പാലാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്: ഇടതു സ്ഥാനാര്‍ഥിയെ ഇന്നറിയാം, കേരള കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം, യു.ഡി.എഫില്‍ തര്‍ക്കം മുറുകി
കോട്ടയം: ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് പാലായും കടന്നു. ഇന്നു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാം. മുന്നണികള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണറിയുന്നത്. ഇന്ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുക. ഇടതു മുന്നണിയില്‍ എന്‍.സി.പിയാണ് പാലായില്‍ നേരത്തെ മത്സരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ മത്സരിച്ച സിനിമാ നിര്‍മാതാവുകൂടിയായ മാണി സി.കാപ്പന്‍ തന്നെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. 2016ല്‍ കെ.എം.മാണിയുടെ ഭൂരിപക്ഷം 5000ല്‍ താഴെ ഒതുക്കാനായതാണ് ഇദ്ദേഹത്തെ നിര്‍ത്തുന്നതിലൂടെ ഇടതുമുന്നണിക്ക് നല്‍കുന്ന പ്രതീക്ഷ. കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് മാണി സി.കാപ്പന് അനുകൂല ഘടകമാണ്. സിപിഎമ്മിനും മാണി സി കാപ്പനോട് താത്പര്യമുണ്ട്.അന്തിമതീരുമാനമെടുക്കാനായി എന്‍.സി.പിയും ഇന്ന് യോഗം ചേരുന്നുണ്ട്.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആദ്യമായി കളത്തിലിറങ്ങാനാണ് എല്‍.ഡി.എഫ് നീക്കം.
വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. എന്‍.സി.പി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ഥിയുടെ പേര് എല്‍.ഡി.എഫ് യോഗം അംഗീകരിക്കും. ഇതിന് ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുക.
അതേ സമയം യു.ഡി.എഫില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകിയിരിക്കുകയാണ്. ജോസ്.കെ മാണിയും പി.ജെ ജോസഫ് വിഭാഗവും രണ്ടു തട്ടുകളിലായാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ കോടതി ഉത്തരവ് വൈകുമെന്ന് ഉറപ്പായതോടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പി.ജെ ജോസഫ്. യു.ഡി.എഫ് വിലക്ക് ലംഘിച്ച് കോട്ടയത്ത് ജോസഫ് വിഭാഗം രഹസ്യ യോഗവും ചേര്‍ന്നു. അതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ പാലായില്‍ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതൃയോഗം ചേരുന്നുണ്ട്. എന്‍.ഡി.എക്കും പാലായില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാനാവുമെന്നും ശബരിമല പാലായിലും പ്രതിധ്വനിക്കുമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. പി.സി തോമസിന്റെയും പി.സി ജോര്‍ജിന്റെയും നേതൃത്വത്തിലാണ് ബി.ജെ.പി ഇവിടെ മത്സരം കൊഴുപ്പിക്കാനിറങ്ങുന്നത്. പി.സി തോമസ് തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും കെ.എം മാണിയില്ലാത്ത പാലായില്‍ മത്സരം കടുക്കുമെന്നുതന്നെയാണ് ഒടുവിലെത്തെ റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."