സര്‍ക്കാര്‍ നിലപാട് സംഘ്പരിവാറിന് കളമൊരുക്കി: കുഞ്ഞാലിക്കുട്ടി എം.പി
തിരുവനന്തപുരം : ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വിഷയം വര്‍ഗീയവല്‍കരിക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്കു കളമൊരുക്കിയെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും സര്‍ക്കാര്‍ വാശി പിടിച്ചതാണ് ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഷയം സര്‍ക്കാര്‍ സാവകാശം കൈകാര്യം ചെയ്യുകയായിരുന്നു വേണ്ടത്. വിധിക്കെതിരേ റിവ്യൂ ഹരജി നല്‍കണമായിരുന്നു. എല്ലാ പാര്‍ട്ടികളുടെയും സംയുക്ത യോഗം വിളിച്ചു ചര്‍ച്ച ചെയ്യണമായിരുന്നു എന്നും വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ നടത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. പ്രളയം പോലും സംസ്ഥാനത്ത് പ്രധാനമല്ലാതായി. നവകേരള നിര്‍മിതി എന്ന് ഇടക്കിടക്ക് പറയുകയും പണപ്പിരിവ് നടത്തുകയും ചെയ്യുന്നതല്ലാതെ സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സോളാറില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ വീണ്ടും കേസെടുക്കുന്നത് ബാലിശമാണ്. സര്‍ക്കാര്‍ വിഷയം രാഷ്ട്രീയ വല്‍ക്കരിക്കില്ലെന്നാണ് പ്രതീക്ഷ. കേസ് തുടര്‍ന്നാല്‍ യു.ഡി.എഫ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും നിയന്ത്രിക്കാന്‍ കഴിയാത്തത് കേന്ദ്ര സര്‍ക്കാരിന്റെ പോരായ്മയാണ്. പ്രവര്‍ത്തനങ്ങള്‍ക്കു പകരം പ്രധാനമന്ത്രിയുടെ പ്രസംഗം മതിയാകുമെന്നതാണ് ബി.ജെ.പിയുടെ നിലപാട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."