കേരളത്തില്‍ സമാധാനം കൈവരിക്കുന്നതിന് ക്രിയാത്മകമായി ഇടപെടണം
ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധിയെ തുടര്‍ന്ന് തികച്ചും അസാധാരണ സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. സമാധാന അന്തരീക്ഷം തീര്‍ത്തും ഇല്ലാതായിരിക്കുന്നു. പ്രളയക്കെടുതികള്‍ ഒരുമയോടെ നേരിട്ട ജനങ്ങളാകെ ഭിന്നിച്ചുനില്‍ക്കുന്ന ദുഃഖകരമായ ഈ അവസ്ഥ മാറ്റിയെടുക്കേണ്ടത് കേരളത്തിന്റെ പുരോഗതിക്കും ജനന്മയ്ക്കും അനിവാര്യമാണ്. അതിനായി സുപ്രിംകോടതിയുടെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടായേ മതിയാകൂ.സുപ്രിംകോടതി വിധിയുടെ ഫലമായി ഉണ്ടായ സംഭവ വികാസങ്ങളൊക്കെ സ്വാഭാവികമായും സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ വന്നു കാണുമെന്നതില്‍ സംശയമില്ല.
കേരളത്തെ സമാധാനത്തകര്‍ച്ചയിലേക്ക് എത്തിച്ച സ്വന്തം വിധി സുപ്രിംകോടതിക്ക് തന്നെ സ്വയം പരിശോധിച്ച് പരിഹാരമുണ്ടാക്കാന്‍ കഴിയുന്നതാണ്.
പാതയോരത്തെ മദ്യശാല നിരോധനം സംബന്ധിച്ച സുപ്രിംകോടതി വിധിയില്‍ ഇളവ് വേണമെന്ന സംസ്ഥാന സര്‍ക്കാരുകളുടെയും മദ്യശാലാ ഉടമകളുടെയും ആവശ്യങ്ങളെ പാടെ നിരാകരിച്ച് ആവര്‍ത്തിച്ചുറപ്പിച്ച സ്വന്തം വിധി ആരും ആവശ്യപ്പെടാത്ത മറ്റൊരു സന്ദര്‍ഭത്തില്‍ സുപ്രിംകോടതി തന്നെ മാറ്റിമറിച്ച സംഭവം നമ്മുടെയെല്ലാം മനസിലുണ്ട്. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിനു മാത്രം ബാധകമായ കാര്യങ്ങള്‍ പരിഗണനാ വിഷയമായിരുന്ന 'എറൈവ് സേഫ് സൊസൈറ്റി' കേസിലെ അന്തിമ വിധിയില്‍ മദ്യശാലാ നിരോധനം നഗരങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലേക്കെത്തിയ സുപ്രിംകോടതി വിധി ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ ഇന്നേവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ഈ കേസിന്റെ പരിഗണനാ വേളയില്‍ ആരുംതന്നെ ഉന്നയിക്കാത്ത ഇങ്ങനെ ഒരാവശ്യം എങ്ങനെ സുപ്രിംകോടതി വിധിയില്‍ അംഗീകരിക്കപ്പെട്ടു എന്നത് ഇന്നും ദുരൂഹമാണ്. ഇതിന്റെയെല്ലാം പരിണിതഫലം രാജ്യമാകെയുള്ള മദ്യവ്യാപനമാണ്. നാടിനും ജനങ്ങള്‍ക്കും വിനാശകരവും മദ്യശാല ഉടമകള്‍ക്ക് മാത്രം ഗുണകരവുമായ ഈ വിധി പ്രസ്താവിച്ച സുപ്രിംകോടതി കേരളത്തിലെ സമാധാന അന്തരീക്ഷം കൈവരിക്കുന്നതിന് ഇതേ കീഴ്‌വഴക്കം പാലിച്ചുകൊണ്ട് സ്വന്തം വിധി പുനപരിശോധിച്ച് ശബരിമല പ്രശ്‌നത്തില്‍ രമ്യമായ പ്രശ്‌നപരിഹാരത്തിന് കളമൊരുക്കണം.
