പഠിപ്പില്‍ കേമം, ഇരിപ്പില്‍ ദുരിതം; കുഞ്ചുപിളള സ്മാരക സ്‌കൂള്‍ അവഗണനയില്‍
ആലപ്പുഴ : അമ്പലപ്പുഴയിലെ കെ കെ കുഞ്ചുപിളള സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കടുത്ത അവഗണനയില്‍. 2004 ല്‍ ഹയര്‍ സെക്കണ്ടറി പദവി അനുവദിച്ച പളളികൂടത്തില്‍ ഇനിയും ക്ലാസ് മുറികള്‍ ആയില്ല. അധികൃതരുടെ കടുത്ത അവഗണനയാണ് സ്‌കൂളിനെ നാശത്തിലേക്ക് നയിക്കുന്നതെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.
സയന്‍സും കൊമേഴ്‌സും ഐഛീക വിഷയങ്ങളായി പഠിപ്പിക്കുന്ന സ്‌കൂളില്‍ നാലു ബാച്ചുകളായി 240 ഓളം കുട്ടികളാണ് പഠിക്കുന്നത്. എന്നാല്‍ നാളിതുവരെ കുട്ടികള്‍ക്ക് ക്ലാസ് മുറികളിലിരുന്ന പഠിക്കാനുളള ഭാഗ്യം സിദ്ധിച്ചിട്ടില്ല. പകരം ലാബിനായി നിര്‍മ്മിച്ച റൂമിലാണ് വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നത്. പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച തുക വിനിയോഗിച്ചാണ് ലാബിനായുളള കെട്ടിടം നിര്‍മ്മിച്ചിട്ടുളളത്. സ്‌കൂളിന്റെ കൈയില്‍നിന്നും താല്ക്കാലികമായി വാങ്ങിയ ക്ലാസ് മുറികളിലാണ് ഇപ്പോള്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലെ ലാബിന്റെ പ്രവര്‍ത്തനം സുരക്ഷിതമല്ലെന്നാണ് അറിയുന്നത്. കാലവര്‍ഷം കനത്തതോടെ ഈ ക്ലാസ് മുറികളുടെ സുരക്ഷിതത്വം ആശങ്കയിലായിരിക്കുകയാണ്. കുട്ടികളുടെ കണക്കനുസരിച്ച് നാല് ക്ലാസ് മുറികളാണ് ആവശ്യമുളളത്. അമ്പലപ്പുഴ എം എല്‍ എ എന്ന നിലയില്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രത്യേക താല്‍പര്യമെടുത്ത് തന്റെ ആസ്തിവികസന ഫണ്ടില്‍പെടുത്തിയാണ് 55 ലക്ഷം രൂപ അനുവദിച്ചത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സ്‌കൂളിന് ഈ ദുര്‍ഗതി വരുത്തിവെച്ചത്. നാലുമാസങ്ങള്‍ക്ക് മുമ്പ് ഹയര്‍സെക്കണ്ടറി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവേളയില്‍ വകുപ്പ് മന്ത്രിയെത്തിയപ്പോള്‍ മുടക്കുമുതലിന് തുല്യമായ സൗകര്യങ്ങളില്ലാത്ത കെട്ടിടമാണ് നിര്‍മ്മിക്കുന്നതെന്ന് ആക്ഷേപം ഉന്നയിച്ച് മന്ത്രി എസ്റ്റിമേറ്റ് അംഗീകരിക്കാതെ ഉദ്ഘാടനം റദ്ദ് ചെയ്ത് മടങ്ങുകയായിരുന്നു.
മന്ത്രിയുടെ ചങ്കൂറ്റത്തിന് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെയും സമൂഹമാധ്യമങ്ങളിലും കൈയടി കിട്ടിയപ്പോള്‍ പെരുവഴിലായത് 250 ഓളം വിദ്യാര്‍ത്ഥികള്‍. ക്ലാസ് മുറികളില്‍ ഇരുന്നു പഠിക്കാന്‍ കഴിയാതെ ലാബുകളില്‍ തിങ്ങിയും ഞെരുങ്ങിയും നാളുകള്‍ തളളുന്ന വിദ്യാര്‍ത്ഥികളുടെ ദുരിതം കാണാന്‍ ആരുമെത്തിയില്ല. കെട്ടിടനിര്‍മ്മാണവും എസ്റ്റിമേറ്റും പ്ലാനും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും പൊതുമരാമത്ത് വകുപ്പിനായിരിക്കെ മന്ത്രിയുടെ കാര്യമായ ഇടപെടല്‍ കെട്ടിട നിര്‍മ്മാണത്തില്‍ പിന്നീട് ഉണ്ടായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രണ്ടുമുറികളുളള കെട്ടിടമാണ് മന്ത്രി അംഗീകരിക്കാതെ തളളിയത്. കെട്ടിട നിര്‍മ്മാണത്തില്‍ സ്‌കൂളിനോ പി ടി എയ്‌ക്കോ യാതൊരു ബന്ധവുമില്ലാതിരിക്കെ മന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി നിര്‍മ്മാണം പുനരാരംഭിക്കാനുളള നടപടി സ്വീകരിക്കാത്തതിലും അമര്‍ഷം പുകയുന്നുണ്ട്.
കുഞ്ചുപിളള സ്മാരക സ്‌കൂളിലെ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ മാത്രമാണ് ഇനിയും തടസം നിലനില്‍ക്കുന്നതെന്ന് വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥരില്‍നിന്നും അറിയാന്‍ കഴിഞ്ഞു. ഏതായാലും തുടര്‍ച്ചയായി ആറുതവണ നൂറു ശതമാനം വിജയം കരസ്ഥാമാക്കുന്ന സ്‌കൂളില്‍ അടുത്ത അധ്യായ വര്‍ഷമെങ്കിലും ക്ലാസ് മുറികളില്‍ ഇരുന്ന പഠിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നവാഗതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."