ജമാല്‍ ഖശോകി വധം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ദുബായ്: സഊദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോകി തുര്‍ക്കിയിലെ ഇസ്താംബൂളിലെ സഊദി എംബസിയില്‍ വെച്ച് കൊല്ലപ്പെട്ടതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എംബസിക്കകത്ത് വെച്ചു ചോദ്യം ചെയ്യലിനിടെയുണ്ടായ പിടിവലിക്കിടെയാണ് ജമാല്‍ ഖശോകി മരണപ്പെട്ടതെന്നു സഊദി ഭരണകൂടം ശനിയാഴ്ച്ച പുലര്‍ച്ചെ വ്യക്തമാക്കുകയും പതിനെട്ടു പ്രതികളെ പിടികൂടും ചെയ്തതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുതിര്‍ന്ന സഊദി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്. വായ മൂടിക്കെട്ടിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ജമാല്‍ ഖശോകി മരണപ്പെട്ടതെന്നാണ് വിവരം. എംബസിയില്‍ എത്തുമ്പോള്‍ പിടികൂടി ഇസ്താംബൂളിന് പുറത്ത് ഒരു വീട്ടില്‍ സുരക്ഷിതമായി കുറച്ചുകാലം തടവിലിടുകയും സഊദിയിലേക്ക് തിരിച്ചു വരാന്‍ സന്നദ്ധമല്ലെങ്കില്‍ പിന്നീട് വിട്ടയക്കുകയുമായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എന്നാല്‍, തുടക്കത്തില്‍ തന്നെ പദ്ധതി പൊളിഞ്ഞതിനെ തുടര്‍ന്നാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. മുന്‍കൂട്ടി തീരുമാനിച്ച പദ്ധതി മറികടന്നുള്ള പതിനഞ്ചംഗ സംഘത്തിന്റെ പ്രവര്‍ത്തനമാണ് അത്യാഹിതം ഉണ്ടാകാന്‍ കാരണം. ചില കാര്യങ്ങള്‍ കൂടുതല്‍ സംസാരിക്കാനുണ്ടെന്നു പ്രലോഭിപ്പിച്ചാണ് എംബസിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. സംസാരത്തിനിടെ ആവശ്യങ്ങള്‍ നിരസിച്ച ഖശോകി തന്നെ കാത്ത് പുറത്ത് ഒരാള്‍ കാത്തിരിക്കുന്നുണ്ടെന്നും ഒരുമണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്തിയില്ലെങ്കില്‍ തുര്‍ക്കി അധികൃതരെ അറിയിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മറുപടി പറഞ്ഞുവെന്നും സഊദി ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സംഘത്തലവനായിരുന്ന മുത്രിബിനോട് ഡിപ്ലോമാറ്റിക് ലംഘനമാണ് നിങ്ങള്‍ നടത്തുന്നതെന്ന് പ്രതികരിച്ച ഖശോകി എന്നെ കിഡ്നാപ് ചെയ്യാനാണോ ശ്രമിക്കുന്നതെന്നും ചോദിച്ചു. മയക്കി കിഡ്നാപ്പ് ചെയ്യുമെന്ന് സംഘത്തലവന് പ്രതികരിച്ചപ്പോള്‍ ഒച്ചവെച്ചു പ്രതികരിച്ച ഖശോകിയെ ഒച്ചവെക്കുന്നതില് നിന്നും തടയാനായി മുഖം പൊത്തുകയും വായ മൂടിക്കെട്ടുകയും ചെയ്യുകയായിരുന്നു. ഒച്ചവെക്കുന്നതില് നിന്നും തടയാനായി സംഘത്തിന്റെ ചെയ്തിയില്‍ ശ്വാസം മുട്ടിയാണ് മരണപ്പെട്ടത്.
അദ്ദേഹത്തെ കൊല്ലുകയായിരുന്നില്ല സംഘത്തിന്റെ ലക്ഷ്യമെന്നും ഒച്ചവെയ്ക്കുന്നതില്‍ നിന്നും തടയുക മാത്രമായിരുന്നു ലക്ഷ്യമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടതിന് ശേഷം മൃതദേഹം രഹസ്യമായി സംസ്കരിക്കാനായി പ്രാദേശിക സംഘത്തിന് കൈമാറിയെന്നും പറയുന്നുണ്ട്. തന്റെ രണ്ടു മൊബൈലുകള്‍ നല്‍കുകയും സമയത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ പ്രസിഡന്റ് ഉര്‍ദുഗാനെ വിളിക്കാന്‍ നിര്‍ദേശം നല്‍കിയുമാണ് എംബസിക്കകത്ത് ഖശോകിപ്രവേശിച്ചതെന്നു കാമുകി ഹാറ്റിസ് സെന്‍ജിസും റോയിട്ടേഴ്സിനോട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."