ആമസോണ്‍ തീപിടിത്തം: ജി-7 വാഗ്ദാനം നിരസിച്ച് ബ്രസീല്‍
ബ്രസീലിയ: വിമാനങ്ങളുപയോഗിച്ച് ആമസോണ്‍ മഴക്കാടുകളിലെ തീ കെടുത്താന്‍ 220 ലക്ഷം ഡോളര്‍ നല്‍കാമെന്ന ജി-7 രാജ്യങ്ങളുടെ വാഗ്ദാനം ബ്രസീല്‍ നിരസിച്ചു. തീ നിയന്ത്രണവിധേയമാണെന്നു പറഞ്ഞാണ് ബ്രസീല്‍ സര്‍ക്കാര്‍ വാഗ്ദാനം തള്ളിയത്. സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ന്റെ 220 ലക്ഷത്തിനു പുറമെ ബ്രിട്ടന്‍ 120 ലക്ഷവും കാനഡ 110 ലക്ഷം ഡോളറും ഇതിലേക്ക് സംഭാവനയായി നല്‍കാമെന്നു പറഞ്ഞിരുന്നു. ബ്രസീലിന് ഈയാവശ്യത്തിന് സൈനികസഹായം നല്‍കാമെന്ന് ഫ്രാന്‍സും അറിയിച്ചു.
അതേസമയം ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ബ്രസീലിനെ ഒരു കോളനി പോലെയാണ് കാണുന്നതെന്നും വിദേശശക്തികള്‍ ആമസോണിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോ ആരോപിച്ചു.
അതിനിടെ ഈ തുക യൂറോപ്പില്‍ വനവല്‍ക്കരണം നടത്താന്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ബോല്‍സനാരോയുടെ ചീഫ് ഓഫ് സ്റ്റാഫ് ഒനിക്‌സ് ലോറന്‍സോനി പരിഹസിച്ചതായും റിപ്പോര്‍ട്ടുണ്ട്. ലോക പൈതൃകത്തിന്റെ ഭാഗമായ ഒരു പള്ളിയില്‍(നോത്രെ ദാം കത്തീഡ്രല്‍) തീപിടിത്തമുണ്ടാവുന്നത് തടയാനാവാത്ത മാക്രോണാണോ ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ജി-7ന്റെ സംഭാവനയെ ബ്രസീല്‍ പരിസ്ഥിതിവകുപ്പ് മന്ത്രി റിക്കാര്‍ഡോ സാലസ് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ബോല്‍സനാരോ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.
അതിനിടെ മാക്രോണ്‍ തന്നെ അപമാനിച്ച് പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുകയാണെങ്കില്‍ തുക സ്വീകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന് ബോല്‍സനാരോ സമ്മതിച്ചതായി റിപോര്‍ട്ടുണ്ട്.
ലോകത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനം ബ്രസീലിലാണെങ്കിലും ബാക്കി ഭാഗം ബൊളീവിയ, കൊളംബിയ, വെനസ്വേല, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, പെറു, സുരിനേം എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ്. അതിനാല്‍ ബ്രസീലിലുണ്ടായ തീപിടിത്തം ഇവരെയെല്ലാം ആകുലരാക്കുന്നു.
കഴിഞ്ഞ ജനുവരി മുതല്‍ ബ്രസീലിലെ വനത്തില്‍ 77,000 തീപിടിത്തങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്ര വലുത് അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. ബ്രസീല്‍ സൈന്യം വിമാനങ്ങളുപയോഗിച്ചു തീ കെടുത്തുകയാണ്. 1,113 അഗ്നിശമന വാഹനങ്ങള്‍ തീ കെടുത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."