ബജറ്റില്‍ പ്രഖ്യാപിച്ച 40 കോടി ആവിയാവുന്നു
വടക്കാഞ്ചേരി: ഒരു കാലത്ത് കേരളത്തിന്റെ ഇലക്ട്രോണിക് വിപ്ലവ മുന്നേറ്റത്തിന്റെ പതാക വാഹകരായിരുന്ന കെല്‍ട്രോണിനെ പുനരുദ്ധരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 40 കോടി രൂപ ആവിയാകുന്നു.
അത്താണിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനാകുമോ എന്ന ചോദ്യമുയരുമ്പോഴും തൃപ്തികരമായ മറുപടി നല്‍കാന്‍ ആര്‍ക്കും ആകുന്നില്ല. കാട്ടുപൊന്തകളാല്‍ ചുറ്റപ്പെട്ടു വവ്വാലുകളുടേയും ഇഴജന്തുക്കളുടേയും ആവാസ കേന്ദ്രമായി പ്രേതാലയം കണക്കെ കിടക്കുകയാണ് സ്ഥാപന കെട്ടിടങ്ങള്‍.
വീണ്ടും കെല്‍ട്രോണിന്റെ വ്യവസായ വിപ്ലവം തിരിച്ചു വരുമോ എന്ന് ഉറ്റു നോക്കിയിരുന്നവര്‍ കടുത്ത നിരാശയിലാണ്. വ്യവസായ ലോകത്തും നിരാശ പരക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി തോമാസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് കെല്‍ട്രോണ്‍ വികസനത്തിന് 40 കോടി നീക്കിവെച്ചത്. എട്ടു മാസം കഴിഞ്ഞിട്ടും പുനരുദ്ധാരണം എങ്ങിനെയാകണമെന്നതിനെ കുറിച്ച് ചര്‍ച്ച പോലും നടന്നിട്ടില്ല. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഒരു നിര തന്നെ നാടിനു സമ്മാനിച്ചിരുന്ന ഈ സ്ഥാപനം ഈ രംഗത്തെ മറ്റ് സ്ഥാപനങ്ങളുടെ കുതിച്ചു ചാട്ടത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ കിതച്ചു തളര്‍ന്നു വീണതാണ് ചരിത്രം. നിരവധി തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്ന സ്ഥാപനം പിന്നീട് ഓര്‍മ മാത്രമായി. അത്താണിയിലെ മുഖ്യ ഓഫിസിനു താഴ് വീണിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഏക്കര്‍ കണക്കിനു സ്ഥലവും കെട്ടിടങ്ങളും ഇന്നു കാട്പിടിച്ചു കിടപ്പാണ്. ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ പതനവും പൂര്‍ത്തിയായി. കാവലിനിപ്പോഴും സുരക്ഷാ ജീവനക്കാരനുണ്ട്. അതു കൊണ്ടു തന്നെ സാമൂഹ്യ വിരുദ്ധര്‍ കെട്ടിടത്തിനു ഉള്‍വശം താവളമാക്കുന്നില്ല. എന്നാല്‍ പുറത്തു കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന ആരോപണവും ശക്തമാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപന നവീകരണത്തിനു പദ്ധതി തയാറാക്കുകയും 25 കോടി രൂപ പ്രഖ്യാപിക്കുകയുമൊക്കെ ചെയ്‌തെങ്കിലും ഒന്നും എവിടെയുമെത്തിയില്ല ഇപ്പോള്‍ 40 കോടിയുടെ പ്രഖ്യാപനവും അങ്ങിനെയാകുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. മന്ത്രി എ.സി മൊയ്തീന്‍ വ്യവസായ വകുപ്പ് ഒഴിഞ്ഞതു കെല്‍ട്രോണിനു തിരിച്ചടിയായെന്ന വാദവും ഉയര്‍ന്നു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."