ഖത്തറിനെതിരെ ശക്തമായ നീക്കങ്ങളുമായി സഊദി, യു.എ.ഇ ,ബഹ്‌റിന്‍, ഈജിപ്ത്
റിയാദ്: അറബ് ഐക്യ സഖ്യത്തിലെ അംഗരാജ്യമായ ഖത്തറിനെതിരെ സഊദിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഉപരോധം കൂടുതല്‍ ശക്തമാക്കിയതിനു പിന്നാലെ ശക്തമായ നീക്കങ്ങളുമായി സഊദിയടക്കമുള്ള അറബ് രാജ്യങ്ങള്‍. ഒരു ഭാഗത്ത് ശക്തമായ മധ്യസ്ഥ ശ്രമം നടക്കുന്നതിനിടയിലാണ് കൂടുതല്‍ ആശങ്ക സമ്മാനിച്ച് സഊദിയുടെ നേതൃത്വത്തിലുള്ള പുതിയ നടപടി. സഊദിയെ കൂടാതെ ബഹ്‌റിന്‍, യു എ ഇ ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഖത്തറുമായി ബന്ധപ്പെട്ട പുതി തീവ്രവാദ സഹായ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തീവ്രവാദ ത്തിന്റെ പേരില്‍ നേരത്തെ തന്നെ ആരോപണം നേരിടുന്ന സംഘടനക്ക് പുറമെ ഇതുവരെ എവിടെയും പരാമര്‍ശിക്കാത്ത വ്യക്തികളെയും സംഘടനകളെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് ആശങ്ക ഉയര്‍ത്തുന്നത്.
69 ആളുകളും ഖത്തറുമായി ബന്ധപ്പെട്ട 12 സംഘടനകളുമാണ് തീവ്രവാദ സഹായത്തിന് പണം നല്‍ക്കുന്നുവെന്ന കാരണം ഉയര്‍ത്തി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ഖത്തര്‍ രാജ കുടുംബാംഗങ്ങള്‍, യൂസുഫുല്‍ ഖറദാവി എന്നിവരും ലോകത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഖത്തര്‍ ചാരിറ്റിയടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തറിനു പുറമെ ബഹറൈനിലെ ഏതാനും സംഘടനകളും ലിസ്റ്റിലുണ്ട്.
വിവിധ രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതിലും സഖ്യ രാജ്യങ്ങളുമായി നിരന്തരം കരാറുകള്‍ ലംഘിക്കുന്നതിലും ഉള്‍പ്പെട്ടതാണ് വ്യക്തികളും സംഘടനകളുമെന്ന് നാലു രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദി അറേബ്യ, യു എ ഇ, ഈജിപ്ത്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ലോക രാജ്യങ്ങളുമായി തീവ്രവാദം ചെറുക്കുന്നതില്‍ സഹകരണം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ലിസ്റ്റിലെ സംഘടനകള്‍
1: ഖത്തര്‍ വളണ്ടിയര്‍ സെന്റര്‍
2 :ദോഹ ആപ്പിള്‍ കമ്പനി (ഇന്റര്‍നെറ്റ്, ടെക്‌നോളജി സപ്പോര്‍ട്ട് കമ്പനി
3: ഖത്തര്‍ ചാരിറ്റി
4: ശൈഖ് ഈദ് അല്‍ താനി ചാരിറ്റി ഫൗണ്ടേഷന്‍ (ഈദ്ചാരിറ്റി)
5: ശൈഖ് താനി ബിന്‍ അബ്ദുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ്
6 : സറയ ഡിഫന്റ് ബിന്‍ ഗസി, ലിബിയ
7: സറയ അല്‍ അഷ് തര്‍, ബഹ്‌റിന്‍
8: ഫെബ്രുവരി 14 സഖ്യം, ബഹ്‌റിന്‍
9: റസിസ്റ്റന്‍സ് ബ്രിഗേഡ്‌സ്, ബഹ്‌റിന്‍
10: ഹിസ്ബുള്ള ബഹ്‌റിന്‍
11: സറയ അല്‍ മുഖ്താര്‍ ബഹ്‌റിന്‍
എന്നിവയാണ് സഊദിയുടെ നേതൃത്വത്തില്‍ നാലു അറബ് രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പെട്ട സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."