖാവതും അര്‍ജുന്‍ രാം മേഘവാളും മന്‍സുഖ് മാണ്ഡവ്യയും സത്യപാല്‍ സിങും ശിവ് പ്രതാപ് ശുക്ലയും കൃഷ്ണ ഗോപാലും ഓംപ്രകാശ് മാത്തൂര്‍ എം.പിയും എത്തിയത് ഇതിന്റെ ഭാഗമാണോയെന്ന് രാജെ സ്വാഭാവികമായും സംശയിക്കുന്നു.
രാജെയാണ് അടുത്ത മുഖ്യമന്ത്രിയെന്ന രീതിയില്‍ പല ജില്ലാ പ്രസിഡന്റുമാരും പ്രചാരണം നടത്തിയപ്പോള്‍ ജില്ലാ പ്രസിഡന്റുമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്ത് ഷാ തിരിച്ചടിച്ചത് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമാകും.
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകനും എം.എല്‍.എയുമായ മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടത് ബി.ജെ.പി വോട്ടുബാങ്കായ രജപുത്ര വിഭാഗത്തെ അകറ്റിയേക്കുമെന്ന വാര്‍ത്തകളുണ്ട്. പാര്‍ട്ടിവിട്ട ശികാര്‍ ബ്രാഹ്മണ മുഖം ഘനശ്യാം തിവാരി എം.എല്‍.എ സ്വന്തം പാര്‍ട്ടിയുമായി രംഗത്തുണ്ട്. തീപ്പൊരി പ്രാസംഗികനും ജാട്ട് നേതാവുമായ ഹനുമാന്‍ ബേനിവാളും പാര്‍ട്ടി വിട്ടിരുന്നു. ഗുജ്ജാര്‍ വിഭാഗത്തോട് അനീതികാട്ടിയെന്ന് പരാതിപ്പെടുന്ന കിരോരി സിങ് ബേന്‍സ്ല മുഖ്യമന്ത്രിയുടെ ഗൗരവ് യാത്രയെ പൂര്‍വ ഗുജറാത്തില്‍ തടയുമെന്ന് പ്രഖ്യാപിക്കുന്നിടത്തോളം അസ്വാരസ്യമെത്തി. തുടര്‍ന്ന് രാജെ യാത്ര റദ്ദാക്കിയെങ്കിലും വാജ്‌പേയിയുടെ മരണം കാരണമാണെന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രമുഖരൊഴിയുന്ന അങ്കക്കളം
രാജസ്ഥാനില്‍ പ്രമുഖരെ പുറത്തിരുത്തി മുന്നേറുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. 30 വര്‍ഷം കൂടുമ്പോള്‍ ഒരു പ്രമുഖന്‍ പുറത്താവുന്നു. 1970ല്‍ മോഹന്‍ലാല്‍ സുഖാഡിയയെ ഇന്ദിരാഗാന്ധി പുറത്തിരുത്തിയെങ്കില്‍ 2003ല്‍ ഭൈരോണ്‍ സിങ് ശെഖാവത്തിനെ ബി.ജെ.പി പറപ്പിച്ചു. 2018ല്‍ അത് കോണ്‍ഗ്രസിന്റെ ശക്തന്‍ അശോക് ഗെലോട്ട് ആയേക്കുമെന്നാണ് ശ്രുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."