കുട്ടിമാക്കൂല്‍ സംഭവം ഷംസീറിനെതിരേയുള്ള കേസ് എഴുതിത്തള്ളി
തലശ്ശേരി: കുട്ടിമാക്കൂലിലെ ദലിത് കുടുംബത്തെ അപമാനിക്കുകയും യുവതി ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരേ ചുമത്തിയ കേസ് പൊലിസ് എഴുതിത്തള്ളി. എം.എല്‍.എ കുറ്റക്കാരനല്ലെന്നു കണ്ടാണ് കേസ് എഴുതി ത്തള്ളിയതെന്നാണു പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ദലിത്യുവതി അഞ്ജനക്കെതിരേയുള്ള ആത്മഹത്യാശ്രമ ക്കേസും എഴുതിത്തള്ളിയതായി പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ മാത്രമേ ഇനി പ്രതിസ്ഥാനത്തുള്ളൂ. അഞ്ജനയുടെ ആത്മഹത്യാശ്രമക്കേസ് എഴുതിത്തള്ളിയതോടെ ദിവ്യക്കെതിരേയുള്ള കേസും നിലനില്‍ക്കില്ല. ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ കുടുംബത്തെ അവഹേളിക്കുന്ന പ്രസ്താവന ഇരുവരും നടത്തിയതിനെ തുടര്‍ന്നാണ് അഞ്ജന അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.
അഞ്ജന നല്കിയ പരാതിയില്‍ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന് ഷംസീറിനും ദിവ്യക്കുമെതിരേ ഐ.പി.സി 309 പ്രകാരം പൊലിസ് കേസെടുത്തിരുന്നു.
ജാമ്യം ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. എന്നാല്‍ ഇരുവര്‍ക്കുമെതിരേ പട്ടികജാതി -പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനായി 2015ല്‍ പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം ജാമ്യമില്ലാ കേസെടുക്കണമെന്നു ചൂണ്ടിക്കാട്ടി അഞ്ജന പട്ടികജാതി കമ്മിഷന് മുന്‍പാകെ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."