പത്ത് വയസുകാരന് മര്‍ദനം: അമ്മക്കും സുഹൃത്തിനുമെതിരേ കേസ്
കാക്കനാട്: അമ്മയും ഡോക്ടറായ സുഹൃത്തും ചേര്‍ന്ന് പത്ത് വയസുകാരനെ ഉപദ്രവിച്ച സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം പൊലിസ് കേസെടുത്തു. കാക്കനാട് പടമുകള്‍ പാലച്ചുവടിലായിരുന്നു സംഭവം. ഉപദ്രവം സഹിക്കാതെ ഞായറാഴ്ച രാത്രി 9.30 ഓടെ പത്തു വയസുകാരന്‍ വീട്ടില്‍നിന്നും ഓടി അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു.
തന്നെ പിടിക്കാന്‍ ആരൊക്കെയോ പിറകെ വരുന്നതായും കുട്ടി വീട്ടുകാരോട് പറഞ്ഞു. കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ വീട്ടുകാര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും തൃക്കാക്കര പൊലിസിനേയും അറിയിക്കുകയായിരുന്നു.അവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചശേഷം കുട്ടിയെ രാത്രിയില്‍ അയല്‍ വീട്ടില്‍ തന്നെ താമസിപ്പിച്ചു. ഇന്നലെ രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയോട് വിശദമായി വിവരങ്ങള്‍ ചോദിക്കുകയായിരുന്നു.
അമ്മയും മൂന്നാനച്ഛനെന്ന് കുട്ടി പറഞ്ഞ അമ്മയുടെ സുഹൃത്തായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ആദര്‍ശും നിരന്തരം ഉപദ്രവിക്കുകയും മുറിയില്‍ പൂട്ടിയിടുന്നതായും കുട്ടി പറഞ്ഞു. മാസങ്ങളായി അമ്മയും രണ്ടു കുട്ടികളും ഡോക്ടറുടെ വീട്ടിലാണ് താമസിക്കുന്നത്.
ആദ്യ ഭര്‍ത്താവിന്റെ മകനാണ് ഈ കുട്ടി. ഡോക്ടര്‍ക്കൊപ്പം മറ്റാരും ഈ വീട്ടില്‍ താമസമില്ല. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഇന്നലെ രാവിലെ മുതല്‍ ഡോക്ടറുടെ വീടിനു മുന്‍പില്‍ തടിച്ചുകൂടി.
തുടര്‍ന്ന് തൃക്കാക്കര എസ്.ഐ.ഷബാബ്, വനിത എസ്.ഐ.റോസി എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് എത്തിയെങ്കിലും ഗെയ്റ്റ് അകത്തുനിന്നും പൂട്ടിയിട്ടിരുന്നതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് കുട്ടിയുടെ അമ്മക്കും ഡോക്ടര്‍ക്കുമെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം പൊലിസ് കേസെടുത്തു. കുട്ടിയെ തനിക്ക് വേണ്ടെന്ന് അമ്മ പറഞ്ഞതിനെ തുടര്‍ന്ന് പൊലിസ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."