ശബരിമല പ്രശ്‌നത്തിനു കാരണം മുഖ്യമന്ത്രിയുടെ പക്വതയില്ലായ്മ: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റ പക്വതയില്ലായ്മയാണു ശബരിമല വിഷയത്തെ ഇത്രയും വഷളാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് ശബരിമലയെ കലാപഭൂമിയാക്കാനുള്ള കള്ളക്കളിയാണ് നടത്തുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ശബരിമലയെ വര്‍ഗീയവത്കരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിനു ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഇന്ധനം നല്‍കുന്നതു പിണറായി വിജയനാണ്. ബ്രൂവറിയിലും ശബരിമലയിലും മുഖം നഷ്ടപ്പോഴാണ് സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ പഴയ കേസുകള്‍ പൊടിതട്ടിയെടുത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള ഇത്തരം കള്ളക്കേസുകള്‍ യു.ഡി.എഫ് ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയുടെ കള്ളക്കളി ജനങ്ങള്‍ മനസിലാക്കിയെന്ന് മുസ്‌ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വിധിയെ പക്വതയോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷനായിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, സി.എം.പി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍, കേരള കോണ്‍ഗ്രസ് നേതാവ് അനൂപ് ജേക്കബ്, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവരാജന്‍, എം.എം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, വി.എസ് ശിവകുമാര്‍ എം.എല്‍.എ, ടി.ശരത്ചന്ദ്രപ്രസാദ്, ബീമാപ്പള്ളി റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."