ജനപ്രതിനിധികള്‍ കനിഞ്ഞില്ല: അധ്യാപകര്‍ ലോണ്‍ എടുത്ത് നാലാമത്തെ വാഹനമിറക്കി
ചിറയിന്‍കീഴ്: ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൂന്ന് സ്‌കൂളുകളില്‍ ഒന്നായ ചിറയിന്‍കീഴിലെ പാലവിള ഗവ. യു.പി സ്‌കൂളിന്റെ വികസനത്തിന് നേരെ അധികാരികള്‍ കണ്ണടച്ച മട്ടിലാണ്. പ്രീപ്രൈമറി, ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി എന്നീ വിഭാഗങ്ങളിലായി 957 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
ഇവരുടെ യാത്രാ സൗകര്യത്തിനായി ഒരു സ്‌കൂള്‍ വാന്‍ വാങ്ങുന്നതിന് വേണ്ടി ജനപ്രതിനിധികളുടെ ഫണ്ടിനായി ശ്രമിക്കുമ്പോഴെല്ലാം ജനപ്രതിനിധികള്‍ കണ്ണടക്കുകയാണ് പതിവ്. തുടര്‍ന്ന് മൂന്ന് സ്‌കൂള്‍ ബസുകള്‍ ഇവിടത്തെ അധ്യാപകര്‍ ലോണ്‍ എടുത്ത് വാങ്ങിയിരുന്നു. വീണ്ടും വിദ്യാര്‍ഥികള്‍ വര്‍ധിച്ചപ്പോള്‍ നാലാമതൊരു വാഹനം വാങ്ങാനായി ജനപ്രതിനിധികളെ കണ്ടപ്പോള്‍ വീണ്ടു കൈമലര്‍ത്തി.
ഇവര്‍ക്ക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഹൈമാസ് ലൈറ്റുകള്‍ വെക്കുവാനുമാണ് താല്‍പര്യം. ജനപ്രതിനിധികള്‍ കനിയില്ല എന്ന് മനസിലായതോടെ നാലാമതും അധ്യാപകര്‍ തന്നെ 17 ലക്ഷം രൂപ ലോണ്‍ എടുത്ത് നാലാമത്ത് ബസും ഇറക്കി. ഇതിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം പഞ്ചായത്ത് പ്രസിഡന്റ് ഡി. ഡീന തിങ്കളാഴ്ച നിര്‍വഹിച്ചു. ചിറയിന്‍കീഴ് പഞ്ചായത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. സ്‌കൂളിന്റെ വികസനത്തിന് എം.പിയുടെ പ്രദേശിക വികസന ഫണ്ടിന് വേണ്ടി സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചപ്പോള്‍ നാല് ലക്ഷം രൂപ ചിലവാക്കി ഡോ. എ. സമ്പത്ത് എം.പി കുട്ടികള്‍ക്ക് കളിക്കാനായി ഒരു പാര്‍ക്ക് നിര്‍മിച്ച് നല്‍കി.
കുട്ടികള്‍ കൂടുന്തോറുമുള്ള ക്ലാസ് മുറികളുടെ കുറവ് എന്നും സ്‌കൂളിനെ അലട്ടിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും മൂന്ന് നില കെട്ടിടം നിര്‍മിക്കാനായി 1.75 കോടി അനുവദിച്ചിട്ടുണ്ട്. പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒരു ക്ലാസ് മുറിയും സ്‌കൂളിന് വേണ്ടി ഒരു ഓഡിറ്റോറിയവും നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.
ഡോ. ബി. രാമചന്ദ്രനാണ് ലൈബ്രറി ഉള്‍പ്പെടെയുള്ളവ നവീകരിച്ച് നല്‍കിയത്. സ്‌കൂള്‍ വികസനത്തിനായി നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും അകമഴിഞ്ഞ സഹായിക്കുമ്പോള്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് നേരെ മുഖം തിരിക്കുകയാണ് ജനപ്രതിനിധികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."