അതിനുള്ള ബാധ്യത സുപ്രിംകോടതിക്കുണ്ട്. സമാധാന അന്തരീക്ഷം ഉറപ്പുവരുത്താന്‍ കടപ്പെട്ട ജുഡിഷ്യറിയുടെ തീരുമാനങ്ങള്‍ ഒരിക്കലും അതില്‍ നിന്നുള്ള വ്യതിചലനമാകാതിരിക്കാനുള്ള ജാഗ്രത പാലിക്കപ്പെടേണ്ടതുണ്ട്.
പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിനും വലിയ ഉത്തരവാദിത്തമാണുള്ളത്. പട്ടികജാതിപട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രിംകോടതി വിധിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയുമായി വന്നത് ഓര്‍ക്കേണ്ടതുണ്ട്. ഈ നടപടി ശബരിമലയുടെ കാര്യത്തിലും പ്രസക്തമാണ്.
കേരളത്തിലെ സംഘര്‍ഷം കൂടുതല്‍ വളരുന്നതിന് ഇടനല്‍കാതെ എത്രയും വേഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഉചിതമായ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇതൊരു ഓര്‍ഡിനന്‍സ് ആയി തന്നെ കൊണ്ടുവരണം. അതിന് ഇനിയും വൈകരുത്.ഇതിനായി കേന്ദ്രസര്‍ക്കാരില്‍ ശക്തിയായി സമ്മര്‍ദം ചെലുത്താന്‍ ബി.ജെ.പി നേതൃത്വം തയാറാകണം. അതിന് അവര്‍ മുന്നോട്ടു വരുന്നില്ലെങ്കില്‍ അത് പൊറുക്കാനാകാത്ത ജനവഞ്ചനയായിരിക്കും.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇത്രയും മോശമാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് ഏറെ വിമര്‍ശനത്തിന് ഇടവരുത്തിയിരിക്കുകയാണ്.പാതയോരത്തെ മദ്യശാല നിരോധനവിധി സുപ്രിംകോടതിയില്‍ നിന്നുണ്ടായപ്പോള്‍ ആ വിധിയുടെ അന്തസ്സത്തക്കെതിരെ തുടര്‍ച്ചയായ നിലപാട് സ്വീകരിച്ചു വന്ന സംസ്ഥാനസര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കുന്നതിനു കാണിച്ച അമിതാവേശവും അതീവ വ്യഗ്രതയുമാണ് കാര്യങ്ങള്‍ ഇത്രത്തോളം പരിധി വിട്ട് പോകാന്‍ ഇടയാക്കിയത്. പാതയോരത്തെ മദ്യശാല നിരോധനം സംബന്ധിച്ച് സുപ്രിംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ബാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍,വൈന്‍ പാര്‍ലറുകള്‍ക്കും ബാധകമല്ലെന്ന നിലയില്‍ അതെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം വരെ ഉണ്ടായി.ദേശീയസംസ്ഥാന പാതകളെ പുനര്‍വിജ്ഞാപനം ചെയ്ത് അതല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല.
ഇപ്രകാരം തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത സുപ്രിംകോടതി വിധിയെ മദ്യശാലക്കാര്‍ക്ക് വേണ്ടി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കള്ളക്കളികള്‍ മറച്ചുവച്ചുകൊണ്ട് ഇപ്പോള്‍ സുപ്രിംകോടതി വിധി നടപ്പാക്കേണ്ട ബാധ്യതയെ കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇരട്ടത്താപ്പ് തിരിച്ചറിയാന്‍ ആര്‍ക്കുമാകും.
അതുകൊണ്ട് രാഷ്ട്രീയ അജണ്ടകളൊക്കെ മാറ്റിവെച്ച് കേരളത്തില്‍ സമാധാനം തിരിച്ചു കൊണ്ടുവരാനുള്ള സമീപനങ്ങളും അനുയോജ്യ നടപടികളുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.ഇനിയെങ്കിലും ഇക്കാര്യത്തിന് സംസ്ഥാന സര്‍ക്കാര്‍ മുഖ്യ പ്രാധാന്യം നല്‍കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.കേരളത്തിലെ ഇന്നത്തെ ദുരവസ്ഥ മാറ്റിയെടുക്കാനും സമാധാനം കൈവരിക്കാനുമുള്ള ക്രിയാത്മക ശ്രമങ്ങളില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒഴിഞ്ഞു മാറിയാല്‍ അത് ജനങ്ങളോട് കാണിക്കുന്ന കടുത്ത അപരാധമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."