മലയാളികളെ ജീവനോടെ കുഴിച്ചു മൂടി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ തലവെട്ടി
ദമാം: സഊദിയില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ പ്രതികളായ മൂന്നു പേരുടെ വധ ശിക്ഷ നടപ്പാക്കി. കൊല്ലം ശാസ്താം കോട്ട അരികിലിയ്യത്ത് വിളത്തറ വീട്ടില്‍ ഷാജഹാന്‍ അബൂബക്കര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ് ദാവൂദ്, തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലീം അബ്ദുല്‍ഖാദര്‍, തമിഴ്‌നാട് കന്യാകുമാരി സ്വദേശി അക്ബര്‍ ഹുസൈന്‍ ബഷീര്‍, വില്ലുക്കുറി കല്‍ക്കുളം ഫാതിമ സ്ട്രീറ്റ് ലാസര്‍ എന്നിവരെ നിഷ്ടൂരമായി ജീവനോടെ കുഴിച്ചു മൂടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ യൂസുഫ് ബിന്‍ ജാസിം ബിന്‍ ഹസന്‍ അല്‍മുതവ്വ, അമ്മാര്‍ ബിന്‍ യുസ്‌രി ബിന്‍ അലി ആലുദുഹൈം, മുര്‍തസ ബിന്‍ ഹാശിം ബിന്‍ മുഹമ്മദ് അല്‍മൂസവി എന്നിവരുടെ വധശിക്ഷയാണ് സംഭവം നടന്ന പ്രവിശ്യയിലെ ഖത്വീഫില്‍ വെച്ച് നടപ്പാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എട്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ക്കും വിചാരണ കോടതിയുടെ വധശിക്ഷ വിധിഅപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നതിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് മൂവരെയും കഴിഞ്ഞ ദിവസം തലവെട്ടി വധശിക്ഷക്ക് വിധേയരാക്കിയത്.
2010ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫ് മേഖലയിലുള്ള സ്വഫ് വയില്‍ സ്‌പോണ്‍സറുടെ മകളെ പീഡിപ്പിക്കാന്‍ കൂട്ടത്തിലൊരാള്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് അഞ്ചു പേരെ കൊലപ്പെടുത്തിയത്.
മലയാളികളായ മൂന്നു പേരടക്കം അഞ്ചു പേരെയും ജീവനോടെ കുഴിച്ചു മൂടിയാണ് കൊല നടത്തിയത്. അഞ്ചു പേരെയും ഫാം ഹൗസിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയ പ്രതികള്‍ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം കൈകാലുകള്‍ ബന്ധിച്ചും വായകള്‍ മൂടിക്കെട്ടിയും ക്രൂരമായി മര്‍ദിച്ച ശേഷമാണ് വലിയ കുഴിയെടുത്ത് മണ്ണിട്ടുമൂടിയത്. പണവും മൊബൈല്‍ ഫോണുകളും മറ്റു വിലപിടിച്ച വസ്തുക്കളും തട്ടിയെടുത്ത പ്രതികള്‍ മദ്യനിര്‍മാണ കേന്ദ്രം നടത്തുകയും മദ്യം വിതരണം ചെയ്യുകയും മദ്യവും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്‌തെന്നും കോടതി കണ്ടെത്തി.
ഷാജഹാന്റെയും സലീമിന്റെയും പേരിലുള്ള തിരിച്ചറിയല്‍ രേഖകള്‍ സ്ഥലത്ത് നിന്നും ലഭ്യമായതാണ് നിര്‍ണായക വഴിത്തിരിവായത്. തോട്ടം പാട്ടത്തിനെടുത്തയാള്‍ കൃഷിയാവശ്യത്തിനായി 2014 ല്‍ കുഴിയെടുത്തപ്പോള്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടൊപ്പം കണ്ടെടുത്ത തിരിച്ചറിയല്‍ രേഖകളാണ് നിര്‍ണായകമായത്. പിന്നീട് ഡിഎന്‍ എ പരിശോധന നടത്തി ആളുകളെ തിരിച്ചറിഞ്ഞു. രണ്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് പ്രതികള്‍ക്ക് 2016 മെയ് മാസം വധ ശിക്ഷ വിധിച്ചത്. മലയാളികളടക്കം വിദേശികള്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."