പ്രവാസികളെ കൊള്ളയടിക്കാന്‍ 'കട്ടിങ് കമ്പനികളും'
കോഴിക്കോട്: പ്രവാസികളെ പറ്റിച്ച് പണം കൊള്ളയടിക്കുന്ന കട്ടിങ് കമ്പനികള്‍ എന്ന പേരിലറിയപ്പെടുന്ന വന്‍ സംഘം ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. വണ്ടിച്ചെക്കുകള്‍ നല്‍കി പ്രവാസി ബിസിനസുകാരെയും മറ്റും പറ്റിച്ച് പണം പിടുങ്ങുന്ന സംഘങ്ങളുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ഗള്‍ഫ് മേഖലയില്‍ നിരവധി തട്ടിപ്പുകമ്പനികളാണ് പണാപഹരണത്തിന് മാത്രമായി ഇവര്‍ തട്ടിക്കൂട്ടുന്നത്. ഖത്തര്‍, ദുബൈ, യു.എ.ഇ, ഒമാന്‍ തുടങ്ങിയ വിവിധ അറബ് രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിശ്വസനീയമായ രീതിയില്‍ ആരംഭിക്കുന്ന ഇത്തരം കമ്പനികള്‍ ഒന്നോ രണ്ടോ മാസത്തെ പ്രവര്‍ത്തനത്തിനുശേഷം അടച്ചുപൂട്ടും. കണ്ണായ സ്ഥലങ്ങളില്‍ കുറഞ്ഞ മാസത്തേക്ക് കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുക്കുകയും അതിമനോഹരമായി അലങ്കരിക്കുകയും ചെയ്യും. തുടര്‍ന്ന് നിരവധി സ്റ്റാഫുകളെ സ്ഥാപനത്തില്‍ നിയമിക്കും. കൊമേഴ്‌സ്യല്‍ രജിസ്റ്ററേഷന്‍ നടത്തി സ്ഥാപനം ഗള്‍ഫിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളുമായി നല്ല ബന്ധമുണ്ടാക്കും. കഴിവുറ്റ എക്‌സിക്യൂട്ടീവുകളെ വച്ച് മാര്‍ക്കറ്റിങ്ങ് നടത്തുകയും ബാങ്കില്‍ ആവശ്യത്തിന് പണം നിക്ഷേപിച്ച് നല്ല സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കുകയും ചെയ്യും.
കുറച്ചുകാലംകൊണ്ട് പ്രവാസി ബിസിനസുകാരുടെ വിശ്വാസം ആര്‍ജിച്ചെടുക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വിവിധ കമ്പനികളില്‍ നിന്ന് തുടക്കത്തില്‍ സാധനങ്ങള്‍ വാങ്ങുകയും കൃത്യമായി പണം നല്‍കി വിശ്വാസം നേടുകയും ചെയ്യും. പിന്നീടാണ് ആസൂത്രിതമായ നീക്കങ്ങള്‍ ആരംഭിക്കുക. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഒന്നിച്ച് വന്‍തോതില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. കംപ്യൂട്ടറുകള്‍, എ.സി, വാഷിങ് മെഷിന്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളാണ് പ്രധാനമായും ഇവര്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ഇങ്ങനെ വാങ്ങുന്ന സാധനങ്ങള്‍ക്ക് ഒരു മാസമോ 40 ദിവസമോ അവധിയില്‍ ചെക്കുകള്‍ നല്‍കും. തുടര്‍ന്നാണ് തട്ടിപ്പുകള്‍ നടക്കുക. കട്ടിങ് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ ഈ സാധനങ്ങള്‍ മറിച്ചുവില്‍ക്കുകയോ മറ്റു സങ്കേതങ്ങളിലേക്ക് മാറ്റുകയോ ചെയ്ത് പണം കൈക്കലാക്കി നാട്ടിലേക്ക് മുങ്ങുകയാണ് ചെയ്യുക. ഇത്തരം കട്ടിങ് കമ്പനികള്‍ക്കുപിന്നിലെ തലച്ചോര്‍ പലപ്പോഴും മലയാളികളായിരിക്കുമെന്ന് വഞ്ചിക്കപ്പെട്ട ചില പ്രവാസികള്‍ സുപ്രഭാതത്തോട് പറഞ്ഞു. തട്ടിപ്പുനടത്തി നാട്ടിലേക്ക് കടന്നാല്‍ ഇവരെ പിടിക്കാനോ നിയമനടപടികള്‍ക്ക് വിധേയരാക്കാനോ സാധിക്കാറില്ല. ഗള്‍ഫില്‍ നടന്ന സാമ്പത്തിക കുറ്റങ്ങള്‍ക്ക് ഇവിടെ നടപടിയെടുക്കാന്‍ നിര്‍വാഹമില്ലെന്നുപറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയാണ് പതിവ്. ഇത്തരം കട്ടിങ് കമ്പനികള്‍ക്കായി തുടക്കത്തില്‍ പണമിറക്കാനായി നിരവധി മാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായും ഇരകള്‍ പറഞ്ഞു.
ഏതെങ്കിലും ഒരാളുടെ പേരിലായിരിക്കും ചെക്കുകള്‍ നല്‍കുക. ഇയാള്‍ ആദ്യംതന്നെ തന്ത്രപരമായി നാട്ടിലേക്ക് കടക്കും. മറ്റുള്ളവര്‍ പിന്നില്‍ നിന്ന് കളിക്കുന്നതിനാല്‍ ഇവര്‍ക്കെതിരേ തെളിവുകള്‍ ഉണ്ടാകില്ല. ഗള്‍ഫ് നാടുകളിലെ നിയമങ്ങളെ മറികടക്കുന്ന തന്ത്രങ്ങളാണ് കട്ടിങ് കമ്പനികള്‍ നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."