ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാമത്
ന്യൂഡല്‍ഹി: രാജ്യത്ത് ശിശുക്ഷേമ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. അയല്‍സംസ്ഥാനമായ തമിഴ്‌നാട് ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ ജാര്‍ഖണ്ഡും മധ്യപ്രദേശുമാണ് ഏറ്റവും പിന്നിലുള്ളത്. ആരോഗ്യകരമായ വ്യക്തി വികസനവും സംരക്ഷണ സാഹചര്യങ്ങളും പരിഗണിച്ച് സന്നദ്ധസംഘടനകളായ വേള്‍ഡ് വിഷന്‍ ഇന്ത്യയും ഐ.എഫ്.എം.ആര്‍ ലെഡുമാണ് സൂചിക തയാറാക്കിയത്. ഓരോ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പ്രകടനം വിലയിരുത്തിയാണ് ശിശുക്ഷേമ സൂചികയില്‍ മാര്‍ക്ക് തയാറാക്കിയത്.
ആരോഗ്യ, പോഷകാഹാര, വിദ്യാഭ്യാസ സൗകര്യങ്ങളിലെ മികച്ച പ്രകടനം നടത്തിയ കേരളത്തിന് 0.76 മാര്‍ക്ക് ലഭിച്ചപ്പോള്‍ 0.67 മാര്‍ക്ക് വീതം നേടി തമിഴ്‌നാടും ഹിമാചല്‍ പ്രദേശും കേരളത്തിന് തൊട്ടുപിന്നിലെത്തി. മേഘാലയ - 0.53, ഝാര്‍ഖണ്ഡ്- 0.50, മധ്യപ്രദേശ് - 0.44 എന്നിങ്ങനെയാണ് പട്ടികയില്‍ പിന്നിലുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക്.
കേരളത്തില്‍ കൂടുതല്‍ കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി കേരളം പോഷകാഹാരം ലഭ്യമാക്കുന്നത് ഉറപ്പാക്കി. പോഷകാഹാരക്കുറവിനെ മറികടക്കാനും ആരോഗ്യകരമായ അന്തരീക്ഷവും ശുദ്ധജലവും ശൗചാലയങ്ങളും കുട്ടികള്‍ക്ക് ഉറപ്പുവരുത്താനും കേരളത്തിന് കഴിഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."